Kerala
തൃശൂരില്‍ ധനകാര്യ സ്ഥാപനങ്ങളുടെ മറവില്‍ തട്ടിപ്പുകള്‍ വ്യാപകം; അന്വേഷണം തൃപ്തികരമല്ലെന്ന് നിക്ഷേപകര്‍
ഒരുമാസത്തിനിടെ മൂന്ന് ധനകാര്യ സ്ഥാപനങ്ങളാണ് തകര്‍ന്നത്.
തൃശൂര്‍ | തൃശൂരില്‍ ധനകാര്യ സ്ഥാപനങ്ങളുടെ മറവില്‍ നടക്കുന്നത് വ്യാപക തട്ടിപ്പുകള്‍. ഒരുമാസത്തിനിടെ മൂന്ന് ധനകാര്യ സ്ഥാപനങ്ങളാണ് തകര്‍ന്നത്. ധനവ്യവസായ ബേങ്കേഴ്സ്, പൂരം ഫിന്‍സെര്‍വ് തുടങ്ങിയവക്കെതിരെയാണ് പരാതികള്‍. 80 പേരാണ് ചെട്ടിയങ്ങാടി ധന വ്യവസായ ബേങ്കേഴ്‌സ് ഉടമ ജോയ് ഡി പാണഞ്ചേരിക്കെതിരെ പരാതി നല്‍കിയിട്ടുള്ളത്. കോടികള്‍ നിക്ഷേപം നടത്തിയിട്ടും കബളിപ്പിക്കുകയാണെന്നാണ് പരാതി.
200 കോടിയുമായാണ് ഉടമകളായ കുടുംബം മുങ്ങിയതെന്ന് നിക്ഷേപകര്‍ പറയുന്നു. പരാതി നല്‍കിയിട്ടും അന്വേഷണം തൃപ്തികരമല്ലെന്നാണ് ആരോപണം.
തൃശൂരിലെ സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പു കേസില്‍ ഉടമ പ്രവീണ്‍ റാണ അറസ്റ്റിലായതിനു പിന്നാലെയാണ് കൂടുതല്‍ തട്ടിപ്പുകളുടെ വിവരങ്ങള്‍ പുറത്തുവരുന്നത്.
ധനവ്യവസായ ബേങ്കേഴ്‌സ് 100 കോടിയിലേറെ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനാല്‍ കേസന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. സ്ഥാപനത്തില്‍ 29 ലക്ഷം രൂപ നിക്ഷേപിച്ച വടൂക്കരയിലെ മേഴ്‌സിയുടെ പരാതിയിലാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.