Connect with us

Eranakulam

സീപ്ലെയ്ന്‍ പരീക്ഷണപ്പറക്കല്‍ നാളെ; കൊച്ചിയിലെത്തുന്നത് ആംഫീബിയന്‍ വിമാനങ്ങള്‍

സംസ്ഥാനത്ത് സീപ്ലെയിന്‍ ടൂറിസം സര്‍ക്യൂട്ട് രൂപപ്പെടുത്തും

Published

|

Last Updated

കൊച്ചി | കേരളത്തിലെ പ്രധാന ജലാശയങ്ങളെയും വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിന്‍ ടൂറിസം സര്‍ക്യൂട്ട് രൂപപ്പെടുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഉയര്‍ന്ന മൂല്യമുള്ള വിനോദ സഞ്ചാര സാധ്യതകള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇടുക്കിയിലെ മാട്ടുപ്പെട്ടി, പാലക്കാട്ടെ മലമ്പുഴ, ആലപ്പുഴയിലെ വേമ്പനാട്ട്, കായല്‍ കൊല്ലം അഷ്ടമുടിക്കായല്‍, കാസര്‍കോട്ടെ ചന്ദ്രഗിരിപ്പുഴ, തിരുവനന്തപുരത്ത് കോവളം തുടങ്ങി ജലാശയങ്ങളെയാണ് ബദ്ധപ്പെടുത്തിയാണ് ആദ്യ ഘട്ടം പദ്ധതി നടപ്പാക്കുന്നത്.

ടൂറിസത്തിന് പുറമേ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും വിഐപികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അവശ്യഘട്ടങ്ങളില്‍ സഞ്ചരിക്കാനും അടിയന്തര ഘട്ടങ്ങളില്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതിനും പദ്ധതി പ്രയോജനപ്പെടുത്താനാകുമെന്നും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വിനോദ സഞ്ചാരമേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്ന സീപ്ലെയിന്‍ ടൂറിസം പദ്ധതിക്കായി കൊച്ചിയിലെത്തുന്നത് ആംഫീബിയന്‍ വിമാനങ്ങളാണ്. വലിയ ജനാലകള്‍ ഉള്ളതിനാല്‍ ഇതില്‍ നിന്ന് കാഴ്ചകള്‍ നന്നായി കാണാനാകും.

മൂന്നാറിന്റെയും പശ്ചിമഘട്ടത്തിന്റെയും ആകാശക്കാഴ്ചകളിലൂടെയുള്ള സഞ്ചാരം യാത്രികര്‍ക്ക് മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക. എയര്‍ സ്ട്രിപ്പുകള്‍ നിര്‍മ്മിച്ച് പരിപാലിക്കുന്നതിനുള്ള വലിയ ചെലവ് ഒഴിവാകുന്നുവെന്നതും ജലവിമാനങ്ങളുടെ ആകര്‍ഷണീയതയാണ്. റീജിയണല്‍ കണക്ടിവിറ്റി സ്‌കീമിന്റെ ഭാഗമായാണ് പദ്ധതി. ആന്ധ്രപ്രദേശിലെ പ്രകാശം ബാരേജില്‍ ഇന്നലെ ഉദ്ഘാടനം ചെയ്യപ്പെട്ട ആംഫീബിയസ് എയര്‍ക്രാഫ്റ്റാണ് (കരയിലും വെള്ളത്തിലും ഇറങ്ങുന്ന വിമാനം) കൊച്ചിയിലെത്തുന്നത്. 9 പേരെ വഹിക്കാവുന്ന മാലദ്വീപിലുപയോഗിക്കുന്നതിനു സമാനമായ വിമാനമാണിത്.

ആന്ധ്രപ്രദേശില്‍ നിന്ന് മൈസൂറിലെത്തിയ ശേഷം 12.55 ന് സിയാലില്‍ എത്തുന്ന എയര്‍ക്രാഫ്റ്റ് ഇന്ധനം നിറച്ച ശേഷം 2.30 ന് കൊച്ചി ബോള്‍ഗാട്ടി മറീനയില്‍ ലാന്‍ഡ് ചെയ്യും. തുടര്‍ന്ന് മറീനയില്‍ സീപ്ലെയ്ന്‍ പാര്‍ക്ക് ചെയ്യും. വിമാനത്തിന്റെ പൈലറ്റുമാര്‍ക്ക് ബോള്‍ഗാട്ടി പാലസില്‍ സ്വീകരണമൊരുക്കും.11 ന് രാവിലെ 10.30 ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് സീപ്ലെയ്ന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.

Latest