Calicut Medical College
കോഴിക്കോട് മെഡി.കോളജിൽ ശസ്ത്രക്രിയക്കിടെ കത്രിക രോഗിയുടെ വയറ്റിൽ: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി
ശസ്ത്രക്രിയയിലൂടെ ഹര്‍ശിനയുടെ ശരീരത്തില്‍ നിന്നും 11 സെന്റീമിറ്റര്‍ നീളമുള്ള കത്രിക പുറത്തെടുത്തു.
തിരുവനന്തപുരം/ കോഴിക്കോട് | ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രി മറന്നുവെച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി വീണാ ജോർജ്. വയറ്റിൽ കത്രികയുമായി അഞ്ച് വർഷമാണ് 30 വയസ്സുകാരി ജീവിച്ചത്. പന്തീരങ്കാവ് സ്വദേശിയായ ഹര്‍ശിനക്കാണ് കൊടുംയാതന അനുഭവക്കേണ്ടി വന്നത്.
കോഴിക്കോട് മെഡി. കോളജില്‍ തന്നെ നടത്തിയ ശസ്ത്രക്രിയയിലൂടെ ഹര്‍ശിനയുടെ ശരീരത്തില്‍ നിന്നും 11 സെന്റീമിറ്റര്‍ നീളമുള്ള കത്രിക പുറത്തെടുത്തു. മൂത്രസഞ്ചിയിലേക്ക് കത്രിക കുത്തിനിന്നതുമൂലം ആ ഭാഗത്ത് പഴുപ്പും നീരും വന്നതായിരുന്നു യുവതിയുടെ ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് കാരണം. 2017 നവംബറിലാണ് ഹര്‍ശിനക്ക് കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രസവ ശസ്ത്രക്രിയ നടത്തിയത്.
അതിന് ശേഷം യുവതിക്ക് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങി. നിരവധി ആശുപത്രികള്‍ കയറിയിറങ്ങി. 30 വയസായപ്പോഴേക്കും ശരീരം വല്ലാതെ ദുര്‍ബലമായതോടെ വൃക്കരോഗമോ ക്യാന്‍സറോ ബാധിച്ചെന്ന് വരെ ഹര്‍ശിനയും വീട്ടുകാരും കരുതി. അടുത്തിടെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ച് നടത്തിയ സി ടി സ്‌കാനിംഗിലാണ് ശരീരത്തില്‍ കത്രികയുണ്ടെന്ന് കണ്ടെത്തിയത്.