Connect with us

kerala school reopening

വീണ്ടുമുണർന്ന് വിദ്യാലയമുറ്റം; പുതുപ്പിറവി

സംസ്ഥാനതല പ്രവേശനോത്സവം കോട്ടൺഹിൽ എൽ പി എസിൽ

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വ്യാപനം തീർത്ത പ്രതിസന്ധിയെ തുടർന്ന് ഒന്നര വർഷമായി അടച്ചിട്ട വിദ്യാലയങ്ങൾ വീണ്ടും ഉണരുന്നു. വിദ്യാർഥികളെ വീടുകൾക്കുള്ളിൽ തളച്ചിട്ട ഡിജിറ്റൽ വിദ്യാഭ്യാസ രീതിയിൽ നിന്ന് ലക്ഷക്കണക്കിന് വിദ്യാർഥികൾ ഇന്ന് മുതൽ വീണ്ടും അക്ഷരലോകത്തേക്കെത്തുകയാണ്. ആദ്യ ഘട്ടമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്‌ടോബർ നാലിന് ആരംഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഒന്ന് മുതൽ ഏഴ് വരെയും പത്ത്, ഹയർ സെക്കൻഡറി ക്ലാസ്സുകളും ആരംഭിക്കുന്നത്. ഈ മാസം പതിനഞ്ചോടെ മുഴുവൻ ക്ലാസ്സും പ്രവർത്തനസജ്ജമാകും.

ജൂൺ ഒന്നിന് നടക്കുന്ന പ്രവേശനോത്സവം ഇത്തവണ കേരളപ്പിറവി ദിനത്തിലാണെന്നത് സംസ്ഥാന വിദ്യാഭ്യാസ ചരിത്രത്തിലെ പുതുമയാകും. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ കുട്ടികൾ ആദ്യമായാണ് വിദ്യാലയ മുറ്റത്തെത്തുന്നത്. കുട്ടികളെ സ്വീകരിക്കാനായി അവസാനവട്ട ഒരുക്കത്തിലാണ് സ്‌കൂളുകൾ. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ ഇന്ന് രാവിലെ 8.30നാണ് സംസ്ഥാനതല പ്രവേശനോത്സവം.
ജൂൺ മാസത്തിൽ മഴക്കൊപ്പം സ്‌കൂളിൽ എത്തുന്ന പതിവ് മാറിയെങ്കിലും ഇത്തവണ പ്രവേശനോത്സവത്തിന് കൂട്ടായി മഴയെത്തും.

ഒരുക്കം ഇങ്ങനെ
ഒരു ക്ലാസ്സ് മുറിയിൽ 20 കുട്ടികൾക്കാണ് പ്രവേശനം. കൂടുതൽ കുട്ടികളുള്ള സ്‌കൂളിൽ രണ്ട് ഷിഫ്റ്റായി ക്ലാസ്സ് ക്രമീകരിക്കും.

ആദ്യ ഘട്ടത്തിൽ ഉച്ചക്ക് ഒരു മണി വരെയാണ് ക്ലാസ്സ്. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകും.
ആദ്യത്തെ രണ്ടാഴ്ച ഹാജർ നിർബന്ധമല്ല.

സ്‌കൂൾ കവാടത്തിൽ നിന്നുതന്നെ കുട്ടികളുടെ ശരീരോഷ്മാവ് പരിശോധിച്ച ശേഷമായിരിക്കും പ്രവേശിപ്പിക്കുക.

സാനിറ്റൈസർ ക്ലാസ്സ് മുറികളിലും കവാടങ്ങളിലും സജ്ജമാക്കും.

കുട്ടികൾ സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് അധ്യാപകർ ഉറപ്പാക്കും.

സ്‌കൂൾ ബസുകളിലും അകലം പാലിക്കാൻ ശ്രദ്ധിക്കണം. സ്‌കൂൾ ബസ് ഇല്ലാത്തയിടങ്ങളിൽ സ്വകാര്യ വാഹനങ്ങളെ ഏർപ്പാടാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

വാക്‌സീനെടുത്ത അധ്യാപകർക്ക് മാത്രമാണ് സ്‌കൂളിലെത്താൻ അനുമതി.

അധ്യാപകർ കുറവുള്ള സ്‌കൂളുകളിൽ താത്കാലിക അധ്യാപകരെ നിയമിച്ചു.

സ്‌കൂൾ ബസുകളുടെ ഫിറ്റ്‌നസ് സംബന്ധിച്ച പ്രശ്‌നം വേഗത്തിൽ പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

---- facebook comment plugin here -----

Latest