Connect with us

kerala school reopening

സ്‌കൂൾ തുറക്കൽ; തുടക്കത്തിൽ സമ്മർദം കുറക്കാനുള്ള ക്ലാസ്സുകൾ

ഹാജറും യൂനിഫോമും നിർബന്ധമില്ല

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് നവംബർ ഒന്നിന് സ്‌കൂളുകൾ തുറക്കുന്പോൾ ആദ്യ ദിവസങ്ങളിൽ നേരിട്ട് പഠനത്തിലേക്ക് കടക്കില്ല. പകരം വിദ്യാർഥികളുടെ സമ്മർദം ലഘൂകരിക്കുന്ന കൗൺസലിംഗ് രീതിയിലുള്ള ക്ലാസ്സുകളാകും നൽകുക. ആദ്യ മാസം വിദ്യാർഥികൾക്ക് ഹാജറും യൂനിഫോമും നിർബന്ധമാക്കില്ല. എസ് സി ഇ ആർ ടിയുടെ മേൽനോട്ടത്തിൽ വിളിച്ചുചേർത്ത ക്വാളിറ്റി ഇംപ്രൂവ്‌മെന്റ്പ്രോഗ്രാം യോഗത്തിലാണ് നിർദേശങ്ങൾ സർക്കാർ മുന്നോട്ടുവെച്ചത്.

ആദ്യ ദിവസങ്ങളിൽ “ഹാപ്പിനസ് കരിക്കുലം’ പഠിപ്പിക്കും. പ്രൈമറി ക്ലാസ്സുകൾക്ക് വേണ്ടി ബ്രിഡ്ജ് സിലബസ് തയ്യാറാക്കും. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇതുൾപ്പെടെയുള്ള അന്തിമ മാർഗനിർദേശം ഈ മാസം അഞ്ചിന് പുറത്തിറക്കും. ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളും 10,12 ക്ലാസ്സുകളും നവംബർ ഒന്നിനും മറ്റ് ക്ലാസ്സുകൾ 15നും ആരംഭിക്കാനാണ് തീരുമാനം. തുടർന്ന് ആദ്യ ഘട്ടം ക്ലാസ്സുകളുടെ പ്രവർത്തന സമയം രാവിലെ മുതൽ ഉച്ച വരെയാക്കുക, കുട്ടികളുടെ എണ്ണമനുസരിച്ച് സ്ഥാപനം തിരിച്ച് യാത്രാസൗകര്യം ഏർപ്പെടുത്തുക, ക്ലാസ്സിൽ 20 മുതൽ 30 വരെ കുട്ടികളെ പ്രവേശിപ്പിക്കുക, രക്ഷിതാക്കളുടെയും സ്റ്റാഫ് അംഗങ്ങളുടെയും പ്രാദേശിക ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെയും യോഗം വിളിക്കുക, കുടിവെള്ളം, ഭക്ഷണം എന്നിവ പങ്കുവെക്കുന്നത് ഒഴിവാക്കുന്നതിന് അധ്യാപകർ കർശന നടപടികൾ സ്വീകരിക്കുക, സമീപ കടകളിൽ കുട്ടികൾ ഒത്തുകൂടുന്നത് നിയന്ത്രിക്കുക തുടങ്ങിയ കാര്യങ്ങൾ കർശനമായി പാലിക്കുന്നതിന് നിർദേശിച്ചു. അക്കാദമിക് കലണ്ടർ പുനഃക്രമീകരിക്കും. വിദ്യാലയ ശുചീകരണത്തിന് വിനിയോഗിക്കുന്നതിന് സർക്കാർ സ്‌കൂളുകൾക്കുള്ള ഗ്രാൻഡ് വിതരണം ചെയ്യും. വിക്‌ടേഴ്‌സ് ക്ലാസ്സ് പുനഃക്രമീകരിച്ച് തുടരും. കോടതി ഇടപെടലില്ലാത്ത പി എസ് സി ഉൾപ്പെടെ നിയമനം വേഗത്തിലാക്കാനും യോഗം തിരുമാനിച്ചു.