Connect with us

National

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കക്കൂസ് വൃത്തിയാക്കാന്‍ നിര്‍ബന്ധിച്ച സംഭവം; പ്രധാനാധ്യാപിക അറസ്റ്റില്‍

ആന്ദ്രഹള്ളി സര്‍ക്കാര്‍ മോഡല്‍ പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപിക ലക്ഷ്മിദേവമ്മയെയാണ് കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

ബെംഗളുരു| കര്‍ണാടകയിലെ കോലാറില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കക്കൂസ് വൃത്തിയാക്കാന്‍ നിര്‍ബന്ധിച്ച സംഭവത്തില്‍ പ്രധാനാധ്യാപിക അറസ്റ്റില്‍. ആന്ദ്രഹള്ളി സര്‍ക്കാര്‍ മോഡല്‍ പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപിക ലക്ഷ്മിദേവമ്മയെയാണ് കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത്. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ അഞ്ജിനപ്പ ബ്യാദരഹള്ളി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ്അറസ്റ്റ്.

വിദ്യാര്‍ത്ഥികളെ കക്കൂസ് വൃത്തിയാക്കാന്‍ നിര്‍ബന്ധിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.  ആറാം ക്ലാസ് വിദ്യാര്‍ത്ഥികളോട് സ്‌കൂളിലെ കക്കൂസ് ആസിഡ് ഉപയോഗിച്ച് വൃത്തിയാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് രക്ഷിതാക്കള്‍ സ്‌കൂള്‍ കാമ്പസിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

വെള്ളിയാഴ്ച സംഭവം പുറംലോകം അറിഞ്ഞതോടെ ലക്ഷ്മിദേവമ്മയെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ പ്രതിയായ പ്രധാനാധ്യാപികയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. ഈ വിഷയത്തില്‍ ശക്തമായ നടപടിയെടുക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. കോലാര്‍ ജില്ലയിലെ സ്‌കൂളില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ദലിത് വിഭാഗത്തിലെ കുട്ടികളോട് നിര്‍ദേശിച്ച സംഭവം അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.