Science
ഭൂമിക്ക് ചുറ്റുമുള്ള അദൃശ്യ വൈദ്യുത മണ്ഡലത്തെ കണ്ടെത്തി ശാസ്ത്രജ്ഞര്‍
0.55 വോള്‍ട്ടാണ് ഈ അദൃശ്യ വൈദ്യുത മണ്ഡലത്തിന്റെ ചാര്‍ജ്, ഇത് ഹൈഡ്രജന്‍ അയോണുകളെ സൂപ്പര്‍സോണിക് വേഗതയില്‍ ബഹിരാകാശത്തേക്ക് എത്തിക്കാന്‍ ശക്തമാണ്.
വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരുന്ന ഭൂമിക്ക് ചുറ്റുമുള്ള അദൃശ്യ വൈദ്യുത മണ്ഡലത്തെ കണ്ടെത്തി ശാസ്ത്രജ്ഞര്‍. ആംബിപോളാര്‍ ഫീല്‍ഡ് എന്ന് വിളിക്കപ്പെടുന്ന ഭൂമിക്ക് ചുറ്റുമുള്ള ദുര്‍ബലമായ ഒരു വൈദ്യുത മണ്ഡലം (electric field) നാസയിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തിയത്. 60 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത്തരമൊരു മണ്ഡലമുണ്ടെന്ന് ആദ്യമായി അനുമാനിച്ചത്.
ആംബിപോളാര്‍ ഫീല്‍ഡ് ഭൂമിയുടെ അന്തരീക്ഷത്തിന്റെയും മറ്റ് ഗ്രഹങ്ങളുടെയും സ്വഭാവത്തെയും പരിണാമത്തെയും സ്വാധീനിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഈ വൈദ്യുത മണ്ഡലം അന്തരീക്ഷ ചാര്‍ജ് ന്യൂട്രാലിറ്റി നിലനിര്‍ത്താന്‍ സഹായിക്കുന്നതായും അപകടരമായ ചില കണങ്ങളെ ബഹിരാകാശത്തേക്ക് വിടുന്നതായും പറയുന്നു.
0.55 വോള്‍ട്ടാണ് ഈ അദൃശ്യ വൈദ്യുത മണ്ഡലത്തിന്റെ ചാര്‍ജെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ഹൈഡ്രജന്‍ അയോണുകളെ സൂപ്പര്‍സോണിക് വേഗതയില്‍ ബഹിരാകാശത്തേക്ക് എത്തിക്കാന്‍ ശക്തമാണ്.
ആംബിപോളാര്‍ ഫീല്‍ഡിനെക്കുറിച്ചുള്ള കൂടുതല്‍ പഠനം ഭൂമിയുടെ പരിണാമം, അന്തരീക്ഷം, ജീവന്റെ വികസനം എന്നിവയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്. ഗ്രഹവ്യവസ്ഥയെ ആംബിപോളാര്‍ ഫീല്‍ഡ് എങ്ങനെ സ്വാധീനിക്കുന്നു എന്ന ഗവേഷണത്തിനും പുതിയ കണ്ടെത്തല്‍ വഴിതുറക്കും.