Connect with us

National

ഗര്‍ഭിണികള്‍ക്ക് നിയമന വിലക്ക് ഏര്‍പ്പെടുത്തിയ വിവാദ സര്‍ക്കുലര്‍ എസ്ബിഐ പിന്‍വലിച്ചു

പൊതുജനവികാരം കണക്കിലെടുത്ത്, ഗര്‍ഭിണികളുടെ റിക്രൂട്ട്മെന്റ് സംബന്ധിച്ച പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ ഉപേക്ഷിക്കാനും വിഷയത്തില്‍ നിലവിലുള്ള നിര്‍ദ്ദേശങ്ങള്‍ തുടരാനും തീരുമാനിച്ചതായി എസ്ബിഐ പ്രസ്താവനയില്‍ അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി |  മൂന്ന് മാസത്തിന് മുകളില്‍ ഗര്‍ഭിണികളായ സ്ത്രീകളെ ജോലി ചെയ്യുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയ വിവാദ സര്‍ക്കുലര്‍ എസ്ബിഐ പിന്‍വലിച്ചു. പൊതുജനവികാരം കണക്കിലെടുത്ത്, ഗര്‍ഭിണികളുടെ റിക്രൂട്ട്മെന്റ് സംബന്ധിച്ച പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ ഉപേക്ഷിക്കാനും വിഷയത്തില്‍ നിലവിലുള്ള നിര്‍ദ്ദേശങ്ങള്‍ തുടരാനും തീരുമാനിച്ചതായി എസ്ബിഐ പ്രസ്താവനയില്‍ അറിയിച്ചു.

ഡല്‍ഹി വനിതാ കമ്മീഷന്‍ വിഷയത്തില്‍ ഇടപെടുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തതിന് പിറകെയാണ് ബേങ്ക് നടപടി. 3 മാസത്തില്‍ കൂടുതല്‍ ഗര്‍ഭിണി ആണെങ്കില്‍, ഉദ്യോഗാര്‍ഥിയെ താല്‍ക്കാലികമായി അയോഗ്യയായി കണക്കാക്കുമെന്നും കുഞ്ഞ് ജനിച്ച് 4 മാസത്തിനുള്ളില്‍ ജോലിയില്‍ ചേരാന്‍ അനുവദിക്കാമെന്നും എസ്ബിഐ സര്‍ക്കുലറില്‍ പറയുന്നു.

എസ്ബിഐയുടെ മുന്‍ നിയമങ്ങള്‍ അനുസരിച്ച്, ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഗര്‍ഭാവസ്ഥയുടെ ആറുമാസം വരെ ബേങ്കില്‍ നിയമനത്തിന് അര്‍ഹതയുണ്ട്. സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റിന്റെ സാക്ഷ്യപത്രം വേണമെന്ന് മാത്രം. പുതിയ സര്‍ക്കുലറിലെ പ്രസ്തുത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്ത്രീകളോട് വിവേചനരഹിതമാണെന്ന് ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്ന് ഡല്‍ഹി വനിതാ കമ്മിഷന്‍ ബേങ്കിനോട് ആവശ്യപ്പെട്ടിരുന്നു