Kerala
കായലില്‍ നിന്നും പറന്നുയര്‍ന്ന് സീ പ്ലെയിന്‍; പരീക്ഷണപ്പറക്കല്‍ വിജയകരം
ബോള്‍ഗാട്ടി പാലസിന് സമീപം കായലില്‍ നിന്ന് പറന്നുയര്‍ന്ന സീ പ്ലെയിന്‍ ഒരു മണിക്കൂറിനകം ലക്ഷ്യസ്ഥാനമായ മാട്ടുപ്പെട്ടിയില്‍ ലാന്‍ഡ് ചെയ്തു.
കൊച്ചി | കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് പുതിയ വേഗം കൈവരിക്കുമെന്ന് കരുതുന്ന സീ പ്ലെയിന്‍ പരീക്ഷണപ്പറക്കല്‍ വിജയകരം. ബോള്‍ഗാട്ടി പാലസിന് സമീപം കായലില്‍ നിന്ന് പറന്നുയര്‍ന്ന സീ പ്ലെയിന്‍ ഒരു മണിക്കൂറിനകം ലക്ഷ്യസ്ഥാനമായ മാട്ടുപ്പെട്ടിയില്‍ ലാന്‍ഡ് ചെയ്തു. ബോള്‍ഗാട്ടി പാലസില്‍ സീ പ്ലെയിനിന്റെ ഫ്‌ലാഗ് ഓഫ് കര്‍മം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ആണ് നിര്‍വഹിച്ചത്. വിമാനത്തില്‍ മന്ത്രിമാര്‍ അടക്കം യാത്ര ചെയ്തു
സീപ്ലെയിനിന് എല്ലാ സാങ്കേതികപിന്തുണയും നല്‍കുന്നത് സിയാലാണ് .ചെറുവിമാനത്തില്‍ 17 സീറ്റാണുള്ളത്. റണ്‍വേയ്ക്കുപകരം വെള്ളത്തിലൂടെ നീങ്ങിയാണ് പറന്നുയര്‍ന്നത്. വെള്ളത്തില്‍ത്തന്നെ ലാന്‍ഡ് ചെയ്യുന്ന തരത്തിലാണ് സീപ്ലെയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആഴമുള്ള ജലാശയത്തില്‍പ്പോലും സുരക്ഷിതമായി ഇറങ്ങാനാകും.വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വാട്ടര്‍ഡ്രോമുകളിലൂടെയാണ് യാത്രക്കാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുക. ബോള്‍ഗാട്ടി, മാട്ടുപ്പെട്ടി എന്നിവയ്ക്കുപുറമേ കോവളം, അഷ്ടമുടി, പുന്നമട, കുമരകം, വേമ്പനാട്, മലമ്പുഴ, ബേക്കല്‍ എന്നിവിടങ്ങളിലാകും വാട്ടര്‍ഡ്രോമുകള്‍ സ്ഥാപിക്കുക.