Uae
ഗസ്സയിൽ നിന്നുള്ള കുട്ടികൾക്കായി വിദ്യാലയം
പരിമിതമായ എണ്ണം കുട്ടികളെ പഠിപ്പിച്ചിരുന്ന സ്‌കൂൾ ഇപ്പോൾ 408 കുട്ടികൾക്കായി തുറന്നിരിക്കുന്നു.
അബൂദബി | ഗസ്സയിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന 400 ഓളം കുട്ടികൾ വിദ്യ അഭ്യസിക്കാൻ ക്ലാസ് മുറിയിലെത്തി.അബൂദബി ഹ്യുമാനിറ്റേറിയൻ സിറ്റിയിൽ അവർ സുരക്ഷിതരാണ്. എന്നാൽ അവരിൽ കയ്യോ കാലോ നഷ്ടപ്പെട്ടവരും അർബുദ രോഗത്താൽ മുടി നഷ്ടപ്പെട്ടവരുമുണ്ട്. വീൽചെയറിൽ നിരവധി വിദ്യാർഥികൾ വേറെ.
മാരകമായ യുദ്ധത്തിന്റെ പേടിസ്വപ്നത്തിൽ നിന്ന് രക്ഷപ്പെട്ട നൂറുകണക്കിന് ഫലസ്തീൻ കുട്ടികളാണ് ഈ സ്‌കൂളിൽ പഠിക്കുന്നത്. ധാരാളം കുടുംബങ്ങൾ യു എ ഇയിലെത്തുന്നു. ഇ എച്ച് സി കോംപ്ലക്സിന്റെ മൈതാനത്താണ് വിദ്യാലയം നിർമിച്ചിരിക്കുന്നത്. ഏതാനും മാസങ്ങളായി സ്‌കൂൾ തുറന്നിട്ട്. പരിമിതമായ എണ്ണം കുട്ടികളെ പഠിപ്പിച്ചിരുന്ന സ്‌കൂൾ ഇപ്പോൾ 408 കുട്ടികൾക്കായി തുറന്നിരിക്കുന്നു.
ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യു എ ഇ നടത്തുന്ന മാനുഷിക പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടായിരത്തോളം ഫലസ്തീൻകാർ കോംപ്ലക്‌സിലുണ്ട്. പ്രിപ്പറേറ്ററി, ഹൈസ്‌കൂൾ വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന സ്‌കൂളാണ് പ്രവർത്തിക്കുന്നത്. 1 മുതൽ ഗ്രേഡ് 12 വരെ ക്ലാസുകളുണ്ട്. സൈക്കിൾ 1, 2 എന്നിവയിൽ 20-ലധികം അധ്യാപകരുണ്ട്, എല്ലാവരും വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുള്ളവരാണ്.