Connect with us

Kerala

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; നീതി തേടി ഹർഷിന ഇന്ന് സെക്രട്ടേറിയറ്റ് പടിക്കൽ

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നാണെന്ന പോലീസ് റിപ്പോർട്ട് തള്ളിയ മെഡിക്കൽ ബോർഡ് നിലപാടിൽ പ്രതിഷേധിച്ചാണ് സമരം.

Published

|

Last Updated

തിരുവനന്തപുരം | വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി തേടി കോഴിക്കോട് സ്വദേശി ഹർഷിന ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ ഏകദിന ഉപവാസം നടത്തും. സമരസമിതി പ്രവർത്തകരും ഹർഷിനയും സെക്രട്ടേറിയറ്റിന് മുന്നിൽ സത്യഗ്രഹമിരിക്കും. ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നാണെന്ന പോലീസ് റിപ്പോർട്ട് തള്ളിയ മെഡിക്കൽ ബോർഡ് നിലപാടിൽ പ്രതിഷേധിച്ചാണ് സമരം.

പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഹർഷിന. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നൽകാൻ ശ്രമിക്കുമെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.

2017ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണു വയറ്റിൽ കത്രിക കുടുങ്ങിയതെന്നാണ് ഹർഷിനയുടെ പരാതി. അതിനു മുൻപു 2 ശസ്ത്രക്രിയകൾ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നടത്തിയിരുന്നു. അപ്പോഴൊന്നും പ്രശ്നമുണ്ടായില്ല. കഴിഞ്ഞ വർഷം ശസ്ത്രക്രിയയിലൂടെ മെഡിക്കൽ കോളജിൽ വച്ചു തന്നെ കത്രിക പുറത്തെടുത്തു.

കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു ഹർഷിന ആരോഗ്യമന്ത്രി വീണാ ജോർജിന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ രണ്ട് തവണ നടത്തിയ അന്വേഷണത്തിൽ കത്രിക മെഡിക്കൽ കോളജിലേത് അല്ലെന്ന് അവർ റിപ്പോർട്ട് നൽകി. ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു കാലപ്പഴക്കം നിർണയിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ആരോഗ്യവകുപ്പിന്റെ രണ്ട് അന്വേഷണങ്ങളും പരാജയപ്പെട്ടതോടെ മാർച്ച് 29നു മന്ത്രിസഭ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ കത്രിക മെഡിക്കൽ കോളജിന്റെത് തന്നെയാണ് കണ്ടെത്തി. എന്നാൽ ഈ നിലപാട് മെഡിക്കൽ ബോർഡ് തള്ളുകയായിരുന്നു. കത്രിക കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് കുടുങ്ങിയതാണെന്ന് തെളിവില്ലെന്നായിരുന്നു മെഡിക്കൽ ബോർഡിന്റെ സമീപനം.

സംഭവത്തിൽ ഹർഷിനക്ക് രണ്ട് ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഹർഷിന ഇത് കൈപ്പറ്റാൻ വിസമ്മതിച്ചു. 50 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരമായി ലഭിക്കണമെന്നാണ് ഹർഷിനയുടെ ആവശ്യം.

Latest