Connect with us

National

എസ്ബിഐയുടെ ഹരജി തള്ളി; ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ നാളെ കൈമാറണം

ആരുടെ ബോണ്ട് എത് രാഷ്ട്രീയ പാര്‍ട്ടിക്ക് ലഭിച്ചു എന്ന വിവരം ഉടന്‍ പുറത്തുവരില്ല.

Published

|

Last Updated

ന്യൂഡല്‍ഹി| ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട കേസില്‍ എസ് ബിഐക്ക് തിരിച്ചടി. ഇലക്ടറല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ജൂണ്‍ 30 വരെ സമയം നീട്ടി ചോദിച്ചുള്ള എസ്.ബി.ഐയുടെ ഹരജി സുപ്രീംകോടതി തള്ളി. വിവരങ്ങള്‍ നാളെ കൈമാറണമെന്ന് കോടതി ഉത്തരവിട്ടു. ബോണ്ട് വാങ്ങിയവരുടെയും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ ബോണ്ടുകളുടെയും വിവരങ്ങള്‍ എസ്ബിഐയുടെ കൈവശമുണ്ട്. വാങ്ങിയ ബോണ്ടുകളുടെ വിശദാംശങ്ങള്‍ ലഭ്യമാണെന്നും പിന്നെന്തിന് വൈകിപ്പിക്കുന്നുവെന്നും സുപ്രീംകോടതി എസ്ബിഐയോട് ചോദിച്ചു.

2019 ഏപ്രില്‍ 12ന് ശേഷമുള്ള ഇലക്ടറല്‍ ബോണ്ടുകളെ സംബന്ധിക്കുന്ന വിവരങ്ങള്‍ എസ്.ബി.ഐ തെരഞ്ഞെടുപ്പ് കമീഷന് നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. മാര്‍ച്ച് ആറിന് ഇലക്ടറല്‍ ബോണ്ട് സംബന്ധിക്കുന്ന മുഴുവന്‍ വിവരങ്ങളും നല്‍കണമെന്നായിരുന്നു എസ്.ബി.ഐക്ക് ലഭിച്ച നിര്‍ദേശം. സുപ്രീംകോടതി നല്‍കിയ സമയപരിധി അവസാനിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എസ്ബിഐക്കെതിരെ ഹരജി നല്‍കുകയായിരുന്നു. കോടതിയുടെ നിര്‍ദേശം എസ്.ബി.ഐ അനുസരിച്ചില്ലെന്നാണ് ഹരജിയില്‍ പറയുന്നത്. സമയം ദീര്‍ഘിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച് മാര്‍ച്ച് നാലിന് എസ്.ബി.ഐ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

വാദത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ മുദ്രവച്ച കവര്‍ കോടതി തുറന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് വരെ നല്‍കിയ വിവരങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കണമെന്നും കോടതിയില്‍ നല്കിയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും കോടതി വ്യക്തമാക്കി. നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. അതേസമയം, ആരുടെ ബോണ്ട് എത് രാഷ്ട്രീയ പാര്‍ട്ടിക്ക് ലഭിച്ചു എന്ന വിവരം ഉടന്‍ പുറത്തുവരില്ല.

വാദത്തിനിടെ സുപ്രീംകോടതി എസ്ബിഐയെ രൂക്ഷമായി വിമര്‍ശിച്ചു. കേസില്‍ സുപ്രീംകോടതി വിധി വന്നിട്ട് 26 ദിവസം കഴിഞ്ഞു. 26 ദിവസം നിങ്ങള്‍ എന്തുചെയ്യുകയായിരുന്നുവെന്ന് കോടതി ചോദിച്ചു. സാങ്കേതികത്വം പറയുകയല്ല, ഉത്തരവ് അനുസരിക്കുകയാണ് വേണ്ടതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എസ്ബിഐയില്‍ നിന്ന് ആത്മാര്‍ത്ഥത പ്രതീക്ഷിക്കുന്നുവെന്നും കോടതി പറഞ്ഞു. ഇലക്ടറല്‍ ബോണ്ടുകള്‍ നല്‍കുന്നത് നിര്‍ത്തിവച്ചുവെന്നും പൂര്‍ണ്ണവിവരം നല്‍കുന്നതിന് സമയം വേണമെന്നായിരുന്നു എസ്ബിഐ കോടതിയെ അറിയിച്ചത്.