Kerala
തിരുവനന്തപുരത്തും ആലപ്പുഴയിലും തൃശൂരിലും കൊല്ലത്തും കടലാക്രമണം
കടലാക്രമണം രൂക്ഷമായതോടെ സംസ്ഥാനത്ത് സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് പ്രഖ്യാപിച്ചു
തിരുവനന്തപുരം | സംസ്ഥാനത്ത് വിവിധ സ്ഥലത്ത് കടലാക്രമണം. തിരുവനന്തപുരത്തും ആലപ്പുഴയിലും തൃശൂരിലും കടലാക്രമണമുണ്ടായി. തിരുവനന്തപുരത്ത് പുല്ലുവിള മുതല്‍ പൊഴിയൂര്‍ വരെയും പൂന്തുറ, വലിതതുറ, കോവളം ഭാഗങ്ങളിലുമാണ് കടലാക്രമണം രൂക്ഷമായി തുടരുന്നത്. സുരക്ഷയുടെ ഭാഗമായി പൊഴിയൂരില്‍ വീടുകള്‍ ഒഴിപ്പിച്ചു.
ഇന്ന് ഉച്ചയോടെയാണ് സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ കടലാക്രമണം ഉണ്ടായത്. 50 ഓളം വീടുകളില്‍ വെള്ളം കയറി. പൊഴിക്കരയില്‍ റോഡ് വെള്ളത്തിന്റെ അടിയിലായി. പൂന്തുറ ഭാഗത്ത് രണ്ടു മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. നിരവധി മത്സ്യബന്ധന ബോട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ആലപ്പുഴയില്‍ പുറക്കാട്, വളഞ്ഞവഴി, ചേര്‍ത്തല, പള്ളിത്തോട് എന്നിവിടങ്ങളില്‍ കടലാക്രമണം ഉണ്ടായി. പള്ളിത്തോട് വീടുകളില്‍ വെള്ളം കയറി.വളഞ്ഞവഴിയില്‍ 10 വീടുകള്‍ ഭീഷണിയിലാണ്.
തൃശൂരില്‍ പെരിഞ്ഞനത്തും ആറാട്ടുപുഴയിലും കടലാക്രമണം ഉണ്ടായി. ഉച്ചക്ക് ശേഷമാണ് പെരിഞ്ഞനത്ത് കടലാക്രമണമുണ്ടായത്. മത്സ്യബന്ധന വലകള്‍ക്ക് കേടുപാട് സംഭവിച്ചു. വെള്ളവും മണ്ണും കയറിയാണ് മത്സ്യബന്ധന വലകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത്. പെരിഞ്ഞനം ബീച്ചില്‍ കടല്‍ ഭിത്തിയും കടന്നാണ് കടല്‍ വെള്ളം കരയിലേക്ക് കയറിയത്. കൊല്ലം മുണ്ടക്കലില്‍ കടല്‍ കയറി നിരവധി വീടുകള്‍ തകര്‍ന്നു.
കടലാക്രമണം രൂക്ഷമായതോടെ സംസ്ഥാനത്ത് സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയും ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.