From the print
സ്‌ക്രീന്‍ഷോട്ട് പുറത്തായി; "മുസ്‌ലിം വാട്‌സ്ആപ്പ് ഗ്രൂപ്പ്' ഉണ്ടാക്കിയത് കെ ഗോപാലകൃഷ്ണന്‍ തന്നെ
വിവാദത്തെ തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവില്‍ ഗോപാലകൃഷ്ണനെ സര്‍വീസില്‍ തിരിച്ചെടുത്തതിന് തൊട്ടുപിന്നാലെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവന്നുവെന്നത് ശ്രദ്ധേയമാണ്.
തിരുവനന്തപുരം | ഹിന്ദു ഐ എ എസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് വിവാദമായതിനു പിന്നാലെ തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി മുസ്‌ലിം ഐ എ എസ് ഉദ്യോഗസ്ഥരുടെ പേരിലും വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ ഗോപാലകൃഷ്ണന്‍ തന്നെയായിരുന്നുവെന്ന് തെളിയിക്കുന്ന സ്‌ക്രീന്‍ഷോട്ട് പുറത്തായി.
കെ ഗോപാലകൃഷ്ണന്‍ ഐ എ എസ് അഡ്മിനായി മുസ്‌ലിം ഗ്രൂപ്പ് ഉണ്ടാക്കിയതിന്റെ സ്‌ക്രീന്‍ഷോട്ടാണ് പുറത്തായത്. വിവാദത്തെ തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവില്‍ ഗോപാലകൃഷ്ണനെ സര്‍വീസില്‍ തിരിച്ചെടുത്തതിന് തൊട്ടുപിന്നാലെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവന്നുവെന്നത് ശ്രദ്ധേയമാണ്.
ഗ്രൂപ്പ് ഉണ്ടാക്കിയതിനു പിന്നാലെ “ഇത് എന്ത് ഗ്രൂപ്പാണ് ഗോപാല്‍’ എന്ന് ഒരു ഐ എ എസ് ഉദ്യോഗസ്ഥ ചോദിച്ചെങ്കിലും തനിക്കറിയില്ലെന്നും ചിലര്‍ തന്നോട് ചോദിച്ചിട്ടുണ്ടെന്നുമായിരുന്നു ഗോപാലകൃഷ്ണന്‍ മറുപടി നല്‍കിയിരുന്നത്. ഹിന്ദു ഐ എ എസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ ഗോപാലകൃഷ്ണനെ നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഐ എ എസ് ഉദ്യോഗസ്ഥയാണ് ഇന്റലിജന്‍സിന് പരാതി നല്‍കിയത്. ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചായിരുന്നു പരാതി. സംഭവത്തില്‍ മെറ്റയില്‍ ഉള്‍പ്പെടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഉദ്യോഗസ്ഥന്‍ തന്നെയാണ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന് സ്ഥിരീകരിച്ചത്. ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന ഗോപാലകൃഷ്ണന്റെ വാദം പോലീസ് തള്ളുകയും ചെയ്തിരുന്നു.
ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ചായിരുന്നു നടപടി. എന്നാല്‍, ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും താനല്ല ഗ്രൂപ്പ് ഉണ്ടാക്കിയതെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ വാദം. ഈ വാദം തള്ളിയ പോലീസ് ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും തെളിവ് നശിപ്പിക്കാന്‍ നീക്കം നടന്നുവെന്നും കണ്ടെത്തിയിരുന്നു.