Connect with us

Kerala School Kalolsavam

സ്‌കൂൾ കലോത്സവം: ഘോഷയാത്രയോടെ സ്വർണക്കപ്പ് കോഴിക്കോട്ട് എത്തിക്കും

കപ്പ് പ്രദർശിപ്പിക്കുന്നതും പരിഗണനയിൽ

Published

|

Last Updated

കോഴിക്കോട് | കേരള സ്‌കൂൾ കലോത്സവത്തിലെ വിജയികൾക്കുള്ള സ്വർണക്കപ്പ് ഘോഷയാത്രയോടെ കോഴിക്കോട്ടെത്തിക്കും. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ പാലക്കാട്ട് നിന്നാണ് കപ്പ് മത്സരവേദിയിലെത്തിക്കുക.

വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും നേരിൽ കാണാൻ സാധിക്കുന്ന തരത്തിൽ കപ്പ് പ്രദർശിപ്പിക്കുന്നതും പരിഗണനയിലുണ്ട്. ജനുവരി മൂന്ന് മുതൽ ഏഴ് വരെ നടക്കുന്ന കലോത്സവവുമായി ബന്ധപ്പെട്ട് ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. പരാതികളില്ലാതെ മികച്ച രീതിയിൽ കലോത്സവം നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ഈ മാസം 25നകം സബ് കമ്മിറ്റികൾ അവരുടെ പ്രവൃത്തികൾ പൂർത്തിയാക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചു. ഓരോ സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങളും യോഗത്തിൽ വിലയിരുത്തി. യോഗത്തിൽ കലോത്സവത്തിന്റെ പോസ്റ്റർ മുൻ എം എൽ എ. എ പ്രദീപ് കുമാറിന് നൽകി മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു. സ്വാഗതസംഘം ചെയർമാനും പൊതുമരാമത്ത് മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ഓഫീസ് ദിവസവും രാവിലെ ഒന്പതു മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിക്കണമെന്ന് മന്ത്രി നിർദേശിച്ചു.

സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, അഡ്വ. കെ എം സച്ചിൻ ദേവ് എം എൽ എ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദൻ, കലക്്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി, ഡി ജി ഇ. കെ ജീവൻ ബാബു, ഡി ഡി സി എം എസ് മാധവിക്കുട്ടി, വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ മനോജ് കുമാർ സംസാരിച്ചു. പബ്ലിസിറ്റി കമ്മിറ്റി കൺവീനർ പി എം മുഹമ്മദലി, പി കെ എം ഹിബത്തുല്ല, കെ കെ ശ്രീഷു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പോസ്റ്റർ ഡിസൈൻ ചെയ്തത്. വിവിധ കമ്മിറ്റി ചെയർമാന്മാർ, കൺവീനർമാർ, വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.