International
150 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിച്ചിരുന്ന ദിനോസറിന്റെ മരണകാരണം വെളിപ്പെടുത്തി ശാസ്ത്രജ്ഞര്‍
സസ്യഭോജികളും നീളമുള്ള കഴുത്തുള്ളതും വലുതുമായ ദിനോസറുകളായ സോറോപോഡ് കുടുംബത്തിന്റെ ഭാഗമായിരുന്നു ഈ ദിനോസര്‍.

ന്യൂഡല്‍ഹി| 150 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിച്ചിരുന്ന ഭീമന്‍ ദിനോസറിന്റെ മരണകാരണം വെളിപ്പെടുത്തി ഗവേഷകര്‍. എംഒആര്‍ 7029 എന്ന, ഡോളി എന്ന വിളിപ്പേരുള്ള, നീണ്ട കഴുത്തുള്ള ദിനോസറിന്റെ മരണകാരണമാണ് കണ്ടെത്തിയിരിക്കുന്നത്. സസ്യഭോജികളും നീളമുള്ള കഴുത്തുള്ളതും വലുതുമായ ദിനോസറുകളായ സോറോപോഡ് കുടുംബത്തിന്റെ ഭാഗമായിരുന്നു ഈ ദിനോസര്‍.
ജുറാസിക് കാലഘട്ടത്തിന്റെ അവസാനം ജീവിച്ചിരുന്ന ദിനോസറാണ് ഡോളി. ഇപ്പോള്‍ തെക്കുപടിഞ്ഞാറന്‍ മൊണ്ടാന എന്നറിയപ്പെടുന്ന സ്ഥലത്താണ് ഡോളി വസിച്ചിരുന്നത്. ഗ്രേറ്റ് പ്ലെയിന്‍സ് ദിനോസര്‍ മ്യൂസിയത്തില്‍ നിന്നുള്ള ഡോ. കാരി വുഡ്റഫാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ഇന്‍ഫ്‌ളുവന്‍സ പോലുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ കാരണമായ അണുബാധയെ തുടര്‍ന്നാണ് ഡോളി മരിച്ചതെന്നാണ് സൂചന. ചുമ, പനി, ശ്വാസതടസം, ശരീരഭാരം കുറയല്‍ എന്നിവയ്ക്ക് കാരണമായ ഒരു ഫംഗസ് മൂലമുണ്ടാകുന്ന അണുബാധയായിരിക്കാം ഡോളിക്കുണ്ടായത് എന്നാണ് കരുതുന്നതെന്ന് വുഡ്റഫ് പറഞ്ഞു.
സോറാപോഡുകള്‍ക്ക് 110 അടി വരെ നീളവും 90 ടണ്ണിലധികം ഭാരവുമുണ്ടാകും. എന്നിരുന്നാലും, ഡോളിക്ക് ഏകദേശം 20 ടണ്‍ ഭാരവും 40 അടി നീളവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് അണുബാധയെ തുടര്‍ന്നാകാം എന്നാണ് കരുതുന്നത്. ശാസ്ത്രജ്ഞര്‍ ഒരു പൂര്‍ണ്ണമായ തലയോട്ടിയും ഏഴ് വ്യക്തമായ ഗ്രൈവ കശേരുക്കളും കണ്ടെത്തി. കഴുത്തിലെ മൂന്ന് അസ്ഥികള്‍ക്ക് വിചിത്രമായ ഘടനയും ആകൃതിയും ഉണ്ടായിരുന്നു, അവയില്‍ അസാധാരണമായ വളര്‍ച്ചകള്‍ ഉണ്ടെന്ന് അവര്‍ പിന്നീട് കണ്ടെത്തി.