Kerala
സ്‌കൂളില്‍ അതിക്രമിച്ചുകടന്ന് അക്രമം; മുന്‍ വിദ്യാര്‍ഥിക്ക് തടവുശിക്ഷവിധിച്ച് കോടതി
കഴിഞ്ഞവര്‍ഷം നവംബര്‍ 24ന് പുലര്‍ച്ചെയാണ് പരാതിക്കാസ്പദമായ സംഭവം.
കോന്നി | കലഞ്ഞൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അതിക്രമിച്ചുകടന്ന്, ക്ലാസ് മുറിയും മറ്റും അടിച്ചു തകര്‍ത്ത കേസില്‍ മുന്‍ വിദ്യാര്‍ഥിക്ക് ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷവിധിച്ച് കോടതി.
കലഞ്ഞൂര്‍ കൊന്നേലയ്യം ഈട്ടിവിളയില്‍ വടക്കേവീട്ടില്‍ പ്രവീണ്‍(20)നെയാണ് പത്തനംതിട്ട ജുഡീഷണല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. മജിസ്ട്രേറ്റ് കാര്‍ത്തികപ്രസാദിന്റേതാണ് വിധി. ഇന്ത്യന്‍ ശിക്ഷനിയമത്തിലെ വകുപ്പ് 447 പ്രകാരം 3 മാസം തടവും 500 രൂപ പിഴയും, 427 അനുസരിച്ച് 1 വര്‍ഷവും 4000 രൂപ പിഴയും, പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമത്തിലെ വകുപ്പ് 3(1) പ്രകാരം 1 വര്‍ഷം തടവും 10000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചൊരു കാലയളവ് അനുഭവിച്ചാല്‍ മതി.
കഴിഞ്ഞവര്‍ഷം നവംബര്‍ 24ന് പുലര്‍ച്ചെയാണ് പരാതിക്കാസ്പദമായ സംഭവം. സ്‌കൂളിന് സമീപമുള്ള ബേക്കറിയിലെയും മറ്റും സി സി ടി വികളും ഗ്ലാസും നശിപ്പിച്ചു. തുടര്‍ന്ന് കലഞ്ഞൂര്‍ ക്ഷേത്രത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയും ചെയ്തു.
കൂടല്‍ എസ് ഐ ഷെമി മോള്‍ കേസെടുത്ത് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എം ആര്‍ രാജ്‌മോഹന്‍ ഹാജരായി.