loksabha election 2024
യുപിയിൽ സീറ്റ് ധാരണയായി; 17 സീറ്റുകളിൽ കോൺഗ്രസ്; 63 ഇടത്ത് സമാജ് വാദി പാർട്ടി
ഏറെ അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ ബുധനാഴ്ച വൈകീട്ടാണ് കോൺഗ്രസും സമാജ് വാദി പാർട്ടിയും അന്തിമ സീറ്റ് ധാരണയിൽ എത്തിയത്.
ലഖ്‌നൗ | വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിൽ 17 എണ്ണത്തിൽ കോൺഗ്രസ് മത്സരിക്കും. ബാക്കി 63 സീറ്റുകളിൽ സമാജ്‌വാദി പാർട്ടി സ്ഥാനാർഥികൾ ജനവിധി തേടും. ഏറെ അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ ബുധനാഴ്ച വൈകീട്ടാണ് കോൺഗ്രസും സമാജ് വാദി പാർട്ടിയും അന്തിമ സീറ്റ് ധാരണയിൽ എത്തിയത്. ഇരുപാർട്ടികളും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ഇതുസംബന്ധിച്ച എല്ലാ അനിശ്ചിതത്വങ്ങളും നീങ്ങി.
സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം വഷളാവുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളി അഖിലേഷ് യാദവ് നേരത്തെ രംഗത്ത് വന്നിരുന്നു. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസുമായുള്ള സഖ്യ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ചര്‍ച്ചകള്‍ ശുഭകരമായി അവസാനിക്കുമെന്നും അദ്ദേഹം ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ അമേത്തിയിലും റായ്ബറേലിയിലും അഖിലേഷ് യാദവ് പങ്കെടുത്തിരുന്നില്ല. ഇത് ഇരുപാർട്ടികളും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായതിന്റെ തെളിവായി ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.