Connect with us

National

കര്‍ണാടകയില്‍ സ്‌കൂളുകളും പ്രീ യൂണിവേഴ്‌സിറ്റി കോളേജുകളും തുറന്നു

ടിപിആര്‍ രണ്ട് ശതമാനത്തില്‍ താഴെയുള്ള ജില്ലകളിലാണ് കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടെ സ്‌കൂള്‍ തുറന്നത്.

Published

|

Last Updated

ബംഗെളുരു| കര്‍ണാടകയില്‍ സ്‌കൂളുകളും പ്രീ യൂണിവേഴ്‌സിറ്റി കോളേജുകളും തുറന്നു. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് ആദ്യഘട്ടത്തില്‍ ആരംഭിച്ചത്. ടിപിആര്‍ രണ്ട് ശതമാനത്തില്‍ താഴെയുള്ള ജില്ലകളിലാണ് കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടെ സ്‌കൂള്‍ തുറന്നത്.

മാസ്‌കും സാനിറ്റൈസറുമായാണ് വിദ്യാര്‍ത്ഥികള്‍ ക്ലാസിലെത്തിയത്. ശരീരോഷ്മാവ് പരിശോധിച്ച ശേഷമാണ് കുട്ടികളെ ക്ലാസുകളിലേക്ക് പ്രവേശിപ്പിച്ചത്. ഒരു ബെഞ്ചില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ എന്ന രീതിയിലാണ് ഇരുത്തിയത്. പ്രധാനാധ്യാപകന്റെ മേല്‍നോട്ടത്തില്‍ നേരത്തെ തന്നെ സ്‌കൂളും പരിസരവും അണുമുക്തമാക്കിയിട്ടുണ്ട്. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പായി മുഴുവന്‍ അധ്യാപകരും വാക്‌സീന്‍ സ്വീകരിച്ചിട്ടുമുണ്ട്.

വിദ്യാര്‍ത്ഥികളെ ബാച്ചുകളായി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ലാസ് നടത്തുക. ഓണ്‍ലൈന്‍ ക്ലാസ് അവസാന ഉപാധി മാത്രമാണെന്നും അധ്യാപകര്‍ നേരിട്ട് ക്ലാസെടുക്കുന്നതാണ് ഉചിതമെന്നുമാണ് വിദഗ്ദ സമിതി ശുപാര്‍ശ ചെയ്തിരുന്നത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് നേരിട്ട് സ്‌കൂളുകളിലെത്തി സ്ഥിതി വിലയിരുത്തിയിട്ടുണ്ട്.