Ongoing News
റോബോട്ടുകൾക്ക് മനുഷ്യ തൊലിയോട് സാമ്യമുള്ള മുഖം നൽകി ജപ്പാനിലെ ശാസ്ത്രജ്ഞർ
ഒരു ഹ്യൂമനോയിഡ് റോബോട്ടിന്റെ മുഖത്ത് പ്രത്യേകമായി ചർമ്മ കോശങ്ങൾ ഘടിപ്പിച്ച് മനുഷ്യന്റേതായ എല്ലാവിധ പ്രത്യേകതകളും നൽകുകയായിരുന്നു ഈ ശാസ്ത്രജ്ഞർ.
ടോക്കിയോ | എല്ലാ മേഖലയിലും സാങ്കേതികവിദ്യ കടന്നുകൂടിയ സമയമാണിത്. എന്നാൽ സാങ്കേതികവിദ്യ വിദ്യാഭ്യാസ പ്രൊഫഷണൽ മേഖലകളിൽ മാത്രമായി പരിമിതപ്പെടുത്തിയില്ല. അത് ബ്യൂട്ടി സർക്യൂട്ടിലേക്ക് കൂടി വ്യാപിച്ച ഒന്നായി മാറി. ഈ മേഖലയിലെ ഏറ്റവും പുതിയ ഒരു കണ്ടുപിടുത്തത്തെ കുറിച്ച് കേട്ടാൽ ചിലപ്പോൾ നിങ്ങൾ ഞെട്ടിയേക്കും.
ടോക്കിയോ സർവകലാശാല പുറത്തിറക്കിയ ഒരു പത്രക്കുറിപ്പ് പ്രകാരം ഒരു കൂട്ടം ജാപ്പനീസ് ശാസ്ത്രജ്ഞർ റോബോട്ടുകൾക്ക് മനുഷ്യനെപ്പോലുള്ള ഒരു മേക്കോവർ നൽകി. ഈ മേക്ക് ഓവർ വെറുമൊരു മേക്കോവർ അല്ല. ഈ റോബോട്ടുകളുടെ മുഖത്ത് ജീവനുള്ള ചർമ്മം ഘടിപ്പിക്കുന്നതിലൂടെ തികച്ചും യാഥാർത്ഥ്യബോധമുള്ള പുഞ്ചിരിയും മുഖഭാവങ്ങളും റോബോട്ടുകളിൽ ഉണ്ടാകുന്നു എന്നതാണ് സത്യം.
ഒരു ഹ്യൂമനോയിഡ് റോബോട്ടിന്റെ മുഖത്ത് പ്രത്യേകമായി ചർമ്മ കോശങ്ങൾ ഘടിപ്പിച്ച് മനുഷ്യന്റേതായ എല്ലാവിധ പ്രത്യേകതകളും നൽകുകയായിരുന്നു ഈ ശാസ്ത്രജ്ഞർ. കൊളാജൻ ജെൽ ഉപയോഗിച്ചാണ് ചർമങ്ങൾ വികസിപ്പിച്ചത്. ഈ കണ്ടുപിടുത്തം റോബോട്ടിക് രംഗത്ത് മാത്രമല്ല മനുഷ്യനുമായി ബന്ധപ്പെട്ട കോസ്മെറ്റിക് സർജറികളിലും സഹായിക്കും എന്നാണ് വിദഗ്ധർ പറയുന്നത്. ശസ്ത്രക്രിയ നടപടികൾ, പ്ലാസ്റ്റിക് സർജന്മാരെ പരിശീലിപ്പിക്കുക, സൗന്ദര്യവർദ്ധക വ്യവസായത്തിൽ വലിയ സ്വാധീനം ചെലുത്തൽ എന്നിവയ്ക്ക് ഈ ഗവേഷണം പ്രയോജനകരമാകും എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ജപ്പാനിലെ പ്രൊഫസർ ഷോജി ടക്കൂച്ചിയാണ് ഈ ഗവേഷക സംഘത്തെ നയിച്ചത്.