Connect with us

kerala school reopening

സ്‌കൂൾ തുറക്കൽ; വിദ്യാർഥികൾ ആഹ്ലാദത്തിൽ, പ്രധാനാധ്യാപകർ സമ്മർദത്തിൽ

സ്കൂൾ തുറക്കുന്നതിന് മുമ്പും ശേഷവും നടപ്പാക്കാൻ സർക്കാർ നിർദേശിച്ചിരിക്കുന്ന കാര്യങ്ങളാണ് പ്രധാന അധ്യാപകരെ ആശങ്കപ്പെടുത്തുന്നത്

Published

|

Last Updated

കോഴിക്കോട് | ഒന്നര വർഷത്തെ അടച്ചിടലിന് ശേഷം സ്‌കൂളുകൾ തുറക്കാനുള്ള തീരുമാനത്തിൽ വിദ്യാർഥികൾ ആഹ്ലാദിക്കുമ്പോഴും പ്രധാനാധ്യാപകർ കടുത്ത സമ്മർദത്തിൽ. സ്കൂൾ തുറക്കുന്നതിന് മുമ്പും ശേഷവും നടപ്പാക്കാൻ സർക്കാർ നിർദേശിച്ചിരിക്കുന്ന കാര്യങ്ങളാണ് പ്രധാന അധ്യാപകരെ ആശങ്കപ്പെടുത്തുന്നത്. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി ‘തിരികേ സ്‌കൂളിലേക്ക’ എന്ന 109 നിർദേശങ്ങളടങ്ങിയ മാർഗരേഖ സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.

സ്‌കൂളുകൾ വൃത്തിയാക്കുന്നതു മുതൽ ക്ലാസ്സുകളുടെ സമയക്രമീകരണം, ഓരോ ബഞ്ചിലേയും കുട്ടികളുടെ എണ്ണം, ഉച്ചഭക്ഷണ പദ്ധതി, സ്‌കൂൾ ബസ് ജീവനക്കാർ, മറ്റ് താത്കാലിക ജീവനക്കാരടക്കമുള്ളവരുടെ വാക്‌സീനേഷൻ മുതൽ പാലിക്കേണ്ടതായ കൊവിഡ് മാനദണ്ഡങ്ങൾ തുടങ്ങി ഈ മാസം 25നകം സ്‌കൂളും പരിസരവും അണുവിമുക്തമാക്കൽ, എല്ലാ വിദ്യാലയങ്ങളും അറ്റകുറ്റപ്പണി നടത്തി ആകർഷകമായ പെയിന്റുകളടിച്ച് മനോഹരമാക്കൽ, പാചകപ്പുര, സ്‌കൂൾ ബസ് തുടങ്ങി കുട്ടികളുടെ സാന്നിധ്യമുണ്ടാകുന്ന ഇടങ്ങളെല്ലാം അണുവിമുക്തമാക്കൽ എന്നിങ്ങനെ മർമപ്രധാനമായ നിർദേശങ്ങളാണ് മാർഗരേഖയിൽ പറഞ്ഞിരിക്കുന്നത്.
എന്നാൽ ഇതിനൊക്കെ എവിടെ നിന്ന് ഫണ്ട് കണ്ടെത്തുമെന്നാണ് ഗവ, എയ്ഡഡ് സ്‌കൂൾ ഹെഡ്മാസ്റ്റർമാരുടെ ആശങ്ക. ചെലവുകൾ ആരു വഹിക്കുമേന്നോ ഏത് ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നോ എന്നത് സംബന്ധിച്ച് യാതൊരു നിർദേശവും പ്രധാനാധ്യാപകർക്ക് സർക്കാറിൽ നിന്ന് ലഭിച്ചിട്ടില്ല. സ്‌കൂൾ അടച്ചിട്ടതോടെ സ്‌കൂൾ ബസുകളെല്ലാം കട്ടപ്പുറത്താണുള്ളത്. ഓരോ ബസും പുറത്തിറക്കണമെങ്കിൽ ഒരു ലക്ഷം രൂപ വരെ ചെലവാക്കണമെന്നതാണ് അവസ്ഥ. ഇൻഷ്വറൻസ്, മറ്റ് അറ്റകുറ്റപ്പണികൾ എന്നീ ഇനങ്ങളിൽ ഭീമമായ തുകയാണ് ചെലവാക്കേണ്ടത്.

ഒന്നിൽക്കൂടുതൽ ബസുകളുള്ള സ്‌കൂളുകളിൽ ലക്ഷക്കണക്കിന് രൂപ ഇതിനായി കണ്ടെത്തേണ്ട അവസ്ഥയാണ്. സ്‌കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി തെർമൽ സ്‌കാനർ, മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയവ എല്ലാ സ്‌കൂളുകളിലും ഒരുക്കണമെന്ന് പറയുമ്പോൾ ഇതിനാവശ്യമായ ഫണ്ട് എവിടെ നിന്ന് വകയിരുത്തണമെന്ന് ഒരു നിർദേശവും കിട്ടിയിട്ടില്ല.
അതേപോലെ, ഓരോ ദിവസവും ക്ലാസ്സ് കഴിഞ്ഞ് എല്ലാ റൂമുകളിലും നടത്തേണ്ട അണുനശീകരണ സൗകര്യങ്ങൾ, ഫസ്റ്റ് എയ്ഡ് കിറ്റുകൾ, സോഡിയം ഹൈഡ്രോ ക്ലോറൈഡ് സൊലൂഷൻ തുടങ്ങിയവയും കരുതി വെക്കേണ്ടതുണ്ട്.

എല്ലാ പ്രവർത്തനങ്ങളും 25 നകം പൂർത്തിയാക്കണമെന്നാണ് മാർഗരേഖയിൽ പറഞ്ഞിട്ടുള്ളത്. ഗവ., എയ്ഡഡ് സ്‌കൂളുകളിലെ സ്ഥിതിയും സമാനമാണ്. സ്‌കൂൾ ബസുകളുടെ അറ്റകുറ്റപ്പണികൾ അധ്യാപകർ നടത്തണമെന്നാണ് ചില എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകൾ നൽകിയിരിക്കുന്ന നിർദേശം. എന്നാൽ അധ്യാപകർക്ക് താങ്ങാവുന്നതിലപ്പുറമാണ് വാഹനങ്ങളുടെ ചെലവ്.

ചെലവ് താങ്ങാൻ കഴിയാത്തതിനാൽ സ്‌കൂൾ ബസുകളും വാഹനങ്ങളും ഓടിക്കുന്നില്ലെന്ന നിലപാടിലാണ് പല സ്‌കൂൾ അധികൃതരും. ഉന്നതാധികാരികൾ പ്രധാനാധ്യാപകർക്കു പിന്തുണ നൽകുന്നതിനു പകരം സ്‌കൂൾ സന്ദർശിച്ച് പ്രധാനാധ്യാപകരെ സമ്മർദത്തിലാക്കുകയാണ് ചെയ്യുന്നതെന്ന ആക്ഷേപവുമുണ്ട്. യാതൊരു ഫണ്ടും അനുവദിക്കാതെ, പ്രധാനാധ്യാപകർ സ്‌കൂളിൽ എന്തൊക്കെ സൗകര്യങ്ങൾ ഒരുക്കി എന്ന് പരിശോധിക്കാനും സൗകര്യങ്ങൾ ഒരുക്കാത്തവർക്കെതിരെ നടപടികൾ സ്വീകരിക്കാനുമാണ് ശ്രമമെന്നാണ് പരാതി. പണം കണ്ടെത്താനാകാതെ പ്രധാനാധ്യാപകർ നെട്ടോട്ടത്തിലാണ്. കുട്ടികൾ കൂട്ടത്തോടെ ഇരുന്ന് ഭക്ഷണം കഴിക്കരുത് എന്നു പറയുമ്പോൾ ഇത് നടപ്പാക്കാനുള്ള സൗകര്യം പല വിദ്യാലയങ്ങളിലുമില്ല. ഇക്കാര്യങ്ങളെല്ലാം ഏകോപിപ്പിക്കാൻ 1,700ഓളം വരുന്ന പ്രൈമറി സ്‌കൂളുകളിൽ പ്രഥമാധ്യാപകർ ഇല്ല എന്നതാണ് അവസ്ഥ.

---- facebook comment plugin here -----

Latest