Kerala
വയനാട് ദുരന്ത മേഖലയില്‍ സൂക്ഷ്മ പരിശോധന തുടരും: മന്ത്രി കെ രാജന്‍
ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, അട്ടമല തുടങ്ങിയ പ്രദേശങ്ങളില്‍ മന്ത്രി സഭാ ഉപസമിതി അംഗം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനൊപ്പം മന്ത്രി കെ രാജൻ സന്ദര്‍ശനം നടത്തി
ചിത്രം ഫയൽ
മേപ്പാടി | ഉരുള്‍പൊട്ടൽ ദുരന്ത മേഖലയിൽ ഇപ്പോള്‍ നടക്കുന്ന സൂക്ഷ്മമായ പരിശോധന തുടരുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. കാണാതായവരെ കണ്ടെത്തുന്നതിനായി വിവിധ സേനാംഗങ്ങളും നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും കഴിവിന്‍റെ പരമാവധിയാണ് വിനിയോഗിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, അട്ടമല തുടങ്ങിയ പ്രദേശങ്ങളില്‍ മന്ത്രി സഭാ ഉപസമിതി അംഗം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനൊപ്പം സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയിരുന്നു മന്ത്രി.
സൂചിപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഹെലി കോപ്റ്ററിന്റെ സഹായത്തോടെ തെരച്ചില്‍ നടത്തുന്നത്. എത്തിച്ചേരാന്‍ പ്രയാസമുള്ള സ്ഥലങ്ങളും തെരച്ചിലില്‍ നിന്ന് ഒഴിവാകുന്നില്ല എന്ന് ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. വിവിധ സേനാവിഭാഗങ്ങളുമായി ഇന്ന് ഉപസമിതി ചര്‍ച്ച നടത്തി. ഇതനുസരിച്ച് തുടര്‍ നടപടികള്‍ക്ക് രൂപം നൽകും.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം കുട്ടികളുടെ വിദ്യാഭ്യാസം പുനരാംരംഭിക്കുന്നതിനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി ആലോച്ചിച്ച് ഉടന്‍ കൈക്കൊള്ളും. കാണാതായവരുടെ വിവരശേഖരണം ഊര്‍ജിതമാണ്. റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ വിവരങ്ങള്‍ പരിശോധിക്കുന്നുണ്ട്. ആശാവര്‍ക്കര്‍മാര്‍, ജന പ്രതിനിധികള്‍ തുടങ്ങിയവരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്.
ക്യാമ്പില്‍ കഴിയുന്നവരെ കൂടുതല്‍ കാലം അവിടെ പാര്‍പ്പിക്കാന്‍ കഴിയില്ല. പുനരധിവാസം സാധ്യമാകുന്നത് വരെ താമസിപ്പിക്കുന്നതിന് ആവശ്യമായ കെട്ടിടങ്ങള്‍ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. ഒഴിഞ്ഞ് കിടക്കുന്ന സര്‍ക്കാര്‍ – സ്വകാര്യ കെട്ടിടങ്ങള്‍, വീടുകള്‍, റിസോര്‍ട്ടുകള്‍ എന്നിവ ഒരാഴ്ചക്കകം കണ്ടെത്തി നല്‍കാന്‍ നിര്‍ദേശം നല്‍കയിട്ടുണ്ട്.
വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ പെട്ടവരെ പുനരധിവസിപ്പക്കുന്നതിന് ടൗണ്‍ഷിപ്പ് പദ്ധതിയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കേറിക്കിടക്കാനൊരിടം മാത്രമല്ല പുനരധിവാസം കൊണ്ട് ഉദ്ദേശിക്കുന്നത്. വിദ്യാഭ്യാസം, ഉപജീവനമാര്‍ഗ്ഗം, ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ തുടങ്ങി എല്ലാം ഒരു കുടയ്ക്ക് കീഴില്‍ കൊണ്ട് വരുന്ന മാതൃകാ പദ്ധതിയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്നും മന്ത്രി രാജന്‍ പറഞ്ഞു.
കുപ്രചാരണങ്ങള്‍ അവസാനിപ്പിക്കണം: മന്ത്രി എ കെ ശശീന്ദ്രൻ
ഉരുള്‍പൊട്ടൽ മേഖലയിലെ രക്ഷാ – ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് കുപ്രചാരണം നടത്തുന്നത് അവസാനിപ്പിക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍.
ദുരന്തമുണ്ടായ ഉടനെ ആരംഭിച്ച രക്ഷാപ്രവര്‍ത്തനങ്ങളിലും തെരച്ചിലിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും എല്ലാവരും കൈ കോര്‍ക്കുകയാണ്. ലോകം തന്നെ പിന്തുണയുമായി നമുക്കൊപ്പമുണ്ട്. ഈ ഘട്ടത്തില്‍ വ്യാജ പ്രചരണം നടത്തുന്നത് വിപരീതഫലം ചെയ്യും.
മന്ത്രിസഭാ ഉപസമിതി സ്ഥലത്ത് ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആര്‍ക്കും മന്ത്രിമാരോട് നേരിട്ട് പരാതി പറയാമെന്നിരിക്കെ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ദുരുദ്ദേശപരമാണെന്നും മന്ത്രി പറഞ്ഞു.