Connect with us

Kerala

സംസ്ഥാനത്ത് സ്‌കൂള്‍ പൊതുപരീക്ഷകള്‍ ഇന്ന് അവസാനിക്കും; മൂല്യ നിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍

പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പൊതുപരീക്ഷകള്‍ ഇന്ന് അവസാനിക്കും. ഒമ്പതാം ക്ലാസ്, പ്ലസ് വണ്‍ പരീക്ഷകള്‍ നാളെത്തോടെ തീരും. എസ്എസ്എല്‍സി, പ്ലസ് ടു മൂല്യ നിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍ ആരംഭിക്കുമെന്നാണ് വിവരം. പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍ പരിസരവും പോലീസ് നിരീക്ഷണത്തിലാണ്.

സ്‌കൂളില്‍ ആഘോഷങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തികൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം പ്രധാനാധ്യാപകര്‍ക്ക് കിട്ടിയിട്ടുണ്ട്. വാര്‍ഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളില്‍ സംഘര്‍ഷം ഉണ്ടാകുന്ന തരത്തില്‍ ആഘോഷപരിപാടികള്‍ പാടില്ലെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ആവശ്യമെങ്കില്‍ കുട്ടികളുടെ ബാഗുകള്‍ അധ്യാപകര്‍ക്ക് പരിശോധിക്കാം. സ്‌കൂള്‍ കോമ്പൗണ്ടില്‍ വാഹനങ്ങളിലുള്ള പ്രകടനവും അനുവദിക്കരുത്. പരീക്ഷ കഴിഞ്ഞാല്‍ കുട്ടികളെ രക്ഷിതാക്കള്‍ ഉടന്‍ വീട്ടില്‍ കൊണ്ട് പോകണമെന്നും നിര്‍ദേശമുണ്ട്. ആവശ്യമെങ്കില്‍ സ്‌കൂള്‍ അധികൃതര്‍ പോലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും വിദ്യാഭ്യാസ ഓഫീസര്‍മാരുടെ മേഖലാ യോഗങ്ങളില്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

Latest