Health
മുപ്പത് ദിവസം പഞ്ചസാരയോട് നോ പറഞ്ഞു നോക്കൂ; അത്ഭുതങ്ങള്‍ കാണാം
പഞ്ചസാര ഒഴിവാക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ കഴിയും.
പഞ്ചസാര ചായയിലും പലഹാരങ്ങളിലും പായസത്തിലും ഒക്കെയായി നമ്മുടെ ജീവിതത്തില്‍ ഉപേക്ഷിക്കാന്‍ പറ്റാത്ത ഒരു ഘടകമായി മാറി കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ വെളുത്ത വിഷം എന്നാണ് ഇതിനെ വിളിക്കുന്നതെന്ന് കാര്യവും നിങ്ങള്‍ക്കറിയാം. എന്നിട്ടും നിങ്ങള്‍ക്ക് ഭക്ഷണത്തില്‍ നിന്ന് പഞ്ചസാര ഒഴിവാക്കാന്‍ കഴിയാത്തത് അതിനോടുള്ള ഒരുതരം ആസക്തി കൊണ്ടാണ് എന്നതാണ് സത്യം. എന്നാല്‍ 30 ദിവസം പഞ്ചസാര നമ്മുടെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കിയാല്‍ എന്തൊക്കെ മാജിക്കാണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം.
പഞ്ചസാര വാര്‍ധക്യത്തെ വേഗത്തിലാക്കുകയും വിഷാദം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ഹൃദ്രോഗ സാധ്യത, ടൈപ്പ്-2 പ്രമേഹം, പല്ലിലെ പ്രശ്‌നങ്ങള്‍, ഉയര്‍ന്ന കൊളസ്‌ട്രോള്‍, പൊണ്ണത്തടി, തുടങ്ങി നിരവധി രോഗങ്ങള്‍ക്ക് കാരണമാകും. പഞ്ചസാര കൂടുതലായി ഉപയോഗിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നീ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
പഞ്ചസാര ഒഴിവാക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ കഴിയും. ദന്തക്ഷയ സാധ്യത കുറയ്ക്കും. പല്ലുകളുടെയും മോണകളുടെയും ആരോഗ്യം മെച്ചപ്പെടും. പഞ്ചസാര ഒഴിവാക്കിയാല്‍ ചര്‍മത്തിന്റെ ആരോഗ്യവും മെച്ചപ്പെടും. പഞ്ചസാര കുറയ്ക്കുന്നത് ശരീരഭാരം കൂടുന്നത് തടയാനും അമിതവണ്ണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കാനും ഉപകരിക്കും. ഉയര്‍ന്ന പഞ്ചസാരയുടെ ഉപഭോഗം ഇന്‍സുലിന്‍ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം എന്നിവയുടെ അപകടസാധ്യത കൂട്ടും. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുന്നതിനും ഇടയാക്കും. പഞ്ചസാര ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഇന്‍സുലിന്‍ പ്രതിരോധത്തിനുള്ള സാധ്യത കുറയ്ക്കാനും ഗുണം ചെയ്യും.
30 ദിവസത്തേക്ക് നിങ്ങള്‍ ഭക്ഷണത്തില്‍ നിന്ന് പഞ്ചസാര ഒഴിവാക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തിന് അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിച്ചേക്കാം. അതിലൊന്ന് കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു എന്നതാണ്. നിങ്ങളുടെ ശരീരത്തിലെ ഊര്‍ജ്ജം വര്‍ധിപ്പിക്കാനും മെച്ചപ്പെട്ട ഉദര ആരോഗ്യത്തിനും ഇത് സഹായിക്കുന്നു. മുഖത്തെ കൊഴുപ്പും ശരീരത്തിലെ ആകെയുള്ള കൊഴുപ്പും കുറയ്ക്കാന്‍ പഞ്ചസാര ഒഴിവാക്കുന്നത് സഹായിക്കും.