Kerala
സിപിഎമ്മുകാര്‍ മര്‍ദിക്കുന്ന രംഗങ്ങള്‍ പുറത്തുവന്നു; പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് സി പി ഐ
സി പി എം കളളവോട്ട് ചെയ്യുന്നതായി ആരോപിച്ചുണ്ടായ വാക്കേറ്റങ്ങള്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലെത്തുുകയായിരുന്നു
പത്തനംതിട്ട | സി പി ഐ നേതാക്കളെ സി പി എമ്മുകാര്‍ വളഞ്ഞിട്ടു മര്‍ദിക്കുന്ന രംഗങ്ങളടങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ അറസ്റ്റു ചെയ്യണമെന്നും സി പി ഐ നേതാക്കള്‍ പത്തനംതിട്ടയില്‍ ആവശ്യപ്പെട്ടു. കൊടുമണ്‍ അങ്ങാടിക്കല്‍ തെക്ക് സര്‍വീസ് സഹകരണ ബേങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി പി ഐ നേതാക്കളെ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തന്നെയാണ് പുറത്തുവിട്ടത്. സി പി ഐ അങ്ങാടിക്കല്‍ ലോക്കല്‍ സെക്രട്ടറി സുരേഷ് ബാബു മണ്ഡലം സെക്രട്ടേറിയറ്റംഗം ഉദയന്‍ എന്നിവരെയാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നടുറോഡിലിട്ട് അതിക്രൂരമായി മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ പുറത്തായത്. കഴിഞ്ഞ 16നു നടന്ന അങ്ങാടിക്കല്‍ സഹകരണ ബേങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളാണ് മര്‍ദ്ദനത്തിലും പോലീസിനെ ആക്രമിക്കുന്നതിലും കലാശിച്ചത്.
സി പി എം കളളവോട്ട് ചെയ്യുന്നതായി ആരോപിച്ചുണ്ടായ വാക്കേറ്റങ്ങള്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലെത്തുുകയായിരുന്നു. കല്ലേറിലും മര്‍ദ്ദനത്തിലും ഇരു വിഭാഗത്തിലുമുള്ള നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. കൊടുമണ്‍ സി ഐക്കും രണ്ടു പോലീസുകാര്‍ക്കും തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്ന് രാത്രി അങ്ങാടിക്കല്‍ വടക്ക്, ഐക്കാട് പ്രദേശങ്ങളില്‍ സി പി ഐ നേതാക്കളുടെ വീടിന് നേരെയും ആക്രമണം നടന്നു. വീടുകളുടെ ജനല്‍ ഗ്ലാസുകളും മറ്റും തകര്‍ത്തു. ഈ സംഭവത്തിലും ശക്തമായ നടപടി പോലീസ് എടുക്കുന്നില്ലെന്ന ആക്ഷേപം സി പി ഐ നേതാക്കള്‍ക്കുണ്ട്. കൊടുമണ്‍ അങ്ങാടിക്കല്‍ പ്രദേശത്ത് സി പി എമ്മില്‍ പ്രവര്‍ത്തിച്ചിരുന്ന ഏതാനും പ്രവര്‍ത്തകര്‍ കഴിഞ്ഞയിടെ പാര്‍ട്ടി വിട്ട് സി പി ഐയില്‍ ചേര്‍ന്നതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.