Connect with us

Kerala

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; 50 ലക്ഷം നഷ്ടപരിഹാരം വേണം, ഇല്ലെങ്കില്‍ വീണ്ടും സമരമെന്ന് ഹര്‍ഷിന

കേസില്‍ ദേശീയ വനിതാ കമ്മീഷനെ സമീപിക്കാനും ഹര്‍ഷിനയുടെ കുടുംബം ആലോചിക്കുന്നുണ്ട്.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക മറന്നു വച്ച സംഭവത്തില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ഷിന. ഇത്രയും തുക നഷ്ടപരിഹാരമായി നല്‍കുന്നതിന് നടപടി സ്വീകരിച്ചില്ലെങ്കില്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുമ്പില്‍ സമരം ആരംഭിക്കുമെന്ന് ഹര്‍ഷിന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി പ്രഖ്യാപിച്ച നഷ്ടപരിഹാര തുക അപര്യാപ്തമാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കേസില്‍ ദേശീയ വനിതാ കമ്മീഷനെ സമീപിക്കാനും ഹര്‍ഷിനയുടെ കുടുംബം ആലോചിക്കുന്നുണ്ട്.

ഹര്‍ഷിനക്ക് രണ്ട് ലക്ഷം രൂപയാണ് സര്‍ക്കാര്‍ നഷ്ടപരിഹാരമായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തന്റെ ജീവിതം അവസാനിച്ചുവെന്ന് വിചാരിച്ചിരുന്നതാണെന്നും അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങള്‍ക്ക് നഷ്ടപരിഹാരമായി മന്ത്രി പ്രഖ്യാപിച്ചത് വെറും രണ്ട് ലക്ഷം രൂപ മാത്രമാണെന്നും ഹര്‍ഷിന കുറ്റപ്പെടുത്തി. സംഭവം അന്വേഷിച്ചവരില്‍ ആരുടെയെങ്കിലും വയറ്റിലാണ് അഞ്ച് ദിവസം ഈ കത്രിക കിടന്നിരുന്നതെങ്കില്‍ എത്ര രൂപ നഷ്ടപരിഹാരം നല്‍കേണ്ടി വരുമായിരുന്നുവെന്ന് അവര്‍ തന്നെ പറയട്ടെയെന്നും ഹര്‍ഷിന പറഞ്ഞു.

‘വിഷയവുമായി ബന്ധപ്പെട്ട് പല തവണ ആരോഗ്യ മന്ത്രിയെ ഫോണില്‍ വിളിച്ചെങ്കിലും ഒറ്റത്തവണ മാത്രമാണ് നേരിട്ട് സംസാരിക്കാനായത്. വിളിക്കുമ്പോഴെല്ലാം പി എയാണ് ഫോണ്‍ എടുക്കാറ്. കാര്യം ആരോഗ്യ മന്ത്രിയെ അറിയിക്കാമെന്ന് പറയുകയാണ് പി എ ചെയ്യാറുള്ളത്. തനിക്ക് എന്താണ് സംഭവിച്ചതെന്ന് കൊച്ചുകുട്ടിക്ക് പോലും മനസ്സിലായിട്ടുണ്ട്. എന്നാല്‍, ഇവര്‍ക്ക് മാത്രം മനസ്സിലായിട്ടില്ല.’- ഹര്‍ഷിന പറഞ്ഞു.

2022 സെപ്തംബര്‍ 17നാണ് തന്റെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണം പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രികയാണെന്ന് ഹര്‍ഷിന അറിയുന്നത്. തുടര്‍ന്ന് നിരവധി ഇടങ്ങളില്‍ പരാതി നല്‍കുകയും നിരവധി സമരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഏഴു ദിവസത്തോളം നീണ്ട സമരം മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിലൂടെയാണ് അവസാനിപ്പിച്ചത്. എന്നാല്‍ നീതി ലഭ്യമാക്കാം എന്ന മന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നാണ് ഹര്‍ഷിനയുടെ ആരോപണം.