National
പട്ടികജാതി സംവരണം: അതിപിന്നാക്ക വിഭാഗത്തിന് ഉപസംവരണം ഏര്‍പ്പെടുത്തിയത് പുനപ്പരിശോധിക്കില്ലെന്ന് സുപ്രീം കോടതി
വിധിയില്‍ അപകാതകയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ഏഴംഗ ബഞ്ച്.
ന്യൂഡല്‍ഹി | പട്ടികജാതി വിഭാഗങ്ങളിലെ അതിപിന്നാക്ക വിഭാഗത്തിന് ഉപസംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് ആഗസ്റ്റ് ഒന്നിന് പുറപ്പെടുവിച്ച വിധി പുനപ്പരിശോധിക്കില്ലെന്ന് സുപ്രീം കോടതി. വിധിയില്‍ അപകാതകയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ഏഴംഗ ബഞ്ച് വ്യക്തമാക്കി. വിധി ചോദ്യം ചെയ്തുള്ള ഹരജികള്‍ കോടതി തള്ളി.
ഉപസംവരണം സാധ്യമല്ലെന്നും പട്ടികജാതി ലിസ്റ്റ് തയ്യാറാക്കേണ്ടത് ഭരണഘടനയുടെ 341-ാം വകുപ്പ് പ്രകാരം രാഷ്ട്രപതിയുടെ അധികാരമാണെന്നുമായിരുന്നു 2004ലെ വിധിയില്‍ പറഞ്ഞിരുന്നത്. ഇ വി ചിന്നയ്യ- ആന്ധ്രപ്രദേശ് സര്‍ക്കാര്‍ കേസ് റദ്ദാക്കിയായിരുന്നു പരമോന്നത കോടതിയുടെ ഏഴംഗ ബഞ്ചിന്റെ സുപ്രധാന വിധി.
പ്രാതിനിധ്യക്കുറവ് കൃത്യമായ കണക്കിന്റെ അടിസ്ഥാനത്തില്‍ സാധൂകരിക്കാന്‍ സര്‍ക്കാരിന് കഴിയണമെന്ന് ബഞ്ച് വ്യക്തമാക്കി. ഒരു ഉപവിഭാഗത്തിന് മാത്രമായി മുഴുവന്‍ സംവരണവും അനുവദിക്കാനാവില്ല. തീരുമാനം കോടതിയുടെ പരിശോധനക്ക് വിധേയമായിരിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.