Kerala
സ്‌കൂട്ടര്‍ അപകടം; പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു
പത്തനംതിട്ട കോഴഞ്ചേരി നാരങ്ങാനം വട്ടക്കാവില്‍ കൊച്ചുപറമ്പില്‍ പ്രകാശിന്റെ മകന്‍ ആകാശാണ് (അമ്പാടി-17) ആണ് മരിച്ചത്.

കോഴഞ്ചേരി | ടെമ്പോയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥി മരിച്ചു. നാരങ്ങാനം വട്ടക്കാവില്‍ കൊച്ചുപറമ്പില്‍ പ്രകാശിന്റെ മകന്‍ ആകാശാണ് (അമ്പാടി-17) ആണ് മരിച്ചത്.
ഇന്ന് രാവിലെ 8.20 ന് നാരങ്ങാനം മഹാണിമലയിലായിരുന്നു അപകടം. കടമ്മനിട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായിരുന്നു മരിച്ച ആകാശ്. കാരംവേലി എസ് എന്‍ ഡി പി എച്ച് എസ് എസിലെ പ്ലസ്ടു വിദ്യാര്‍ഥിയായ സഹോദരനെ സ്‌കൂളിലാക്കിയ ശേഷം തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്.
ആലുങ്കല്‍ ഭാഗത്തു നിന്നും നെല്ലിക്കാലായിലേക്ക് ലോഡിംഗ് തൊഴിലാളികളുമായി പോയ ടെമ്പോയാണ് സ്‌കൂട്ടറില്‍ ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ ആകാശിനെ ഉടന്‍ തന്നെ കോഴഞ്ചേരിയില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: രാധാമണി. സഹോദരങ്ങള്‍: ആദിത്യന്‍, അനശ്വര, ആദര്‍ശ്. സംസ്‌കാരം തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പില്‍.