school lunch
സ്‌കൂള്‍ ഉച്ച ഭക്ഷണം: കേന്ദ്രം പണം നല്‍കുന്നില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ പദ്ധതിയായി നടപ്പാക്കിക്കൂടെ എന്ന് ഹൈക്കോടതി
കേന്ദ്രവും സംസ്ഥനവും തമ്മിലുള്ള ഇടപാടാണെങ്കില്‍ ഹെഡ്മാസ്റ്റര്‍മാര്‍ എന്തിന് പണം നല്‍കണമെന്നും കോടതി
കൊച്ചി | സ്‌കൂള്‍ ഉച്ച ഭക്ഷണ പരിപാടിക്ക് കേന്ദ്ര സര്‍ക്കാര്‍ പണം തരുന്നില്ലെങ്കില്‍ മുഖ്യ മന്ത്രി യുടെ പദ്ധതിയായി കേരളം നടപ്പാകണമെന്ന് ഹൈക്കോടതി. കേന്ദ്രം പണം തരുന്നില്ലെങ്കില്‍ കേന്ദ്രത്തിന്റെ പേര് ഒഴിവാക്കി ചീഫ് മിനിസ്റ്റേര്‍സ് സ്‌കീം എന്നാക്കു എന്നാണു കോടതി പറഞ്ഞത്.
ഉച്ചഭക്ഷണ പദ്ധതി കേന്ദ്രവും സംസ്ഥനവും തമ്മിലുള്ള ഇടപാടാണെങ്കില്‍ ഹെഡ്മാസ്റ്റര്‍മാര്‍ എന്തിന് പണം നല്‍കണമെന്നും എന്തിനാണ് ജീവനക്കാര്‍ക്ക് ബാധ്യത ഉണ്ടാക്കുന്നതെന്നും കോടതി ചോ ദിച്ചു. കേന്ദ്ര വിഹിതം വൈകിയതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കേസ് മറ്റന്നാള്‍ പരിഗണിക്കാനായി മാറ്റി.
സ്‌കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കിയതില്‍ പ്രധാന അധ്യാപകര്‍ക്കുള്ള കുടിശ്ശികയുടെ അമ്പത് ശതമാനം ഉടന്‍ കൊടുക്കാന്‍ തീരുമാനം ആയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. 81,73,00,000 രൂപയാണ് വിതരണം ചെയ്യുക. 163 കോടിരൂപയുടെ കുടിശ്ശിക ലഭിക്കാന്‍ നടപടി ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ കെ പി എസ് ടി എ ആണ് ഹര്‍ജി നല്‍കിയത്.
സംസ്ഥാനത്തെ പ്രധാന അധ്യാപകര്‍ക്കുള്ള കുടിശ്ശിക മുഴുവന്‍ ലഭ്യമാക്കണമെന്ന് സംഘടന കോടതിയില്‍ ആവശ്യപ്പെട്ടു.