Connect with us

ration distribution

സമയക്രമീകരണം പിന്‍വലിച്ചു; റേഷന്‍ വിതരണം സാധാരണ നിലയില്‍

ഉപഭോക്താക്കളുടെ എണ്ണത്തില്‍ റെക്കോർഡ് വര്‍ധന

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് ഈ മാസം 13 മുതല്‍ നടപ്പാക്കിയ സമയക്രമീകരണം പൂര്‍ണമായി പിന്‍വലിച്ചു. ഇന്നലെ സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും രാവിലെ 8.30 മുതല്‍ പ്രവര്‍ത്തിച്ചു.

റേഷന്‍ വിതരണത്തിനുള്ള സാങ്കേതിക സംവിധാനങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നതായി നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററും ഐ ടി മിഷനും പരിശോധന നടത്തി ഉറപ്പുവരുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഒരു ദിവസം റേഷന്‍ വിഹിതം കൈപ്പറ്റുന്ന കാര്‍ഡ് ഉടമകളുടെ ശരാശരി എണ്ണം മൂന്നര ലക്ഷത്തിനും നാല് ലക്ഷത്തിനും ഇടയിലാണ്.

ഇന്നലെ ഉച്ചക്ക് 12.30 വരെ സംസ്ഥാനത്ത് 3,60,225 പേര്‍ റേഷന്‍ വിഹിതം കൈപ്പറ്റി. റേഷന്‍ കൈപ്പറ്റിയവരുടെ എണ്ണത്തില്‍ ഇത് സമീപകാല റെക്കോർഡാണെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. എന്നാല്‍ റേഷന്‍ വിതരണത്തില്‍ ഇപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടെന്ന് വരുത്താന്‍ ചിലര്‍ ശ്രമിക്കുന്നതായി സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൈപ്പറ്റിയവരുടെ എണ്ണം മാത്രം എടുത്താല്‍ തന്നെ ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാകും.

 

സംസ്ഥാനത്തെ ഏതെങ്കിലും കടയില്‍ നെറ്റ് വര്‍ക്ക് സംബന്ധമായ തടസ്സം കാരണം റേഷന്‍ വിതരണത്തില്‍ വേഗതക്കുറവ് ഉണ്ടായതിനെ പര്‍വതീകരിച്ച് സംസ്ഥാനത്തെ വിതരണം മുഴുവന്‍ തടസ്സപ്പെട്ടിരിക്കുന്നു എന്ന തരത്തിലുള്ള പ്രചാരണം ഖേദകരമാണെന്ന് മന്ത്രി പറഞ്ഞു. ഇത്തരം പ്രചാരണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തുമെന്നതിനാല്‍ വസ്തുത പരിശോധിച്ച് സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ മാധ്യമങ്ങള്‍ തയ്യാറാകണമെന്നും മന്ത്രി അറിയിച്ചു.

Latest