Connect with us

Kerala

ലഹരിക്കെതിരെ സ്‌കൂള്‍ ജാഗ്രതാ സമിതി; എല്‍ പി, യു പി വിദ്യാര്‍ഥികളുടെ അടിസ്ഥാന ശേഷി വികസനത്തിന് ഊന്നല്‍

ഭിന്നശേഷി ഉത്തരവ് താഴെത്തട്ടില്‍ അടിയന്തരമായി നടപ്പാക്കാന്‍ നടപടി എടുക്കാനും അധ്യാപക സംഘടന നേതാക്കളെക്കൂടി ഉള്‍പ്പെടുത്തിയുള്ള ജില്ലാതലയോഗം ഇക്കാര്യം പരിശോധിക്കാനും മന്ത്രി നിര്‍ദേശിച്ചു.

Published

|

Last Updated

തിരുവനന്തപുരം | പുതിയ അധ്യയന വര്‍ഷത്തില്‍ ഒന്നു മുതല്‍ ഏഴുവരെയുള്ള എല്‍ പി, യു പി ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ അടിസ്ഥാന ശേഷി വികസനത്തിന് ഊന്നല്‍ നല്‍കാന്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിളിച്ചുചേര്‍ത്ത അധ്യാപക സംഘടനാ നേതാക്കളുടെ യോഗം തീരുമാനിച്ചു. ഒപ്പം ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌കൂള്‍ തല ജാഗ്രതാ സമിതി രൂപവത്കരിക്കാനും തീരുമാനമായി. പോലീസ്, എക്‌സൈസ്, ജനപ്രതിനിധികള്‍, പി ടി എ അംഗങ്ങള്‍, അധ്യാപകര്‍ എന്നിവര്‍ അംഗങ്ങളായാണ് ജാഗ്രതാ സമിതി രൂപവത്കരിക്കുക. ഭിന്നശേഷി ഉത്തരവ് താഴെത്തട്ടില്‍ അടിയന്തരമായി നടപ്പാക്കാന്‍ നടപടി എടുക്കാനും അധ്യാപക സംഘടന നേതാക്കളെക്കൂടി ഉള്‍പ്പെടുത്തിയുള്ള ജില്ലാതലയോഗം ഇക്കാര്യം പരിശോധിക്കാനും മന്ത്രി നിര്‍ദേശിച്ചു.

ഏഴാം ക്ലാസ് വരെ കുട്ടികളില്‍ ഭാഷ, ശാസ്ത്രം, ഗണിതം എന്നിവയില്‍ അടിസ്ഥാന ശേഷി വികസനത്തിന് ഊന്നല്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഈ വിഷയങ്ങളിലെ അടിസ്ഥാന ശേഷി ഹൈസ്‌കൂള്‍ പഠനത്തിന് മുമ്പുതന്നെ എല്ലാ വിദ്യാര്‍ഥികളും ആര്‍ജിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ അനുബന്ധ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകര്‍ രൂപം നല്‍കും.

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി മെയ് 21 മുതല്‍ 27 വരെ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും നടക്കുന്ന ശുചീകരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 21ന് കരമന ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. സ്‌കൂള്‍ തുറക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പിലെ ഡി ഡി ഇമാര്‍ക്ക് ജില്ല തിരിച്ചുള്ള ചുമതല നല്‍കും.

പുതിയ വര്‍ഷം ചുരുങ്ങിയത് 200 അധ്യായന ദിനങ്ങളെങ്കിലും ഉറപ്പാക്കും. അക്കാദമിക് കലണ്ടര്‍ പൂര്‍ത്തീകരിക്കാന്‍ വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡി ജി ഇ, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍, ക്യു ഐ പിയിലെ അധ്യാപക സംഘടനാ അംഗങ്ങള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന അടിയന്തര യോഗം വിളിക്കും.

ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റ വ്യവസ്ഥ പരിഷ്‌കരിച്ച് ഉടന്‍ നടപ്പാക്കുമെന്ന് മന്ത്രി യോഗത്തില്‍ അറിയിച്ചു. ഉച്ചഭക്ഷണ പദ്ധതി എല്ലാ സ്‌കൂളിലും കാര്യക്ഷമമാക്കാന്‍ പി ടി എ, നാട്ടുകാര്‍, പൂര്‍വവിദ്യാര്‍ഥി സംഘടന, മറ്റു സംഘടനകള്‍ തുടങ്ങിയവരെ ഏകോപിപ്പിക്കും. വിദ്യാഭ്യാസ ഓഫീസുകളിലെ ഫയലുകളെക്കുറിച്ചുള്ള വിവരം ശേഖരിച്ച് ആഗസ്റ്റ്, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ അദാലത്ത് നടത്തും. ഫയലുകള്‍ വച്ച് താമസിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും.

വിവിധ അധ്യാപക സംഘടനകളെ പ്രതിനിധീകരിച്ച് എന്‍ ടി ശിവരാജന്‍, ഒ കെ ജയകൃഷ്ണന്‍, അബ്ദുല്‍ മജീദ് കമ്പ്രന്‍ തുടങ്ങി 44 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. അടുത്ത അക്കാദമിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പിന് സംഘടനാ നേതാക്കള്‍ പൂര്‍ണ പിന്തുണ അറിയിച്ചു.

 

Latest