Health
വിദ്യാലയങ്ങൾ തുറക്കുന്നു; ശ്രദ്ധിക്കണം ചിലത്
സ്‌കൂളിൽ പോകാൻ തുടങ്ങുന്നതോടെ പലതരം കളികളിൽ ഏർപ്പെടുന്നത് കായികക്ഷമത വർധിപ്പിക്കുന്നു. മറ്റ് പരിപാടികൾക്ക് സമയം കണ്ടെത്തുന്നതോടുകൂടെ സ്‌ക്രീൻ അഡിക്‌ഷൻ കുറയും. കൊവിഡ് വ്യാപനം തടയാനുള്ള മുൻകരുതൽ വളരെ ലളിതമായി വ്യക്തമായ ഭാഷയിൽ കുട്ടികളെ പറഞ്ഞ് മനസ്സിലാക്കേണ്ടതാണ്.
കൊവിഡ് മഹാമാരി ആരംഭിച്ചശേഷം സംഭവിച്ച ലോക്ക്ഡൗണും സ്‌കൂൾ അടച്ചിടലും കുട്ടികളിൽ ഏകാന്തത, ഒറ്റപ്പെടൽ, സ്വാതന്ത്ര്യക്കുറവ്, ദുഃഖവും സന്തോഷവും കൂട്ടുകാരുമായി പങ്ക് ചേരാനുള്ള അവസരമില്ലായ്മ എന്നിവ സംജാതമാക്കിയിട്ടുണ്ട്. അതിനുശേഷം ആരംഭിച്ച ഓൺലൈൻ പഠനമാകട്ടെ എല്ലാവർക്കും യോജിക്കുന്നതുമല്ല.
പഠിക്കാൻ താത്്പര്യമുള്ളവർക്കേ ഓൺലൈൻ പ്രധാനമായും ഉപകരിക്കുകയുള്ളൂ. മാത്രമല്ല, ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ, ലാപ്‌ടോപ്പ്, ഇന്റർനെറ്റ്, വൈദ്യുതി, ചുരുങ്ങിയ പക്ഷം വിക്ടർ ചാനൽ കിട്ടുന്ന ടി വിയെങ്കിലും വേണം. ഓൺലൈൻ പഠനത്തിൽ സംശയം ദുരീകരിക്കാൻ പ്രയാസമാണ്. മാത്രമല്ല, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾ, പഠനവൈകല്യമുള്ള കുട്ടികൾ, ശ്രദ്ധക്കുറവുള്ള കുട്ടികൾ ഇവർക്ക് ഓൺലൈൻ പഠനം ബുദ്ധിമുട്ടാണ്.
ഓൺലൈൻ പഠനത്തിന്റെ വരവോടെ കുട്ടികളിൽ മൊബൈൽ അഡിക്്ഷൻ, ഗെയിം അഡിക്്ഷൻ, ചാറ്റിംഗ്, ആത്മഹത്യ എന്നിവ ഗണ്യമായി വർധിച്ചു.
സ്‌കൂൾ തുറക്കുന്നതോടെ ഇതിനൊക്കെ ഗണ്യമായ മാറ്റങ്ങൾ വരും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. പുറത്തിറങ്ങാം, കൂട്ടുകാരുമായി നേരിട്ട് കാണാം, സംസാരിക്കാം, കളിക്കാം, സർവ ദുഃഖങ്ങളും പങ്കുവെക്കാം എന്നിവയൊക്കെ കുട്ടികളെ സംബന്ധിച്ചിടത്തോളം വലിയ കാര്യങ്ങൾ തന്നെയാണ്. ഇവർക്ക് ക്ലാസ്‌റൂമിലൂടെയുള്ള പഠനത്തിൽ സംശയങ്ങൾ നേരിട്ട് ചോദിക്കാം. ഉടനടി സംശയ ദുരീകരണം നടത്താം. പഠനവൈകല്യം, പഠനത്തിൽ പിന്നാക്കാവസ്ഥ എന്നിവയുള്ള കുട്ടികൾക്ക് ട്യൂഷന് പോകാം, ഹോം വർക്കിന്റെ ഭാരം കുറയും, വീട്ടിൽ ചടഞ്ഞിരിക്കുന്നതിന്റെ ബോറടി ഒഴിവാക്കാം എന്നിവയൊക്കെ ആശ്വാസകരമായ കാര്യങ്ങൾ തന്നെയാണ്.
സ്‌കൂളിൽ പോകാൻ തുടങ്ങുന്നതോടെ പലതരം കളികളിൽ ഏർപ്പെടുന്നത് കായികക്ഷമത വർധിപ്പിക്കുന്നു. മറ്റ് പരിപാടികൾക്ക് സമയം കണ്ടെത്തുന്നതോടെ സ്‌ക്രീൻ അഡിക്്ഷൻ കുറയും.
എന്തെല്ലാം
മുന്നൊരുക്കങ്ങൾ നടത്തണം
കുറെ നാളത്തെ അടച്ചിടലിനുശേഷം ഇവർക്ക് പെട്ടെന്ന് സ്വാതന്ത്ര്യം കിട്ടുകയാണ്. ആ സമയം അവർ എന്തൊക്കെയാണ് ചെയ്യുക എന്നത് പറയാൻ കഴിയില്ല. അതുകൊണ്ട് തന്നെ കാര്യമായ മുന്നൊരുക്കങ്ങൾ വീട്ടിൽനിന്ന് നൽകേണ്ടിയിരിക്കുന്നു.
കൊവിഡ് വ്യാപനം തടയാനുള്ള മുൻകരുതൽ വളരെ ലളിതമായി വ്യക്തമായ ഭാഷയിൽ കുട്ടികളെ പറഞ്ഞ് മനസ്സിലാക്കേണ്ടതാണ്. സാമൂഹിക അകലം പാലിക്കേണ്ടത്, എങ്ങനെ മാസ്‌കിടണം, കൈ കഴുകൽ, വീട്ടിൽ വന്നാൽ വസ്ത്രം എവിടെ ഊരിയിടണം, വന്നെത്തിയാൽ ഉടൻ കുളിക്കേണ്ടത്, പഠന സാമഗ്രികൾ എവിടെ വെക്കണം, ആൾക്കൂട്ടങ്ങളെ എങ്ങനെ ഒഴിവാക്കാം, സാമൂഹിക അകലം പാലിച്ച് കായിക വിനോദങ്ങളിൽ ഏർപ്പെടുന്നത്, സമീകൃത ആഹാരം, നല്ല ഉറക്കം എന്നിവ വിശദമായി മനസ്സിലാക്കി കൊടുക്കണം.
ഇനി അഥവാ കൊവിഡ് പിടിപെട്ടാൽ തന്നെ പേടിക്കാതിരിക്കാനുള്ള, ഇതിന്റെ പ്രാഥമിക ലക്ഷണങ്ങളെക്കുറിച്ചും എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും മനസ്സിലാക്കി കൊടുക്കണം. കുട്ടികളിൽ അനാവശ്യ ഭീതി ഉണ്ടാകാതിരിക്കാൻ മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ടതാണ്. കൊവിഡ് കാലത്ത് പല കുട്ടികൾക്കും മാതാപിതാക്കളെയും മറ്റ് വേണ്ടപ്പെട്ടവരെയും നഷ്ടപ്പെട്ടിട്ടുണ്ട്. ഇവർ സ്‌കൂളിലേക്കെത്തുമ്പോൾ എന്തെങ്കിലും മാനസികപ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം. ഏകദേശം ഒന്നര വർഷത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും സ്‌കൂളിലേക്ക് എത്തുന്നത്. ഇത്രസമയം സ്വാഭാവികമായും കുട്ടിക്ക് പഠിക്കാനും ക്ലാസിലിരിക്കാനും മടിയുണ്ടാകും. ഇത് സ്വാഭാവികമാണ്. ഇതിനൊക്കെ കുട്ടികളെ ശാസിക്കാതെ പതുക്കെപ്പതുക്കെ പഠനത്തിന്റെ ട്രാക്കിലേക്ക് കൊണ്ടുവരികയാണ് നല്ലത്.