Connect with us

From the print

പ്രവാചക വൈദ്യമെന്ന പേരില്‍ തട്ടിപ്പ്: യു ജി സിക്ക് പകരം സി യു ജി, പണം നല്‍കുന്നവര്‍ക്കെല്ലാം പി എച്ച് ഡി

ജാമിഅത്തു തിബ്ബുന്നബവി ട്രസ്റ്റിന് കീഴില്‍ വ്യാജ കോഴ്സുകള്‍ നടത്തിയത് യൂനിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്( യു ജി സി ) പകരമായി കോണ്‍സ്റ്റിറ്റിയൂഷനല്‍ യൂനിവേഴ്സിറ്റി ( സി യു ജി) എന്ന പേരില്‍ വിദ്യാഭ്യാസ സംവിധാനം രൂപവത്കരിച്ച്.

Published

|

Last Updated

കോഴിക്കോട് പ്രവാചക വൈദ്യമെന്ന പേരില്‍ നിരവധി പണ്ഡിതരില്‍ നിന്നും മദ്റസാധ്യാപകരില്‍ നിന്നും കോടികള്‍ തട്ടിയ ജാമിഅത്തു തിബ്ബുന്നബവി ട്രസ്റ്റിന് കീഴില്‍ വ്യാജ കോഴ്സുകള്‍ നടത്തിയത് യൂനിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്( യു ജി സി ) പകരമായി കോണ്‍സ്റ്റിറ്റിയൂഷനല്‍ യൂനിവേഴ്സിറ്റി ( സി യു ജി) എന്ന പേരില്‍ വിദ്യാഭ്യാസ സംവിധാനം രൂപവത്കരിച്ച്. ഇതിന് കീഴില്‍ നടത്തിയ കോഴ്സുകള്‍ മൂല്യം ഇല്ലാത്തതും സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമായി നിര്‍മിച്ചുണ്ടാക്കിയതുമാണ്. അടിസ്ഥാന ഭൗതിക വിദ്യാഭ്യാസമില്ലാത്തവര്‍ക്ക് പോലും ഡിപ്ലോമ മുതല്‍ പി എച്ച് ഡി വരെയുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വിവിധ കോഴ്സുകള്‍ക്കായി 40,000 മുതല്‍ 1,50,000 രൂപ വരെയായിരുന്നു നല്‍കിയിരുന്നത്. പുതുതായി സ്ഥാപിക്കുന്ന ഓപണ്‍ സര്‍വകലാശാലയില്‍ സെനറ്റ് അംഗത്വം കിട്ടാന്‍ പി എച്ച് ഡി ആവശ്യമാണെന്ന് വിശ്വസിപ്പിച്ചും പലരെക്കൊണ്ടും പി എച്ച് ഡിക്കെന്ന പേരില്‍ കോഴ്സിന് പണം വാങ്ങി.

ട്രസ്റ്റിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ മറ്റ് കോഴ്സുകളില്‍ പഠിച്ചവരില്‍ നിന്നാണ് വ്യാജ പി എച്ച് ഡിക്കും മറ്റുമായി പണം വാങ്ങിയത്.

ഇത്തരത്തില്‍ വ്യാജ പി എച്ച് ഡി ലഭിച്ച നിരവധി പേര്‍ യാഥാര്‍ഥ്യമെന്ന് തെറ്റിദ്ധരിച്ച് പേരിന് മുമ്പില്‍ ഡോക്ടര്‍ വെച്ച് നടക്കുകയാണ്. പണം നല്‍കുന്നവര്‍ക്ക് നിര്‍ലോഭം പി എച്ച് ഡി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. പി എച്ച് ഡിയുടെ ഗൈഡന്‍സ് ക്ലാസ്സുകള്‍ക്ക് ഓരോന്നിനും 5,000 രൂപ വരെ ഈടാക്കി. കുന്ദമംഗലത്തും മറ്റുമായിരുന്നു ഇത്തരത്തില്‍ മുഹമ്മദ് ശാഫി അബ്ദുല്ല ക്ലാസ്സ് നടത്തിയത്.

പി എച്ച് ഡി ഉള്‍പ്പെടെ എല്ലാ കോഴ്സുകള്‍ക്കും നിയമ സാധുതയുണ്ടെന്ന് വരുത്താന്‍ സുപ്രീം കോടതിയുടെ വ്യാജ ഉത്തരവുകള്‍ കാണിച്ചുവെന്നാണ് തട്ടിപ്പിനിരയായവര്‍ പരാതിയില്‍ പറയുന്നത്.

പ്രവാചക വൈദ്യത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍, ഡിപ്ലോമ, ഡിഗ്രി, മാസ്റ്റര്‍ ഡിഗ്രി, എം ഡി, പി എച്ച് ഡി തുടങ്ങി നിരവധി കോഴ്സുകളാണ് പ്രതിചേര്‍ക്കപ്പെട്ട മുഹമ്മദ് ശാഫി അബ്ദുല്ല വാഗ്ദാനം ചെയ്തത്.

പ്രാക്ടീസ് ചെയ്യാനും മറ്റും സുപ്രീം കോടതി ഉത്തരവുണ്ടെന്ന് തെറ്റിദ്ധരിച്ചാണ് പലരും കോഴ്സുകള്‍ക്കായി പണം നല്‍കിയത്. ജാമിഅത്തു ത്വിബുന്നബവി ട്രസ്റ്റിന് കീഴില്‍ രൂപവത്കരിച്ച ദി ട്രഡീഷനല്‍ പ്രോഫറ്റിക് മെഡിസിന്‍ പ്രാക്ടീഷനേഴ്സ് അസ്സോസിയേഷന്‍ ട്രസ്റ്റിന്റെ മറവില്‍ പല വിധത്തിലുള്ള തട്ടിപ്പുകളാണ് നടന്നത്.

പണ്ഡിതര്‍ക്ക് പുറമെ നിരവധി യുവതീ, യുവാക്കളും തട്ടിപ്പിനിരയായി. കുന്ദമംഗലം പോലീസില്‍ നല്‍കിയ കേസില്‍ 12 പ്രതികളാണുള്ളത്. ഇതില്‍ മുഹമ്മദ് ശാഫി അബ്ദുല്ലയാണ് എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നതെന്ന് തട്ടിപ്പിനിരയായവര്‍ പറഞ്ഞു. എന്നാല്‍ ഇദ്ദേഹം നേരിട്ട് പണം വാങ്ങിയിരുന്നില്ല. ജാമിഅത്തു തിബ്ബുന്നബവി ട്രസ്റ്റ് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെടാറായിരുന്നു പതിവ്. ഇത്തരത്തില്‍ സ്വന്തം കുടുംബാംഗങ്ങള്‍ മാത്രമുള്ള ട്രസ്റ്റിലേക്കായിരുന്നു പണം ലഭിച്ചു കൊണ്ടിരുന്നത്.

 

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest