Connect with us

Kerala

സ്കൂൾ വിനോദയാത്ര: രാത്രി യാത്ര ഒഴിവാക്കണം; പൂർണ ഉത്തരവാദിത്വം സ്ഥാപന മേധാവിക്ക്: മന്ത്രി വി ശിവൻകുട്ടി

ടൂറിസം വകുപ്പ് അംഗീകരിച്ച ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടികയിലുള്ള വാഹനങ്ങള്‍ മാത്രമേ പഠന യാത്രകള്‍ക്ക് ഉപയോഗിക്കാവൂ

Published

|

Last Updated

തിരുവനന്തപുരം | സ്കൂൾ വിനോദയാത്രയിൽ രാത്രി യാത്ര ഒഴിവാക്കണമെന്ന നിർദേശം കർശനമായി നടപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും നിർദേശം നൽകി. രാത്രി ഒമ്പത് മണി മുതല്‍ രാവിലെ ആറു വരെ യാത്ര പാടില്ലെന്ന് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. ഇത് കർശനമായി പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

2020 മാർച്ച് രണ്ടിന് സമഗ്രമായ നിർദേശങ്കങ പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ടൂറിസം വകുപ്പ് അംഗീകരിച്ച ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടികയിലുള്ള വാഹനങ്ങള്‍ മാത്രമേ പഠന യാത്രകള്‍ക്ക് ഉപയോഗിക്കാവൂവെന്നതടക്കം നിർദേശങ്ങൾ നേരത്തെ നൽകിയതാണ്. എല്ലാ യാത്രകളുടെയും പൂര്‍ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാര്‍ക്കാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം പഠനയാത്രകള്‍. യാത്രയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും പ്രധാനാധ്യാപകന് കൃത്യമായ ബോധ്യം വേണം. വിദ്യാര്‍ഥികള്‍ക്കും ഇത് സംബന്ധിച്ച് അറിവ് നല്‍കണം. അപകടകരമായ സ്ഥലങ്ങളില്‍ യാത്രപോകരുത്. അധ്യാപകരും കുട്ടികളും വാഹന ജീവനക്കാരും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കണം. സഞ്ചരിക്കുന്ന വാഹനവുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി.

Latest