Connect with us

Kerala

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: നടപടി ആലോചിക്കാൻ മെഡിക്കൽ ബോർഡ് യോഗം ഇന്ന്

കത്രിക കുടുങ്ങിയ സംഭവത്തിൽ രണ്ട് ഡോക്ടർമാരും രണ്ട് നഴ്‌സുമാരും കുറ്റക്കാരെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

Published

|

Last Updated

കോഴിക്കോട് | പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട പോലീസ് റിപോർട്ടിൽ ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കുമെതിരെ നടപടിയെടുക്കുന്നതിൽ അന്തിമ തീരുമാനമെടുക്കാൻ മെഡിക്കൽ ബോർഡ് യോഗം
ഇന്ന്. ഉച്ചക്ക് രണ്ടിന് ചേരുന്ന യോഗത്തിൽ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരും പോലീസ് ഉദ്യോഗസ്ഥരും പബ്ലിക് പ്രോസിക്യൂട്ടറും പങ്കെടുക്കും.

കത്രിക വയറ്റിൽ കുടുങ്ങിയെന്ന് പറയുന്ന ശസ്ത്രക്രിയക്ക് തൊട്ടുമുമ്പ് ഹർഷിന എം ആർ ഐ സ്‌കാനിംഗ് നടത്തിയിരുന്നു. ഈ സ്‌കാനിംഗ് എടുക്കുമ്പോൾ ദേഹത്ത് ലോഹ വസ്തുക്കളൊന്നും ഉണ്ടായിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കത്രിക മെഡിക്കൽ കോളജിൽ നടന്ന ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയതെന്ന് സംശയിക്കുന്നത്. എം ആർ ഐ സ്‌കാനിംഗിനെക്കുറിച്ചുള്ള വസ്തുതതകൾ ചർച്ച ചെയ്യേണ്ടതിനാൽ ബോർഡ് യോഗത്തിൽ റേഡിയോളജിസ്റ്റിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച ചേരേണ്ടിയിരുന്ന ബോർഡ് യോഗം റേഡിയോളജിസ്റ്റിനെ ലഭിക്കാത്തത് കാരണമാണ് മാറ്റിവെച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. ബോർഡ് യോഗം മാറ്റിയതിനെതിരെ ഹർഷിനയും സമരസമിതി പ്രവർത്തകരും ഡി എം ഒ ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു. ബോർഡ് യോഗം ഇന്ന് നടക്കുമെന്ന ഉറപ്പിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

കത്രിക കുടുങ്ങിയ സംഭവത്തിൽ രണ്ട് ഡോക്ടർമാരും രണ്ട് നഴ്‌സുമാരും കുറ്റക്കാരെന്നാണ് പോലീസിന്റെ കണ്ടെത്തൽ. എന്നാൽ, മെഡിക്കൽ നഗ്ലിജൻസ് ആക്ട് പ്രകാരം ഡോക്ടർമാർക്കെതിരെ പോലീസ് നടപടി കൈക്കൊള്ളണമെങ്കിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡിന്റെ അനുമതി വാങ്ങേണ്ടതുണ്ട്. ഇത് സംബന്ധിച്ച അപേക്ഷ നേരത്തേ പോലീസ് ഡി എം ഒക്ക് നൽകിയിരുന്നു.