Connect with us

school education

സ്‌കൂള്‍ ഏകീകരണം: അപാകതകളരുത്

അടുത്ത വര്‍ഷം സ്‌കൂള്‍ ഏകീകരണം നടപ്പാക്കുമെന്നാണ് ഏറ്റവും ഒടുവിലായി വന്നിരിക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി ഏകീകരണം നടപ്പാക്കാനുള്ള ചട്ടമുണ്ടാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി.

Published

|

Last Updated

ഖാദര്‍ കമ്മിറ്റി ശിപാര്‍ശയില്‍ ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി ഏകീകരണം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അടുത്ത വര്‍ഷം സ്‌കൂള്‍ ഏകീകരണം നടപ്പാക്കുമെന്നാണ് ഏറ്റവും ഒടുവിലായി വന്നിരിക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി ഏകീകരണം നടപ്പാക്കാനുള്ള ചട്ടമുണ്ടാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി. ആഗസ്റ്റ് 15 വരെയാണ് ഖാദര്‍ കമ്മിറ്റിയുടെ ഒന്നാം റിപോര്‍ട്ടില്‍ അഭിപ്രായമറിയിക്കാനായി സംഘടനകള്‍ക്കും പൊതുജനങ്ങള്‍ക്കും സമയം നീട്ടി നല്‍കിയിരിക്കുന്നത്. ഇതില്‍ ഉരുത്തിരിയുന്ന അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ട് അടുത്ത ഡിസംബറിനുള്ളില്‍ നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കി പൂര്‍ണമായും ഹൈസ്‌കൂള്‍- ഹയര്‍ സെക്കന്‍ഡറി ഏകീകരണം നടപ്പാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം സംസ്ഥാനത്ത് നടപ്പാക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് 2017ല്‍ മൂന്നംഗങ്ങള്‍ ഉള്ള ഖാദര്‍ കമ്മിറ്റിയെ നിയോഗിച്ചത്. രണ്ട് ഭാഗങ്ങളായുള്ള ഈ കമ്മിറ്റി റിപോര്‍ട്ടില്‍ ആദ്യത്തെ ഭാഗത്തില്‍ ഭരണപരമായ കാര്യങ്ങളെ കുറിച്ചും രണ്ടാം ഭാഗത്തില്‍ അക്കാദമിക കാര്യങ്ങളെ കുറിച്ചുമാണ് പ്രതിപാദിക്കുന്നത്. ഈ കമ്മിറ്റി 2019 ജനുവരി 24ന് റിപോര്‍ട്ടിന്റെ ആദ്യ ഭാഗം സമര്‍പ്പിച്ചു. എന്നാല്‍ വര്‍ഷം മൂന്ന് കഴിഞ്ഞിട്ടും അക്കാദമിക തലങ്ങളിലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്ന രണ്ടാമത്തെ ഭാഗം സമര്‍പ്പിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ആദ്യ ഭാഗത്തില്‍ അക്കാദമിക കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുകയും അതിനനുസരിച്ചുള്ള ഭരണപരമായ കാര്യങ്ങളെ ക്രമീകരിക്കുകയുമാണ് ചെയ്യേണ്ടിയിരുന്നത് എന്ന വിവാദമാണ് ആദ്യം തലപൊക്കിയത്. അധ്യാപക സംഘടനകളുടെ കടുത്ത വിയോജിപ്പാണ് കമ്മിറ്റിയുടെ ആദ്യത്തെ ഭാഗം പുറത്തുവന്നപ്പോള്‍ വെളിവായതെങ്കിലും റിപോര്‍ട്ട് മുഴുവനായി പുറത്തുവന്നതിനു ശേഷം കൂടുതല്‍ ചര്‍ച്ചയാകാം എന്ന നിലപാടാണ് മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സര്‍ക്കാര്‍ സ്വീകരിച്ചത്.

സ്‌കൂള്‍ ഭരണം അടിമുടി മാറും

ഈ ഏകീകരണത്തോടെ സ്‌കൂളുകളുടെയും അധ്യാപക സമൂഹത്തിന്റെയും പൊതുഘടനയില്‍ വലിയ മാറ്റങ്ങളാവും വരാന്‍ പോകുന്നത്. ഹൈസ്‌കൂളിനും ഹയര്‍ സെക്കന്‍ഡറിക്കും രണ്ട് മേധാവികളാണ് നിലവിലുള്ളത്. ഹൈസ്‌കൂളിന് ഹെഡ് മാസ്റ്റര്‍/ഹെഡ് മിസ്ട്രസും ഹയര്‍ സെക്കന്‍ഡറിക്ക് പ്രിന്‍സിപ്പലും. എന്നാല്‍ ഏകീകരണത്തോടെ രണ്ട് വിഭാഗങ്ങള്‍ക്കും കൂടി ഒരൊറ്റ മേധാവിയാകും ഉണ്ടാകുക. ഹയര്‍ സെക്കന്‍ഡറിയിലുള്ള അധ്യാപകന്‍ പ്രിന്‍സിപ്പലാകുമ്പോള്‍, ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ വൈസ് പ്രിന്‍സിപ്പലാകും.

ഇപ്പോള്‍ പഞ്ചായത്ത് തലത്തില്‍ എജ്യുക്കേഷന്‍ ഓഫീസര്‍ നിലവിലുണ്ട്. അത് മാറ്റി എജ്യുക്കേഷന്‍ ഇംപ്ലിമെന്റിംഗ് ഓഫീസര്‍ എന്ന പേരില്‍ പരിഷ്‌കരിക്കും. ഓരോ വിഭാഗത്തിനും ഇപ്പോഴുള്ള അസിസ്റ്റന്റ് എജ്യുക്കേഷന്‍ ഓഫീസര്‍ (A E O) എന്ന തസ്തിക മാറി ഇനി മുതല്‍ രണ്ട് വിഭാഗങ്ങള്‍ക്കുമായി ചേര്‍ന്നുള്ള ബ്ലോക്ക്തല ഉദ്യോഗസ്ഥനാകും ഉണ്ടാകുക. കൂടാതെ സ്‌കൂളുകള്‍ക്കുള്ള ഡിസ്ട്രിക്ട് എജ്യുക്കേഷന്‍ ഓഫീസര്‍ (D E O), ഹയര്‍ സെക്കന്‍ഡറിക്കുള്ള റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (R D D) എന്നിവ മാറി ഇവ രണ്ടും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യുക്കേഷന്‍ (D D E) എന്ന ഒറ്റ ഉദ്യോഗസ്ഥന്റെ കീഴിലാകും ഇനി പ്രവര്‍ത്തിക്കുക.
പേരുകളിലുള്ള ഈ മാറ്റം അവരവരുടെ ശമ്പള സ്‌കെയില്‍, ഉത്തരവാദിത്വങ്ങള്‍ എന്നിവയില്‍ ഏത് തരത്തില്‍ പ്രതിഫലിക്കും എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. ഹെഡ് മാസ്റ്റര്‍മാര്‍ വൈസ് പ്രിന്‍സിപ്പല്‍മാര്‍ ആകുമ്പോള്‍ അവരുടെ സ്‌കെയിലില്‍ വരുന്ന മാറ്റം കൃത്യമായി പ്രതിപാദിക്കുകയോ ചര്‍ച്ചക്ക് വിധേയമാക്കുകയോ ചെയ്തിട്ടില്ല. കൂടാതെ തുടര്‍ പ്രൊമോഷന്റെ കാര്യങ്ങളിലും അവ്യക്തത നിലനില്‍ക്കുന്നു.

വ്യതിചലനം

1997 ഒക്ടോബറില്‍ പുറത്തിറങ്ങിയ പൊതുവിദ്യാഭ്യാസ വിഭാഗത്തിന്റെ സര്‍ക്കാര്‍ ഉത്തരവില്‍ നല്‍കിയിരുന്ന പരിഗണനാ വിഷയങ്ങള്‍ ഇവയായിരുന്നു.

1. 2009ലെ വിദ്യാഭ്യാസ അവകാശ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതു സംബന്ധിച്ച് ഘടനാപരവും അക്കാദമികവുമായ വശങ്ങള്‍ പഠിച്ച് നിര്‍ദേശങ്ങള്‍ രൂപവത്കരിക്കുക. 2. വിദ്യാഭ്യാസ അവകാശ നിയമത്തിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വന്ന വിജ്ഞാപനത്തില്‍ വ്യക്തത വരുത്തേണ്ട ഭാഗങ്ങളുണ്ടെങ്കില്‍ അവ പരിശോധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക. 3. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേരള വിദ്യാഭ്യാസ നിയമങ്ങളിലും ചട്ടങ്ങളിലും വരുത്തേണ്ട ഭേദഗതികള്‍ പരിശോധിച്ചുകൊണ്ട് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക.

ഇതിനു ശേഷം തൊട്ടടുത്ത വര്‍ഷം മെയ് മാസത്തില്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ അധ്യാപക സംഘടനകളും വിദ്യാഭ്യാസ പ്രവര്‍ത്തകരും സമര്‍പ്പിക്കുകയുമുണ്ടായി. എന്നാല്‍ നിര്‍ദേശങ്ങള്‍ കൂടുതല്‍ ആഴത്തില്‍ പരിശോധിക്കാതെ തന്നെ ഹയര്‍ സെക്കന്‍ഡറി മേഖലകളിലെ ഘടനാപരമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പരിഗണനാ വിഷയങ്ങള്‍ പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവാണ് ഇറങ്ങിയത്. നിര്‍ദേശങ്ങളുമായി ബന്ധപ്പെട്ട് തെളിവെടുപ്പുകള്‍ നടത്തിയ ശേഷവും പരിഗണനാ വിഷയങ്ങള്‍ പെട്ടെന്ന് മാറ്റി നിശ്ചയിക്കുകയും തുടര്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കാതെ തന്നെ റിപോര്‍ട്ടിന്റെ ഒന്നാം ഭാഗം കമ്മിറ്റി തയ്യാറാക്കുകയുമാണ് ചെയ്തത്. ആ റിപോര്‍ട്ട് നിയമസഭയില്‍ ചര്‍ച്ച ചെയ്യാതെ ഓര്‍ഡിനന്‍സിലൂടെ നിയമമാക്കുകയും ചെയ്തു. ഇത് പൊതുജനത്തിനിടയിലും വിദ്യാഭ്യാസ പ്രവര്‍ത്തകരിലും ആശയക്കുഴപ്പമുണ്ടാക്കി.

ഒരേസമയം നേട്ടങ്ങളും കോട്ടങ്ങളും

ഖാദര്‍ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ ഇഴകീറി നോക്കിയാല്‍ അതിനെ നൂറ് ശതമാനം തള്ളിക്കളയാനാവില്ല. എന്നാല്‍ ചില പരിമിതികള്‍ കൃത്യമായി അഭിസംബോധന ചെയ്യാനും സാധിക്കും. ഹയര്‍ സെക്കന്‍ഡറി തലങ്ങളിലേക്ക് എത്തുമ്പോഴാണ് കുട്ടികള്‍ക്ക് ലാബുകള്‍, ലൈബ്രറികള്‍ എന്നിവയുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നത്. എന്നാല്‍ ലാബുകളും ലൈബ്രറികളും കുട്ടികളെ സംബന്ധിച്ച് കഴിവതും അധ്യയനത്തിന്റെ തുടക്കത്തില്‍ തന്നെ നല്‍കേണ്ട സംഗതികളാണ്. ഹയര്‍ സെക്കന്‍ഡറി തലം വരെ കാക്കാതെ ഹൈസ്‌കൂള്‍ തലങ്ങളില്‍ തന്നെ കുട്ടികളില്‍ ലാബ് സൗകര്യങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. പുസ്തകങ്ങളില്‍ നിന്ന് മാത്രമല്ല, ഓരോ കാര്യങ്ങളും ചെയ്തുകൊണ്ട് പഠിക്കണമെന്ന രീതി പഠനത്തിന്റെ അടിത്തറ പാകാന്‍ കുട്ടികളെ സഹായിക്കും. ഖാദര്‍ കമ്മിറ്റിയുടെ ശിപാര്‍ശയായ സ്‌കൂള്‍ ഏകീകരണത്തിലൂടെ ഈ പ്രശ്‌നം വലിയൊരളവില്‍ പരിഹരിക്കാനാകും. ഹൈസ്‌കൂള്‍ തലം മുതല്‍ തന്നെ പടിപടിയായി ലാബും ലൈബ്രറിയും ഉപയോഗിക്കാന്‍ കഴിയുന്നതിലൂടെ പഠനത്തിന്റെ ഗതിതന്നെ മാറ്റാന്‍ ഈ ശിപാര്‍ശകള്‍ക്ക് കഴിഞ്ഞേക്കാം.

എന്നാല്‍, ഒന്ന് മുതല്‍ പത്ത് വരെയുള്ള പഠനം പോലെ നേര്‍ത്തുടര്‍ച്ചയല്ല ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം. ഈ ഏകീകരണത്തിലൂടെ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ സ്വായത്തമാക്കുന്ന വിശേഷാല്‍ പഠനത്തിന്റെ ഗുണഗണങ്ങള്‍ നഷ്ടപ്പെടുമെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നതില്‍ തെറ്റ് പറയാനാകില്ല. കാരണം, നമ്മുടെ രാജ്യത്തെ തൊഴില്‍ മേഖല അത്തരത്തില്‍ വിശേഷാല്‍ പഠനത്തിനനുസരിച്ച് നിര്‍മിക്കപ്പെട്ടവയാണ്. സ്‌പെഷ്യലൈസ് ചെയ്യാനുള്ള ആദ്യത്തെ മേഖലകളാണ് ഹയര്‍ സെക്കന്‍ഡറികള്‍. എന്നാല്‍ പുതിയ പരിഷ്‌കരണത്തിലൂടെ എവിടെ വെച്ചാണ് വിശേഷാല്‍ പഠനത്തിലേക്ക് വഴിമാറേണ്ടതെന്ന് ആശയക്കുഴപ്പം ഉണ്ടാകുന്നു. ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തത വരുത്തി മാത്രമേ ഈ റിപോര്‍ട്ടുമായി മുന്നോട്ടു പോകാന്‍ കഴിയൂ.

അപാകതകള്‍ തിരുത്തി മുന്നേറണം

ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെ അപേക്ഷിച്ചും കേരളത്തിന്റെ വിദ്യാഭ്യാസ രംഗം സമ്പന്നവും സമ്പൂര്‍ണവുമാണ്. അത്തരമൊരു ഖ്യാതിയുള്ളപ്പോള്‍ പരീക്ഷണങ്ങള്‍ക്ക് മുതിരുന്നതില്‍ തെറ്റില്ല. പക്ഷേ, കൃത്യമായ കൂടിയാലോചനകള്‍ക്കും ക്രിയാത്മകമായ അഭിപ്രായങ്ങള്‍ സ്വരൂപിച്ചുകൊണ്ടും മാത്രമേ മാറ്റങ്ങള്‍ വരുത്താന്‍ പാടുള്ളൂ. പ്രത്യേകിച്ച് കേന്ദ്രത്തിന്റെ ദേശീയ വിദ്യാഭ്യാസ നയം സമൂലമായ മാറ്റങ്ങളോടെ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുമ്പോള്‍ അതിലെ നെല്ലും പതിരും വേര്‍തിരിക്കുന്നതിന്റെ തിരക്കിലാണ് കേരളത്തിലെ പ്രബുദ്ധരായ അക്കാദമിക സമൂഹം. ഈയവസരത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ തന്ത്രപ്രധാനമായ മാറ്റങ്ങള്‍ കൊണ്ടുവരുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.

ഒന്നാം റിപോര്‍ട്ടിനു മേലുള്ള പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ഇനിയും രണ്ടാഴ്ചയോളം ബാക്കിയുണ്ട്. അതിലേക്കായി സംഘടനകളും വിദ്യാഭ്യാസ പ്രവര്‍ത്തകരും നല്‍കുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ചു കൊണ്ടും ചര്‍ച്ചകള്‍ സംഘടിപ്പിച്ചു കൊണ്ടും മാത്രമേ സര്‍ക്കാര്‍ ഇത് നടപ്പാക്കാന്‍ പാടുള്ളൂ. വിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങള്‍ നടപ്പാക്കുമ്പോള്‍ അതിന്റെ ഫലങ്ങള്‍, അത് നല്ലതായാലും അല്ലെങ്കിലും വളരെ സാവധാനത്തില്‍ മാത്രമേ സമൂഹത്തില്‍ പ്രതിഫലിക്കുകയുള്ളൂ. പക്ഷേ, ആ നിര്‍ദേശങ്ങള്‍ക്ക് സമൂഹത്തെയാകെ സ്വാധീനിക്കാനും സമൂലമായ മാറ്റങ്ങള്‍ക്ക് വഴിവെക്കാനും കഴിയും. അതുകൊണ്ട് തന്നെ സര്‍ക്കാറും വിദ്യാഭ്യാസ വിചക്ഷണരും ഈ കമ്മിറ്റിയെയും ഏകീകരണത്തിനുള്ള ശ്രമങ്ങളെയും ക്രിയാത്മകമായി സമീപിച്ചുകൊണ്ട് നടപ്പാക്കാനാണ് ശ്രമിക്കേണ്ടത്. ധൃതിപിടിച്ചുള്ള ഒരു നീക്കത്തിനും സമൂഹത്തില്‍ പുരോഗതി സാധ്യമാക്കാന്‍ കഴിയില്ല എന്ന കാര്യം മുന്‍കൂട്ടി കണ്ടുകൊണ്ട് മുന്നോട്ടുപോകാനാണ് ശ്രമിക്കേണ്ടത്.

(കൊച്ചി സര്‍വകലാശാല, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലേഖകന്‍)