Connect with us

Editorial

സ്‌കൂള്‍ യൂനിഫോമും ലിംഗസമത്വവും

ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍, ഓരോ മതത്തിന്റെയും വിശ്വാസ പ്രകാരമുള്ള വസ്ത്രധാരണവും ഉള്‍പ്പെടുന്നുണ്ടെന്നു കൂടി അധികൃതര്‍ ഓര്‍ത്തിരിക്കേണ്ടതുണ്ട്. വിവാദ യൂനിഫോം അടിച്ചേല്‍പ്പിക്കരുതെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണ്.

Published

|

Last Updated

സ്‌കൂളുകളില്‍ വിവാദത്തിനിടയാക്കുന്ന യൂനിഫോമുകള്‍ വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. വിദ്യാര്‍ഥികള്‍ ധരിക്കേണ്ട യൂനിഫോം സംബന്ധിച്ച് അതാത് സ്‌കൂളുകള്‍ പി ടി എ, ലോക്കല്‍ ബോഡി, സ്‌കൂള്‍ അധികാരികള്‍ എന്നിവര്‍ ചേര്‍ന്നാണ് തീരുമാനിക്കേണ്ടത്. അത് കുട്ടികള്‍ക്ക് സൗകര്യപ്രദവും കേരളീയ സംസ്‌കാരത്തിന് യോജിച്ചതുമായിരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയില്‍ നടപ്പാക്കിയ ജെന്റര്‍ ന്യൂട്രല്‍ യൂനിഫോം വന്‍ വിവാദമായ സാഹചര്യത്തിലായിരിക്കണം മന്ത്രിയുടെ വിശദീകരണം.

കുട്ടികള്‍ അവര്‍ ധരിക്കുന്ന വസ്ത്രത്തിന്റെ പേരില്‍ വിവേചനവും ആത്മവിശ്വാസക്കുറവും ഇല്ലായ്മ ചെയ്യലും അച്ചടക്കബോധം വളര്‍ത്തലുമാണ് സ്‌കൂള്‍ യൂനിഫോമിന്റെ ലക്ഷ്യമായി പറയപ്പെടുന്നത്. ലക്ഷ്യം നല്ലതു തന്നെ. ഇതു പക്ഷേ, വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും താത്പര്യങ്ങള്‍ പരിഗണിച്ചു കൊണ്ട് കൂടിയാകണം. ഒരു സ്‌കൂളിലെത്തുന്ന കുട്ടികള്‍ പല സാമൂഹിക ചുറ്റുപാടുകളില്‍ വളര്‍ന്നു വരുന്നവരും വ്യത്യസ്ത വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠിക്കുന്നവരുമായിരിക്കും. ഈ വൈജാത്യം ഭരണഘടന അംഗീകരിച്ചതും അത് രാജ്യത്തിന്റെ സവിശേഷതയായി ചൂണ്ടിക്കാട്ടാറുള്ളതുമാണ്. ഇതടിസ്ഥാനത്തില്‍ സ്‌കൂള്‍ അധികൃതര്‍ യൂനിഫോം നടപ്പാക്കുമ്പോള്‍ വിദ്യാര്‍ഥികളുമായും രക്ഷിതാക്കളുമായും ചര്‍ച്ച നടത്തുകയും അവരുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യേണ്ടതുണ്ട്. അതോടൊപ്പം കേരളീയ സംസ്‌കാരത്തിന് യോജിച്ചതുമായിരിക്കണം. അതില്ലാതെ വരുമ്പോഴാണ് വിവാദങ്ങളും എതിര്‍പ്പുകളും ഉയര്‍ന്നു വരുന്നത്. ബാലുശ്ശേരി സ്‌കൂളിലെ ജെന്റര്‍ ന്യൂട്രല്‍ യൂനിഫോമിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതിന്റെ പശ്ചാത്തലം ഇതാണ്.

പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും അനുയോജ്യവുമെന്ന വാദവുമായാണ് ബാലുശ്ശേരിയില്‍ ജെന്റര്‍ ന്യൂട്രല്‍ യൂനിഫോം (ആണ്‍കുട്ടികളെ പോലെ പെണ്‍കുട്ടികള്‍ക്കും പാന്റും ഷര്‍ട്ടും) നടപ്പാക്കിയത്. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരും തുല്യരാണെന്ന ആശയത്തിന്റെ പുറത്താണ് ഇത് ഉരുത്തിരിഞ്ഞുവന്നത്. എന്നാല്‍ കേരളീയ സംസ്‌കാരത്തിനോ ഇന്ത്യന്‍ പാരമ്പര്യത്തിനോ യോജിക്കുന്നതല്ല ഈ വസ്ത്രധാരണം. ചില ‘പുരോഗമന’ക്കാരുടെ ചിന്താവൈകല്യമാണ് വേഷത്തിലടക്കം ആണ്‍-പെണ്‍ തുല്യതയെന്നത്. ലിംഗവൈവിധ്യം ഒരു യാഥാര്‍ഥ്യമാണ്. അത് പ്രകൃതിപരമാണ്. രണ്ട് വിഭാഗവും ഒരേ വസ്ത്രം ധരിച്ചതു കൊണ്ട് ഇല്ലാതാകുന്നതല്ല ഈ പ്രതിഭാസം. കേവല യുക്തിക്കും നമ്മുടെ അറിവുകള്‍ക്കും അനുഭവങ്ങള്‍ക്കും നിരക്കുന്നതുമല്ല ലിംഗസമത്വമെന്ന ആശയം. മനുഷ്യ സമൂഹത്തിന്റെ ഇന്നോളമുള്ള ചരിത്രത്തില്‍ ഒരിടത്തും സ്ത്രീയും പുരുഷനും സമമായിട്ടില്ല. സൃഷ്ടിപ്പില്‍ സ്ത്രീയും പുരുഷനും വ്യത്യസ്തരാണ്. അതുപോലെ തന്നെ വ്യത്യസ്തമാണ് രണ്ട് വിഭാഗത്തിന്റെയും ജീവിത ധര്‍മങ്ങളും. സ്ത്രീ പുരുഷനെപ്പോലെയാകുകയല്ല, സ്ത്രീയായി തന്നെ ജീവിക്കുകയാണ് വേണ്ടത്. അതിലാണ് അവളുടെ മഹത്വവും അന്തസ്സും.

കാലങ്ങളായി ഐക്യരാഷ്ട്ര സഭയടക്കം ലിംഗസമത്വത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നു. എന്നിട്ടും ലോകജനതയുടെ പകുതി വരുന്ന സ്ത്രീകള്‍ ഇന്നും എല്ലാ അവസ്ഥയിലും പുരുഷന്മാരേക്കാള്‍ പിന്നിലാണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. വേള്‍ഡ് ഇക്കണോമി ഫോറം 2021ലെ സര്‍വേ റിപോര്‍ട്ട് പ്രകാരം പാര്‍ലിമെന്റ് സഭകളില്‍ 25.2 ശതമാനവും മന്ത്രിതലത്തില്‍ 21.2 ശതമാനവുമാണ് ആഗോളതലത്തില്‍ സ്ത്രീകളുടെ സാന്നിധ്യം. ലിംഗസമത്വത്തിന് ചുരുങ്ങിയത് ലോകം ഒരു നൂറ്റാണ്ടെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നും ഫോറം വിലയിരുത്തുന്നു. ഫോറത്തിന്റെ ഈ വിലയിരുത്തലും ദിവാസ്വപ്നമാണ്. ഒരു കാലത്തും നടപ്പാകുന്നതല്ല ലിംഗസമത്വം. പെണ്‍കുട്ടികള്‍ക്ക് ആണുങ്ങളുടെ വേഷം അടിച്ചേല്‍പ്പിച്ചതു കൊണ്ടോ ക്ലാസ്സുകളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തി ഇരുത്തിയതു കൊണ്ടോ നടപ്പാകുന്നതല്ല ഇത്തരം കാര്യങ്ങള്‍. പ്രകൃത്യാ തന്നെ പുരുഷന്റെയും സ്ത്രീയുടെയും ശരീരഘടനയും വിചാരങ്ങളും വികാരങ്ങളും വ്യത്യസ്തമായതു കൊണ്ട് വിവേകപൂര്‍ണമായ ചിന്തയില്‍ അത് ഉരുത്തിരിഞ്ഞു വരാനും പ്രയാസം തന്നെ. ലോകം നിലനില്‍ക്കുന്ന കാലത്തോളം ലിംഗ വ്യത്യാസം നിലനില്‍ക്കുക തന്നെ ചെയ്യും.

വര്‍ഗീയ അജന്‍ഡകള്‍ നടപ്പാക്കാനുള്ള ഒരായുധമാണ് ചിലര്‍ക്ക് സ്‌കൂള്‍ യൂനിഫോം. കര്‍ണാടകയില്‍ ചില കോളജുകളില്‍ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥികളെ അധികൃതര്‍ പുറത്താക്കിയതും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രത്തിനു വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയതും ഇസ്ലാമോഫോബിയയുടെ ഭാഗമായാണെന്നു വ്യക്തം. ജീവിതത്തിലുടനീളം ശിരോവസ്ത്രം ധരിക്കുന്ന, മുഖവും മുന്‍കൈയും ഒഴികെയുള്ള ഭാഗങ്ങളെല്ലാം മറയ്ക്കുന്ന ഹൈന്ദവ സന്യാസികള്‍ക്ക് മഹത്വം കല്‍പ്പിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം നേതൃത്വം നല്‍കുന്ന ഭരണകൂടമാണ് അവിടെ മുസ്ലിം വിദ്യാര്‍ഥികളുടെ ശിരോവസ്ത്ര ധാരണയില്‍ അപാകത ദര്‍ശിക്കുന്നതെന്നത് ശ്രദ്ധേയം. പര്‍ദയെയും ഇസ്ലാമിക ശിരോവസ്ത്രത്തെയും താലിബാനിസമായാണ് ചിലര്‍ വിശേഷിപ്പിക്കാറുള്ളത്. ശിരോവസ്ത്രമുള്‍പ്പെടെയുള്ള പ്രത്യേക വസ്ത്രധാരണ രീതി ഇസ്ലാം മുന്നോട്ടുവെക്കുന്ന നിര്‍ബന്ധ കല്‍പ്പനയാണ്. ബാല്യദശയില്‍ തന്നെ ഈ വസ്ത്രധാരണ രീതി അവലംബിക്കേണ്ടത് ഭാവിയില്‍ അതനുവര്‍ത്തിക്കാന്‍ അനിവാര്യമാണ്. ഇതടിസ്ഥാനത്തിലാണ് സ്‌കൂളില്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്ക് ശിരോവസ്ത്രം അണിയിക്കാന്‍ മതബോധമുള്ള രക്ഷിതാക്കള്‍ നിഷ്‌കര്‍ഷത പുലര്‍ത്തുന്നത്. ഇതൊക്കെ കണക്കിലെടുത്തും പരിഗണിച്ചും വേണം സ്‌കൂള്‍ അധികൃതര്‍ യൂനിഫോം നടപ്പാക്കേണ്ടത്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍, ഓരോ മതത്തിന്റെയും വിശ്വാസപ്രകാരമുള്ള വസ്ത്രധാരണവും ഉള്‍പ്പെടുന്നുണ്ടെന്നു കൂടി അധികൃതര്‍ ഓര്‍ത്തിരിക്കേണ്ടതുണ്ട്. വിവാദ യൂനിഫോം അടിച്ചേല്‍പ്പിക്കരുതെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണ്

 

Latest