International
തായ്‌ലന്‍ഡില്‍ സ്‌കൂള്‍ ബസ് തൂണിലിടിച്ച് തീപ്പിടിച്ചു; 23 പേര്‍ വെന്ത് മരിച്ചു
മൂന്നിനും 15നും ഇടയില്‍ പ്രായമുള്ളവരാണ് ദുരന്തത്തിനിരയായത്.
ബാങ്കോക്ക് | തായ്‌ലന്‍ഡില്‍ വിനോദയാത്ര കഴിഞ്ഞ് വിദ്യാര്‍ഥികളുമായി മടങ്ങുകയായിരുന്ന സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് തീപ്പിടിച്ച് 23 പേര്‍ വെന്ത് മരിച്ചു. കണ്ടെത്തിയ മൃതദേഹങ്ങളില്‍ 11 എണ്ണം ആണ്‍കുട്ടികളുടേതും 7 എണ്ണം പെണ്‍കുട്ടികളുടേതുമാണ്. അഞ്ച് മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. മൂന്നിനും 15നും ഇടയില്‍ പ്രായമുള്ളവരാണ് ദുരന്തത്തിനിരയായത്.
ബസില്‍ വളരെ പെട്ടന്ന് അഗ്‌നി പടര്‍ന്നതും ബസിലുണ്ടായിരുന്നത് കുട്ടികളുമായതിനാലാണ് മരണ സംഖ്യ ഉയരാന്‍ കാരണമായതെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. ബസിന്റെ പിന്‍ ഭാഗത്തായാണ് മൃതദേഹങ്ങളില്‍ ഏറിയ പങ്കും കണ്ടെത്തിയത്.
ഇന്ധനമായി ബസില്‍ ഉപയോഗിച്ചിരുന്നത് സിഎന്‍ജി ആയിരുന്നുവെന്ന് തായ്‌ലന്‍ഡ് ഗതാഗത മന്ത്രി വ്യക്തമാക്കി. ബാങ്കോക്കിന്റെ വടക്കന്‍ മേഖലയുമായി ദേശീയപാതയെ വേര്‍തിരിക്കുന്ന കൂറ്റന്‍ തൂണുകളിലേക്കാണ് ഇടിച്ചു കയറിയ ബസ് അഗ്നിഗോളമായി മാറുകയായിരുന്നു
അപകടത്തില്‍നിന്ന് 16 കുട്ടികളും മൂന്ന് അധ്യാപകരും രക്ഷപ്പെട്ടു. കനത്ത ചൂട് നിമിത്തം ബസിന് സമീപത്തേക്ക് പോലും എത്താനാവാതിരുന്നത് രക്ഷാപ്രവര്‍ത്തനത്തെ തുടക്കത്തില്‍ മന്ദഗതിയിലാക്കിയിരുന്നു.
തായ്‌ലാന്‍ഡിലെ ഉത്തൈ താനി പ്രവിശ്യയിലേക്കുള്ള സ്‌കൂള്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയ മൂന്ന് ബസുകളില്‍ ഒന്നാണ് അപകടത്തില്‍പ്പെട്ടത്.