International
പൈലറ്റിന്റെ സീറ്റിനടിയിൽ പത്തി വിടർത്തി മൂർഖൻ; മനസാന്നിധ്യം കൈവിടാതെ വിമാനം ലാൻഡ് ചെയ്ത് പൈലറ്റ്
അഞ്ച് വർഷത്തെ പൈലറ്റ് ജോലിയിൽ ഇതാദ്യമായാണ് ഇത്രയും ഭയാനകമായ സാഹചര്യത്തിലൂടെ ആ പൈലറ്റ് കടന്നുപോയത്.
ജോഹന്നാസ് ബർഗ് |വിമാനം ഓടിക്കൊണ്ടിരിക്കെയാണ് പൈലറ്റ് ആ കാഴ്ച കാണുന്നത്. തന്റെ സീറ്റിനടിയിൽ ഉഗ്രവിഷമുള്ള മുർഖൻ പത്തിവിടർത്തിനിൽക്കുന്നു. ഒരു നിമിഷം പകച്ചുപോയെങ്കിലും മനസാന്നിധ്യം കൈവിടാതെ അദ്ദേഹം ട്രാഫിക് കൺട്രോളിനെ ബന്ധപ്പെട്ടു. വിമാനം അടിയന്തരമായി ലാൻഡ് ചെയ്യാൻ അനുമതി തേടി. ഒടുവിൽ സുരക്ഷിത ലാൻഡിംഗ്. ജേഹന്നസ് ബർഗിലാണ് ആരെയും അമ്പരപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്. സൗത്ത് ആഫ്രിക്കക്കാരനായ പൈലറ്റ് റുഡോൾഫ് ഇറാസ്മസ് ആണ് വ്യോമയാന രംഗത്തുള്ളവരുടെ അഭിനന്ദനം ഏറ്റുവാങ്ങുന്നത്.
വോർകെസ്റ്റരിൽ നിന്ന് നെൽസ്പ്രിറ്റിലേക്ക് ചെറുവിമാനത്തിലാണ് സംഭവം. നാല് യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ വിമാനം പുറപ്പെടാൻ തുടങ്ങുമ്പോൾ തന്നെ ചിറകിന്റെ ഭാഗത്ത് മൂർഖൻ പാമ്പിനെ വിമാനത്താവളത്തിലെ സ്റ്റാഫ് കണ്ടിരുന്നു. തുടർന്ന് പാമ്പിനെ പിടികൂടാൻ അവർ ശ്രമിച്ചെങ്കിലും അത് എൻജിൻ ക്യാബിനിലേക്ക് മറിഞ്ഞു. അതിനുള്ളിലും പരിശോധന നടത്തിയപ്പോഴും പാമ്പിനെ കണ്ടെത്തിയില്ല. ഇതോടെ പാമ്പ് പോയെന്ന ആശ്വാസത്തിലായിരുന്നു വിമാനത്താവള ജീവനക്കാർ. പക്ഷേ പാമ്പ് കോക്പിറ്റിൽ കയറി ഒളിക്കുകയായിരുന്നു.
സാധാരണ വിമാനം പുറപ്പെടുമ്പോൾ കുടിക്കാനായി ഒരു കുപ്പി വെള്ളം കരുതാറുണ്ടെന്നും അത് തന്റെ കാൽഭാഗത്താണ് വെക്കാറെന്നും പൈലറ്റ് പറയുന്നു. ഈ വെള്ളക്കുപ്പി ഇളകുന്നത് ശ്രദ്ധയിൽപെട്ടപ്പോഴാണ് പരിശോധന നടത്തിയത്. അപ്പോൾ കണ്ടത് പത്തി വിടർത്തി നിൽക്കുന്ന മൂർഖനെയാണ്. വിവരം യാത്രക്കാരെ അറിയിക്കണോ വേണ്ടയോ എന്നായി അദ്ദേഹത്തിന്റെ ആദ്യ ചിന്ത. എന്നാൽ ഒരു ഘട്ടത്തിൽ വിവരം യാത്രക്കാർ അറിയുമല്ലോ എന്നതിനാൽ അദ്ദേഹം അവർക്ക് മുന്നറിയിപ്പ് നൽകി. വിമാനം അടിയന്തര ലാൻഡിംഗ് നടത്തുകയാണെന്നും അറിയിച്ചു.
വിമാനം വൈകാതെ തന്നെ വെൽകോം എയർപോർട്ടിൽ ലാൻഡ് ചെയ്തു. തുടർന്ന് യാത്രക്കാർ പുറത്തിറങ്ങിയശേഷം വിമാനം അധികൃതർ പരിശോധിക്കാൻ തുടങ്ങിയപ്പോൾ പാമ്പ് വീണ്ടും എൻജിൻ കമ്പാർട്ട്മെന്റിലേക്ക് ഉൾവലിഞ്ഞു. കമ്പാർട്ട്മെന്റ് തുറന്ന് പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായിട്ടില്ല. പാമ്പ് വിമാനത്തിൽ നിന്ന് പുറത്തേക്ക് പോയിക്കാണുമെന്ന നിഗമനത്തിലാണ് അധികൃതർ.
അഞ്ച് വർഷത്തെ പൈലറ്റ് ജോലിയിൽ ഇതാദ്യമായാണ് ഇത്രയും ഭയാനകമായ സാഹചര്യത്തിലൂടെ റുഡോൾഫ് കടന്നുപോയത്.