Kerala
സമരത്തില്‍ പങ്കെടുക്കുന്നതിന് സ്‌കൂളിന് അനധികൃത അവധി; പ്രഥമാധ്യാപകന് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ഗവ. എല്‍ പി എസിന് അനധികൃതമായി അവധി നല്‍കിയ സംഭവത്തിലാണ് നടപടി.
തിരുവനന്തപുരം | സ്‌കൂളിന് അനധികൃതമായി അവധി നല്‍കിയ പ്രഥമാധ്യാപകന് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ഗവ. എല്‍ പി എസിന് അനധികൃതമായി അവധി നല്‍കിയ സംഭവത്തിലാണ് നടപടി. പ്രഥമാധ്യാപകനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തായി വകുപ്പു മന്ത്രി അറിയിച്ചു.
അധ്യാപകര്‍ക്ക് സമരത്തില്‍ പങ്കെടുക്കാനാണ് സ്‌കൂളിന് അവധി നല്‍കിയത്. സ്‌കൂള്‍ പൂട്ടി അധ്യാപകര്‍ സമരത്തിന് പോവുകയായിരുന്നു. ഇന്ന് ക്ലാസ് ഉണ്ടാവില്ല എന്ന് വാട്‌സപ്പ് ഗ്രൂപ്പ് വഴി കുട്ടികളെ അധ്യാപകര്‍ അറിയിച്ചിരുന്നു. പിന്നീട് നോര്‍ത്ത് എ ഇ ഒയുടെ നേതൃത്വത്തില്‍ അധികൃതര്‍ എത്തി സ്‌കൂള്‍ തുറക്കുകയായിരുന്നു.
ശമ്പള പരിഷ്‌കരണം, ലീവ് സറണ്ടര്‍, ഡിഎ കുടിശ്ശിക തുടങ്ങിയവ ആവശ്യപ്പെട്ടാണ് അധ്യാപകരും ജീവനക്കാരും പണിമുടക്കുന്നത്. പ്രതിപക്ഷ സര്‍വീസ് സംഘടനകളും സി പി ഐ സംഘടനകളുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.