National
സ്‌കൂള്‍ റിക്രൂട്ട്മെന്റ് അഴിമതി; തൃണമൂല്‍ നേതാവിനെ ചോദ്യം ചെയ്തു
സാഹയുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളില്‍ സിബിഐ ഇതിനകംതന്നെ പരിശോധന നടത്തിയിരുന്നു.
കൊല്‍ക്കത്ത| ബംഗാളിലെ സ്‌കൂള്‍ റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ തപസ് സാഹയെ സിബിഐ വീണ്ടും ചോദ്യം ചെയ്തു. സാഹയുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളില്‍ സിബിഐ ഇതിനകംതന്നെ പരിശോധന നടത്തിയിരുന്നു.
സിബിഐ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ സാഹയ്ക്ക് സമന്‍സ് അയച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും ഓഫീസില്‍ നിന്നും പിടിച്ചെടുത്ത വിവരങ്ങള്‍ പരിശോധിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുമെന്നും സിബിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്‌കൂള്‍ റിക്രൂട്ട്മെന്റ് അഴിമതിയില്‍ മാത്രമല്ല, ബ്യൂറോക്രാറ്റുകളുടെ പ്ലേസ്മെന്റിലും ഇദ്ദേഹത്തിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു.
സാഹയുടെ കേസില്‍ സിബിഐ അന്വേഷണം ഏറ്റെടുക്കാന്‍ കഴിഞ്ഞ ചൊവ്വാഴ്ച കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
മുന്‍ മന്ത്രി ചാറ്റര്‍ജി ഉള്‍പ്പെടെ ഭരണകക്ഷിയായ ടിഎംസിയുടെ നിരവധി നേതാക്കളെ അഴിമതിയുമായി ബന്ധപ്പെട്ട് നേരത്തെ ഇഡിയും സിബിഐയും അറസ്റ്റ് ചെയ്തിട്ടുണ്ട്.