Kerala
നിയമസഭയിലെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു: ഏഴ് എം എല്‍ എമാരോട് വിശദീകരണം തേടി സ്പീക്കര്‍
സഭയിലെ ഫോട്ടോഗ്രഫി നിരോധിത മേഖലയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഏഴ് പ്രതിപക്ഷ എം എല്‍ എമാര്‍ക്കാണ് നോട്ടീസ്.
തിരുവനന്തപുരം | നിയമസഭാ മന്ദിരത്തിലെ അതീവ സുരക്ഷാ മേഖലയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഏഴ് പ്രതിപക്ഷ സാമാജികരുടെ പി എമാരോട് സ്പീക്കര്‍ എ എന്‍ ഷംസീര്‍ വിശദീകരണം തേടി. പ്രതിപക്ഷ എം എല്‍ എമാര്‍ നിയമസഭയില്‍ സ്പീക്കറുടെ ചേംബര്‍ ഉപരോധിക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തിനിടെ ഫോട്ടോഗ്രഫി നിരോധിത മേഖലയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതിപക്ഷ എം എല്‍ എമാരുടെ പി എമാര്‍ക്കാണ് നോട്ടീസ്.
അതേസമയം, സംഘര്‍ഷവുമായി ബന്ധപ്പെട്ട ഭരണകക്ഷി എം എല്‍ എമാരുടെയും മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ നടപടിയില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
എം വിന്‍സെന്റ്, ടി സിദ്ദിഖ്, കെ കെ രമ, എം കെ മുനീര്‍, എ പി അനില്‍കുമാര്‍, പി കെ ബഷീര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവരുടെ പി എമാര്‍ക്കാണ് നോട്ടീസ് നല്‍കിയത്. സംഭവം അന്വേഷിച്ച ചീഫ് മാര്‍ഷല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇവരുടെയെല്ലാം പേരുകള്‍ പരാമര്‍ശിക്കുന്നതായി നോട്ടീസില്‍ പറയുന്നു. അതീവ സുരക്ഷാമേഖലയില്‍ ചട്ടവിരുദ്ധമായാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനുള്ളില്‍ നിയമസഭാ സെക്രട്ടറിയെ രേഖാമൂലം അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വിശദീകരണം ലഭിച്ചില്ലെങ്കില്‍ ഒന്നും പറയാനില്ലെന്നു കണക്കാക്കി ചട്ടങ്ങള്‍ അനുശാസിക്കുന്ന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.
മാര്‍ച്ച് 15ന് സ്പീക്കറുടെ ഓഫീസിന് മുന്നില്‍ യു ഡി എഫ് എം എല്‍ എമാര്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഒന്നാം നിലയിലെ സ്പീക്കറുടെ ഓഫീസിന് മുന്നിലെ ഇടനാഴിയില്‍ കുത്തിയിരുന്ന പ്രതിപക്ഷ എം എല്‍ എമാരെ മന്ത്രിമാരുടെയും ഭരണപക്ഷ എം എല്‍ എമാരുടെയും പേഴ്‌സണല്‍ സ്റ്റാഫ് ചോദ്യം ചെയ്തതോടെയാണ് വാക്കേറ്റവും കൈയ്യാങ്കളിയുമുണ്ടായത്. വാച്ച് ആന്‍ഡ് വാര്‍ഡ് സംഭവത്തില്‍ ഇടപെട്ടതോടെ സ്ഥിതി വഷളായി. പിന്നാലെ എം എല്‍ എമാരെ വലിച്ചിഴച്ചും തൂക്കിയെടുത്തും മാറ്റുകയായിരുന്നു. സംഘര്‍ഷത്തില്‍ കെ കെ രമ അടക്കമുള്ള പ്രതിപക്ഷ എം എല്‍ എമാര്‍ക്ക് പരുക്കേറ്റിരുന്നു.