Kerala
സ്‌കൂള്‍ തുറക്കുന്നതിന്റെ നടപടിക്രമങ്ങള്‍; വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്
തിരുവനന്തപുരം | സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് വൈകീട്ട് ചേരും. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍, ക്ലാസുകള്‍ എങ്ങനെ ക്രമീകരിക്കണം തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയാകും. നാളെ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്ത യോഗം ചേരുന്നുണ്ട്. ഇതിന് മുന്നോടിയായാണ് വിദ്യാഭ്യാസ വകുപ്പ് യോഗം ചേര്‍ന്ന് വിഷയത്തില്‍ ചര്‍ച്ച നടത്തുന്നത്.
നവംബര്‍ ഒന്നു മുതലാണ് സ്‌കൂളുകള്‍ തുറക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം. ഒന്നു മുതല്‍ ഏഴു വരേയും പത്ത്, പന്ത്രണ്ട് ക്ലാസുകളുമാണ് തുറക്കുക. മുതിര്‍ന്ന ക്ലാസുകളില്‍ പകുതി വീതം കുട്ടികള്‍ വച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍, പ്രൈമറി ക്ലാസില്‍ 25 ശതമാനം കുട്ടികള്‍ എന്ന തരത്തിലാണ് ആലോചന നടക്കുന്നത്. അടുത്താഴ്ച സെറോ സര്‍വേ ഫലം ലഭ്യമാകുമെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. ഇതുകൂടി വിലയിരുത്തിയാകും വിഷയത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.