Connect with us

Articles

ശാസ്ത്രമേളകള്‍ ശാസ്ത്രീയമാകണം

കാലങ്ങളായി തുടര്‍ന്നുപോരുന്ന നിര്‍ണയ രീതികള്‍, ആവര്‍ത്തിച്ചു അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രദര്‍ശനവസ്തുക്കള്‍, കുട്ടികളുടെ ഇടപെടലുകളിലെ ഏറ്റക്കുറച്ചിലുകള്‍, സ്‌കൂളുകള്‍ നല്‍കുന്ന പിന്തുണ, അധ്യാപകരുടെ സ്വാധീനം എന്നിങ്ങനെ ധാരാളം കാര്യങ്ങള്‍ ശാസ്ത്രമേളകളുടെ വിജയത്തെ സ്വാധീനിക്കുന്നുണ്ട്. ഈയവസരത്തില്‍ ശാസ്ത്രമേളകളുടെ പ്രാധാന്യം, പിന്തുടരുന്ന രീതികള്‍, കാലോചിതമായി ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ എന്നിവയൊക്കെ പരിശോധിക്കേണ്ടതുണ്ട്.

Published

|

Last Updated

കൊവിഡ് ഭീഷണി അവസാനിച്ചതോടെ സ്‌കൂളുകള്‍ അവരുടെ വിവിധ പഠന, പാഠ്യേതര പ്രവര്‍ത്തനങ്ങളുമായി സജീവമായിരിക്കുകയാണ്. പുസ്തകത്തിലെയും ക്ലാസ്സ്മുറികളിലെയും പഠനത്തിനപ്പുറം കുട്ടികളുടെ ബഹുമുഖ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ നടന്നുകൊണ്ടിരുന്ന ശാസ്ത്ര-ഗണിത-സാമൂഹിക ശാസ്ത്ര പ്രവൃത്തി പരിചയമേളകള്‍, കലാമേളകള്‍, കായികമേളകള്‍ എന്നിവയൊക്കെ കൂടുതല്‍ കരുത്തോടെയും മിഴിവോടെയും വീണ്ടും സ്‌കൂളുകളില്‍ സംഘടിപ്പിക്കാന്‍ തുടങ്ങിയത് ആശാവഹമാണ്.
എന്നാല്‍ ദിനംപ്രതി പരിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ശാസ്ത്രരംഗങ്ങളിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ശാസ്ത്രമേളകളുടെ രീതികള്‍ പരിഷ്‌കരിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്നത് സംശയമാണ്. കാലങ്ങളായി തുടര്‍ന്നുപോരുന്ന നിര്‍ണയ രീതികള്‍, വര്‍ഷങ്ങളായി മാറ്റമില്ലാതെ ആവര്‍ത്തിച്ചു അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രദര്‍ശനവസ്തുക്കള്‍, കുട്ടികളുടെ ഇടപെടലുകളിലെ ഏറ്റക്കുറച്ചിലുകള്‍, സ്‌കൂളുകള്‍ നല്‍കുന്ന പിന്തുണ, അധ്യാപകരുടെ സ്വാധീനം എന്നിങ്ങനെ ധാരാളം കാര്യങ്ങള്‍ ശാസ്ത്രമേളകളുടെ വിജയത്തെ സ്വാധീനിക്കുന്നുണ്ട്. ഈയവസരത്തില്‍ ശാസ്ത്രമേളകളുടെ പ്രാധാന്യം, പിന്തുടരുന്ന രീതികള്‍, കാലോചിതമായി ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ എന്നിവയൊക്കെ പരിശോധിക്കേണ്ടതുണ്ട്.

വിദ്യാര്‍ഥികളുടെ പങ്കാളിത്തം
ശാസ്ത്രത്തോടുള്ള താത്പര്യം ചെറിയൊരു ശതമാനം കുട്ടികളില്‍ കാണപ്പെടുന്ന പ്രത്യേകതയാണ്. അതായത് ഒരു ക്ലാസ്സില്‍ വിരലിലെണ്ണാവുന്ന അത്രയും കുട്ടികളില്‍ മാത്രം. സ്‌കൂളില്‍ ആകമാനം നോക്കിയാല്‍ ചെറിയൊരു ശതമാനം ആകുമെങ്കിലും സബ്ജില്ലാ തലത്തില്‍ സ്‌കൂളില്‍ നിന്ന് ശാസ്ത്രമേളകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നവര്‍ ഒന്നോ രണ്ടോ പേര്‍ മാത്രമായിരിക്കും. അതോടുകൂടി മറ്റുള്ളവരുടെ ശാസ്ത്രയാത്ര അവസാനിക്കുകയാണ്. പിന്നീട് അതിന്റെ ചുവടുപിടിച്ച് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും പ്രവര്‍ത്തിക്കാനും ആ കുട്ടികള്‍ക്ക് അവസരങ്ങള്‍ ഉണ്ടാകുന്നില്ല.

അധ്യാപകരുടെ സ്വാധീനം
ഒരുപക്ഷേ, കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിലും ശാസ്ത്രമേളകളിലെ പ്രകടനങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും ഏറ്റവും പ്രധാനപ്പെട്ട റോള്‍ വഹിക്കുന്നവരാണ് അധ്യാപകര്‍. അധ്യാപകരുടെ അധ്യയന രീതിയും കുട്ടികളുമായി ശാസ്ത്ര വിഷയങ്ങള്‍ തുറന്നു സംസാരിക്കാന്‍ കാണിക്കുന്ന താത്പര്യവും കുട്ടികളില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്താന്‍ സഹായിക്കുന്നു. വലിയൊരു ശതമാനം കുട്ടികള്‍ക്കും അധ്യാപകരുടെ സഹായമില്ലാതെ നല്ല ഒരു ശാസ്ത്രപ്രദര്‍ശന വസ്തു നിര്‍മിക്കാനാകില്ല. അധ്യാപകര്‍ പകരുന്ന അറിവിനേക്കാള്‍ അവര്‍ നല്‍കുന്ന പ്രോത്സാഹനവും പിന്തുണയുമാണ് ഏറെ പ്രധാനം. കുട്ടികളിലെ നിരീക്ഷണ പാടവവും ചോദ്യം ചോദിക്കാനും ഉത്തരം കണ്ടെത്താനുമുള്ള സ്വാഭാവികമായ കഴിവും വളര്‍ത്താന്‍ ഒരു നല്ല അധ്യാപകന് കഴിയും. അതുകൊണ്ട് തന്നെ ശാസ്ത്രമേളകളുടെ മാറ്റങ്ങള്‍ തുടങ്ങേണ്ടത് അധ്യാപകരില്‍ നിന്ന് തന്നെയാണ്.

മാറ്റം വരേണ്ട നിര്‍ണയ രീതികള്‍
പൊതുവെ ശാസ്ത്രമേളകളില്‍ പ്രദര്‍ശന വസ്തുക്കള്‍ വിലയിരുത്തുന്നത് പ്രധാനമായും ആറ് നിര്‍ണയ രീതികള്‍ അവലംബിച്ചാണ്. ശാസ്ത്രീയ ആശയം (Scientific Concept), നൂതനാശയം (Innovative Idea), വിദ്യാര്‍ഥിയുടെ ഇടപെടല്‍ (Initiative of the Student), സമൂഹത്തിനുള്ള പ്രയോജനം (Utility of the Society), അവതരണം (Presentation and Interaction), പ്രൊജക്ട് റിപോര്‍ട്ട് (Project Report) എന്നീ തലക്കെട്ടുകളില്‍ നിശ്ചിത മാര്‍ക്ക് നല്‍കിയാണ് ഓരോ ശാസ്ത്ര പ്രദര്‍ശനങ്ങളും വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇവയൊക്കെയും വിലയിരുത്താന്‍ ചുരുങ്ങിയ സമയം കൊണ്ട് ഒരു വിധികര്‍ത്താവിന് എങ്ങനെ കഴിയും എന്നത് ചോദ്യചിഹ്നമാണ്. ഉദാഹരണത്തിന് ഒരു പ്രദര്‍ശന വസ്തുവില്‍ കുട്ടിയുടെ ഇടപെടല്‍ എത്രമാത്രമുണ്ടെന്ന് അവരോട് ചോദിച്ച് മനസ്സിലാക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ. മറ്റാരെങ്കിലും ഉണ്ടാക്കി നല്‍കിയതാണെങ്കിലും അത് സ്വന്തമായി ചെയ്തതാണെന്ന് പറയാനേ അവര്‍ ശ്രമിക്കുകയുള്ളൂ.
മറ്റൊന്ന് അവതരണമാണ്. ശാസ്ത്രത്തെ സംബന്ധിച്ച് അതിനോടുള്ള ആഭിമുഖ്യവും അത് അവതരിപ്പിക്കുന്ന രീതിയും വ്യത്യസ്ത ധ്രുവങ്ങളിലാണ്. നൂതനമായ കണ്ടുപിടിത്തങ്ങളില്‍ അഭിരമിക്കുന്ന കുട്ടികളില്‍ ഏറെപങ്കും അത് ആകര്‍ഷകമായ ഭാഷയില്‍ ഭംഗിയായി അവതരിപ്പിക്കാന്‍ കഴിവുള്ളവരായിരിക്കണമെന്നില്ല. അങ്ങനെ വരുമ്പോള്‍ മികച്ച കണ്ടുപിടിത്തം നടത്തുന്ന കുട്ടികളുടെ അവതരണത്തിലെ മാര്‍ക്ക് നഷ്ടമാകുകയും പ്രദര്‍ശനവസ്തു അത്ര മികച്ചതല്ലാത്തവര്‍ക്കും നന്നായി വടിവൊത്ത ഭാഷയില്‍ അത് അവതരിപ്പിക്കാന്‍ കഴിഞ്ഞാല്‍ മാര്‍ക്ക് കരഗതമാകുകയും ചെയ്യുന്നു.
അതേരീതിയില്‍ തന്നെയാണ് പ്രൊജക്ട് റിപോര്‍ട്ടിന്റെ കാര്യവും. കൈയിലുള്ളത് ആകര്‍ഷകമായി എഴുതിപ്പിടിപ്പിച്ചാല്‍ ആ മാര്‍ക്ക് ലഭിക്കുന്ന അവസ്ഥയാണുള്ളത്. നൂതനമായ ആശയങ്ങള്‍ നന്നായി റിപോര്‍ട്ട് ചെയ്യപ്പെട്ടില്ലെങ്കില്‍ അവര്‍ പിന്നാക്കം പോകുകയും ചെയ്യും.

വിദ്യാര്‍ഥികളുടെ “കൈയൊപ്പ് ‘
വിലയിരുത്തേണ്ട കണ്ടുപിടിത്തതിനു പിന്നില്‍ ആരൊക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് കൃത്യമായി അറിയാത്തപക്ഷം, അതവതരിപ്പിക്കുന്ന കുട്ടിയുടെ കൈയൊപ്പ് അതില്‍ എത്രമാത്രമുണ്ടെന്ന് അളക്കുന്നതാണ് ഉചിതം. നിലവിലുള്ള രീതിയില്‍ നിന്ന് മാറി, പുതുതായി ആ കുട്ടി എന്ത് ചെയ്തു എന്നാണ് അളക്കേണ്ടത്. ആ നൂതനമായ കൈയൊപ്പിന് മാത്രമാണ് മാര്‍ക്ക് നല്‍കേണ്ടത്. ആരോ ചെയ്തുവെച്ച കാര്യങ്ങള്‍ പൊടിതട്ടിയെടുത്ത് അവതരിപ്പിക്കുന്നതില്‍ കാര്യമില്ല. നിലവിലുള്ളതിനോട് കുട്ടി എന്താണ് ചേര്‍ത്തിരിക്കുന്നത് എന്നതാണ് കാര്യം. അതില്‍ കുട്ടികള്‍ക്ക് വെള്ളം ചേര്‍ക്കാനാകില്ല. ചില സന്ദര്‍ഭങ്ങളില്‍ മികച്ച അധ്യാപകരുടെ സേവനം ലഭിച്ചിട്ടുണ്ടാകാം. ആ അവസരങ്ങളില്‍ അതിന്റെ മൗലികത അളക്കാന്‍ കുട്ടികളോട് ചോദ്യശരങ്ങള്‍ ആവാം. ഇത്തരത്തില്‍ പുതുതായി ചേര്‍ക്കപ്പെട്ട ആശയങ്ങള്‍ക്ക് മാത്രമേ “എ’ ഗ്രേഡ് നല്‍കാനും പാടുള്ളൂ. ഇത്തരത്തില്‍ നിര്‍ണയ രീതികള്‍ പരിഷ്‌കരിക്കുന്നതിലൂടെ നൂതനമായ ആശയങ്ങളും കണ്ടുപിടിത്തങ്ങളും ജനിക്കും. അതല്ലെങ്കില്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച പ്രദര്‍ശന വസ്തുക്കള്‍ കുട്ടികള്‍ സ്‌കൂളിലെ സ്റ്റോര്‍ റൂമില്‍ നിന്ന് പൊടിതട്ടിയെടുത്ത് അവതരിപ്പിക്കും.

ആശയം എങ്ങനെ കണ്ടെത്തണം?
ഓരോ ശാസ്ത്രമേളക്കും കര്‍ട്ടന്‍ ഉയരുന്നത് ഒക്ടോബറിലാണ്. ആ മാസത്തില്‍ തന്നെയാണ് സ്‌കൂളുകളില്‍ തയ്യാറെടുപ്പുകളും തുടങ്ങുന്നത്. സാധാരണയായി ഓരോ കുട്ടിയും അവര്‍ക്ക് ചെയ്യാനുള്ള ശാസ്ത്രപ്രദര്‍ശന വസ്തുവിന്റെ ആശയം പുസ്തകങ്ങളില്‍ നിന്നോ ഇന്റര്‍നെറ്റില്‍ നിന്നോ അധ്യാപകരില്‍ നിന്നോ ഒക്കെ തേടിപ്പിടിക്കുകയാണ് പതിവ്. അവയൊക്കെയും ഇതിനകം ചര്‍ച്ച ചെയ്തു കഴിഞ്ഞ വിഷയങ്ങളും ആയിരിക്കും. യൂട്യൂബില്‍ നിന്ന് കണ്ടെടുത്ത, മറ്റെവിടെയെങ്കിലും ചെയ്തിരിക്കുന്ന ഒരു പരീക്ഷണവസ്തു അതേപടി അനുകരിക്കുകയാണ് ഏറിയ പങ്കും ചെയ്യുന്നത്.
എന്നാല്‍ ആശയങ്ങള്‍ക്കായി; നമുക്കു ചുറ്റും പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്ന മനുഷ്യരെയും മറ്റു ജീവികളെയും സമൂഹത്തിനെ ആകമാനവും കാണാന്‍ കുട്ടികള്‍ ശ്രമിക്കാത്തതെന്തുകൊണ്ടാണ്? അവിടെയുള്ള എണ്ണമറ്റ പ്രശ്‌നങ്ങള്‍ കണ്ടെത്തി ആ ആശയങ്ങളെ വിപുലമാക്കി അതിനുള്ള പ്രശ്‌നപരിഹാരം കണ്ടെത്താത്തത് എന്തുകൊണ്ടാണ്? അധ്യാപകര്‍ അത്തരത്തില്‍ അവരെ നയിക്കാത്തതെന്തുകൊണ്ടാണ്? എല്ലാത്തിനുമുപരി ശാസ്ത്രത്തിന്റെ ഗുണഫലങ്ങള്‍ എത്തേണ്ടത് മനുഷ്യനിലേക്കും മറ്റു ജീവജാലങ്ങളിലേക്കും സര്‍വോപരി സമൂഹത്തിലേക്കും തന്നെയാണല്ലോ. അപ്പോള്‍ എന്തുകൊണ്ട് നമ്മുടെ സമൂഹത്തെത്തന്നെ അവരുടെ ശാസ്ത്രലാബായി പരിഗണിച്ചുകൂടാ? അവരുടെ പ്രശ്‌നങ്ങള്‍ നമ്മുടെ വിഷയം ആയിക്കൂടാ? അതിന്റെ ഗുണഫലങ്ങള്‍ പലതാണ്. കുട്ടികള്‍ക്ക് സമൂഹവുമായി ഇടപെടാനുള്ള അവസരം ലഭിക്കും. കൂടാതെ ആ കണ്ടെത്തലുകളുടെ ഫലം സമൂഹത്തില്‍ എത്തുകയും ചെയ്യും.

അധ്യാപകര്‍ കൂടുതല്‍ അപ്ഡേറ്റാകണം
ഇന്റര്‍നെറ്റില്‍ അഭിരമിക്കുന്ന, ലോകത്തിന്റെ മാറ്റങ്ങള്‍ വിരല്‍ത്തുമ്പില്‍ അനുഭവിക്കുന്ന ഇന്നത്തെ കുട്ടികള്‍ക്കൊപ്പം ഓടിയെത്താന്‍ അധ്യാപകര്‍ ചെറിയ ശ്രമങ്ങള്‍ മാത്രം നടത്തിയാല്‍ പോരാ. വലിയ രീതിയില്‍ അധ്യാപകര്‍ അപ്ഡേറ്റ് ചെയ്താല്‍ മാത്രമേ കുട്ടികളുടെ ചിന്താമണ്ഡലത്തിനുമപ്പുറം അവര്‍ക്ക് എത്തിപ്പെടാന്‍ കഴിയൂ. അങ്ങനെ കഴിഞ്ഞെങ്കില്‍ മാത്രമേ മികച്ച കണ്ടുപിടിത്തങ്ങള്‍ കുട്ടികളില്‍ നിന്ന് ഉണ്ടാകുകയുള്ളൂ. കുട്ടികള്‍ തിരഞ്ഞെടുക്കുന്ന ആശയങ്ങളില്‍ നിന്ന് “അതുക്കും മേലെ’ ഉള്ള ആശയങ്ങള്‍ നല്‍കാനും അവരെ അതിനു പിന്നാലെ നടത്താനും അധ്യാപകര്‍ക്ക് കഴിയണം. അതിന് അധ്യാപകര്‍ സ്വയം ബൗദ്ധികമായി ഉയര്‍ന്നാല്‍ മാത്രമേ സാധിക്കുകയുള്ളൂ. അവര്‍ അതിന് തയ്യാറാണെങ്കിലും സ്‌കൂളുകളിലെ അധ്യാപനത്തിനപ്പുറമുള്ള ജോലികളുടെ ഭാരം അവരെ അതിനായി ഒരുക്കുന്നതില്‍ നിന്ന് പിന്നാക്കം കൊണ്ടുപോകുന്നു. അത് പാടില്ല. അധ്യാപകരുടെ പ്രധാന ജോലി അധ്യാപനമായി മാറ്റുകയും, മറ്റു ജോലി ഭാരങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്യേണ്ടതുണ്ട്. അതിനായി സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് കൂടി പിന്തുണ ഉണ്ടാകണം.

മികവ് പുലര്‍ത്തുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ്
ശാസ്ത്രമേളകളില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് ഡിഗ്രി തലങ്ങളില്‍ പഠിക്കാന്‍ മികച്ച കോളജുകളിലും സര്‍വകലാശാലകളിലും പ്രവേശനം നല്‍കണം. സ്‌കോളര്‍ഷിപ്പ് നല്‍കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കണം. വളരെ അമൂല്യമായ മസ്തിഷ്‌കങ്ങളാണത്. അവര്‍ക്ക് വീട്ടിലെ പ്രാരാബ്ധമോ പ്രശ്‌നങ്ങളോ ഒന്നും തടസ്സമാകരുത്. അവരുടെ ശാസ്ത്ര വിഷയങ്ങളിലെ ഗവേഷണം സമൂഹത്തിന് ഉപകരിക്കുന്നതാണെങ്കില്‍ ബിരുദപഠനം മുതല്‍, ഉന്നത ഗവേഷണം പൂര്‍ത്തിയാകുന്നതുവരെ സ്‌കോളര്‍ഷിപ്പ് തുടരുകയും വേണം. ഒരു ജില്ലയില്‍ നിന്ന് ഏറ്റവും മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്ക് മാത്രം നല്‍കപ്പെടുന്ന സ്‌കോളര്‍ഷിപ്പ് ആയതുകൊണ്ട് തന്നെ അതിന്റെ പുരോഗതി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൃത്യമായി പരിശോധിക്കാനുമാകും.

പൊതുജനങ്ങള്‍ ഒഴുകിയെത്തണം
കുട്ടികളുടെ കണ്ടുപിടിത്തങ്ങള്‍ സ്‌കൂളുകളില്‍ ഒതുങ്ങി നില്‍ക്കേണ്ടതല്ല. അത് പൊതുജനങ്ങള്‍ക്കു കൂടി മനസ്സിലാക്കി കൊടുക്കേണ്ടതുണ്ട്. ശാസ്ത്രമേളകള്‍ പൊതുജനങ്ങള്‍ക്കു കൂടി കാണാനും മനസ്സിലാക്കാനും അവസരമുണ്ടാകണം. ശാസ്ത്ര തത്ത്വങ്ങള്‍ സാധാരണക്കാര്‍ക്ക് അവരുടെ ഭാഷയില്‍ തന്നെ മനസ്സിലാക്കിക്കൊടുക്കാനും കഴിയണം. അവരുടെ പ്രതികരണങ്ങളില്‍ നിന്ന് കൂടുതല്‍ നല്ല ആശയങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് തുറന്നുകിട്ടിയേക്കാം.
(ലേഖകന്‍ കൊച്ചി സര്‍വകലാശാല, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്. 9946199199)

(കൊച്ചി സര്‍വകലാശാല, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലേഖകന്‍)

Latest