Connect with us

മണ്ഡല പര്യടനം

പൊള്ളിപ്പിടയും ചൂടിനൊപ്പം തിളച്ച് രാഷ്ട്രീയവും

ഒരു കാലത്ത് ഇടത് കോട്ടയായിരുന്ന പാലക്കാട് 2019ല്‍ യു ഡി എഫ് പിടിച്ചെടുത്തു. അത് നിലനിര്‍ത്താനുള്ള യുദ്ധം അവര്‍ നടത്തുമ്പോള്‍ കോട്ട തിരിച്ചുപിടിക്കാനുള്ള ചൂടേറിയ പോരാട്ടത്തിലാണ് എല്‍ ഡി എഫ്.

Published

|

Last Updated

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുകയാണ് വേനല്‍ച്ചൂട്. സംസ്ഥാനത്ത് തന്നെ കൂടുതല്‍ ചൂട് എക്കാലവും പാലക്കാടാണ്. തൃശൂര്‍ മുന്നിലെത്തിയെങ്കിലും കനത്ത ചൂട് ഇക്കുറിയും ജില്ലയിലുണ്ട്. ഇതിന് സമാനമാണ് പാലക്കാട് പാര്‍ലിമെന്റ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചൂടും. ഒരു കാലത്ത് ഇടത് കോട്ടയായിരുന്ന പാലക്കാട് 2019ല്‍ യു ഡി എഫ് പിടിച്ചെടുത്തു. അത് നിലനിര്‍ത്താനുള്ള യുദ്ധം അവര്‍ നടത്തുമ്പോള്‍ കോട്ട തിരിച്ചുപിടിക്കാനുള്ള ചൂടേറിയ പോരാട്ടത്തിലാണ് എല്‍ ഡി എഫ്. ഇക്കാരണത്താല്‍ നെല്ലറയിലെ രാഷ്ട്രീയവും കൊടുംചൂടിനൊപ്പം തിളച്ചുമറിയുക
യാണ്.

കൃഷി പ്രധാനം
കേരളപ്പിറവിക്കു ശേഷമുള്ള പൊതുതിരഞ്ഞെടുപ്പ് മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക്് വലിയ സ്വാധീനമുള്ള മണ്ഡലമാണ് പാലക്കാട്. 1996 മുതല്‍ 2014 വരെ തുടര്‍ച്ചയായി ഇടത് സ്ഥാനാര്‍ഥികള്‍ ജയിച്ചു. 2009ലാണ് പാലക്കാട് മണ്ഡലം പുനഃസംഘടിപ്പിച്ചത്. അന്ന് അതിര്‍ത്തിയില്‍ മാറ്റം വന്നു. ആലത്തൂരും ചിറ്റൂരും പഴയ കൊല്ലങ്കോടുമെല്ലാം പാലക്കാട്ട് നിന്ന് മാറി. പകരം ഷൊര്‍ണൂരും ഒറ്റപ്പാലവും പട്ടാമ്പിയും വന്നു. 12.5 ശതമാനം എസ് സി, 2.1 ശതമാനം എസ് ടി, 29.6 ശതമാനം മുസ്ലിം, 3.6 ശതമാനം ക്രിസ്ത്യന്‍, 66.8 ശതമാനം ഹിന്ദു എന്നിങ്ങനെയാണ് വോട്ടര്‍മാരുടെ കണക്ക്.

ദേശീയ രാഷ്ട്രീയത്തിനൊപ്പം നെല്ലറയായ പാലക്കാട് കാര്‍ഷിക മേഖലയിലെ പ്രശ്‌നവും പറമ്പിക്കുളം, ആളിയാര്‍ കരാര്‍ തുടങ്ങിയ പ്രാദേശിക വിഷയങ്ങളും പ്രചാരണായുധമാകുന്നുണ്ട്്. ദേശീയ രാഷ്ട്രീയത്തിലെ സവിശേഷ സാഹചര്യവും കേന്ദ്ര സര്‍ക്കാറിന്റെ ബി ജെ പിയിതര സര്‍ക്കാറുകളോടുള്ള മനോഭാവവും സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ ഫണ്ട് രാഷ്ട്രീയത്തിന്റെ പേരില്‍ നിരസിക്കുന്നതും ചൂണ്ടിക്കാണിച്ചാണ് എല്‍ ഡി എഫ് പ്രചാരണ രംഗത്തുള്ളത്.

നിലവില്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ദേശീയ തലത്തില്‍ തങ്ങളുടെ ഭരണം വീണ്ടും വരണമെന്നും പഴയ ഇന്ത്യയെ തിരിച്ചു പിടിക്കുമെന്നും കോണ്‍ഗ്രസ്സ് പറയുന്നു. സംസ്ഥാന സര്‍ക്കാറിനെതിരെയുള്ള ആരോപണങ്ങളും ആയുധമാക്കുന്നുണ്ട്. ദേശീയ തലത്തില്‍ ഒരു മുന്നണിയുടെ ഭാഗമായ ഇരു പാര്‍ട്ടികളും കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നാണ് ബി ജെ പിയുടെ വാദം. നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളിലൂടെ വീണ്ടും അധികാരത്തിലെത്തുമെന്നും ഇത് മണ്ഡലത്തിന് ഗുണപ്രദമാകുമെന്നുമാണ് ബി ജെ പിയുടെ വാദം.

ട്വിസ്റ്റ്
2009ലെ മണ്ഡലം പുനഃസംഘടന അത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ക്ഷീണമുണ്ടാക്കി. കോണ്‍ഗ്രസ്സിന്റെ സതീശന്‍ പാച്ചേനിക്കെതിരെ 1,820 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മാത്രമാണ് എം ബി രാജേഷ് തന്റെ കന്നിയങ്കത്തില്‍ കോട്ടയില്‍ നിന്ന് ജയിച്ചുകയറിയത്. 2014ല്‍ രാജേഷ് ആ ക്ഷീണം തീര്‍ത്തു. മുന്നണി മാറി യു ഡി എഫിലെത്തിയ എം പി വീരേന്ദ്രകുമാറിനെ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് രാജേഷ് മറികടന്നത്. എന്നാല്‍, 2019ല്‍ അപ്രതീക്ഷിതമായി കഥ മാറി. വി കെ ശ്രീകണ്ഠനിലൂടെ മണ്ഡലം 11,637 വോട്ട് ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ്സ് തിരിച്ചുപിടിച്ചു.

2014ല്‍ ഏഴില്‍ ആറ് നിയമസഭാ മണ്ഡലങ്ങളിലും ഇടതുപക്ഷമായിരുന്നു. 2019 ആയപ്പോഴേക്കും അഞ്ചിടത്ത് എല്‍ ഡി എഫും രണ്ടിടത്ത് യു ഡി എഫുമായി. 2021ലെ തിരഞ്ഞെടുപ്പിലും നിയമസഭാ മണ്ഡലങ്ങള്‍ അതേ രാഷ്ട്രീയ മുന്നണികളുടെ കൈയില്‍ തന്നെ. എല്‍ ഡി എഫ് മണ്ഡലങ്ങളായ പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ എന്നിവിടങ്ങളെല്ലാം 2019ല്‍ യു ഡി എഫിന് ഒപ്പം നിന്നിരുന്നു. മണ്ണാര്‍ക്കാട് കഴിഞ്ഞാല്‍, എല്‍ ഡി എഫിന്റെ മുഹമ്മദ് മുഹ്സിനെ രണ്ട് തവണ നിയമസഭയിലെത്തിച്ച പട്ടാമ്പിയാണ് വി കെ ശ്രീകണ്ഠന് ഏറ്റവുമധികം വോട്ട് കുത്തിയ രണ്ടാമത്തെ നിയമസഭാ മണ്ഡലം.

പാലക്കാട് പ്രധാനം
പാലക്കാട്ടെ സിറ്റിംഗ് എം എല്‍ എ ഷാഫി പറമ്പില്‍ ഇത്തവണ വടകര സ്ഥാനാര്‍ഥി ആയതോടെ ഇവിടുത്തെ വോട്ടിംഗ് നിലയും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്. പാലക്കാട്ടെ മൂന്നാമത്തെ പ്രധാന കക്ഷി ബി ജെ പിയാണ്. ബി ജെ പിയുടെ ദേശീയ നേതൃത്വത്തിന്റെ ശക്തമായ ഇടപെടല്‍ നടക്കുന്ന മണ്ഡലവുമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 2,18,556 വോട്ടുകളാണ് ബി ജെ പിക്ക് ലഭിച്ചത്. ആകെ വോട്ടിന്റെ 21.26 ശതമാനം.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം ബി ജെ പിയുടെ വോട്ടുവിഹിതത്തില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. ദേശീയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഇത്തവണ അനുകൂലമായാല്‍ വിജയം കണ്ടില്ലെങ്കിലും വോട്ട് വിഹിതം ഉയര്‍ത്താന്‍ ബി ജെ പിക്ക് സാധിച്ചേക്കും. പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിലാണ് ബി ജെ പിക്ക് സ്വാധീനം. സംസ്ഥാനത്ത് പാര്‍ട്ടി ഭരണം കൈയാളുന്ന രണ്ട് നഗരസഭകളില്‍ ഒന്ന് പാലക്കാടാണെന്നതും ശ്രദ്ധിക്കേണ്ടതാണ്.

യു ഡി എഫിന്റെ വിജയം നിലനിര്‍ത്താന്‍ വി കെ ശ്രീകണ്ഠന്‍ ഇറങ്ങുമ്പോള്‍ പോളിറ്റ് ബ്യൂറോ അംഗവും മണ്ഡലത്തിന് ചിരപരിചിതനുമായ എ വിജയരാഘവനെയാണ് സി പി എം രംഗത്തിറക്കിയത്. കഴിഞ്ഞ തവണ മത്സരിച്ച ബി ജെ പി സംസ്ഥാന ജന. സെക്രട്ടറി സി കൃഷ്ണകുമാറാണ് എന്‍ ഡി എ സ്ഥാനാര്‍ഥി.

 

Latest