Travelogue
കടൽക്കാഴ്ചയുടെ ക്രാബ് മാർക്കറ്റ്
കംബോഡിയയിൽ മൂന്നാം ദിനമാണിന്ന്. റിസോർട്ടിന്റെ പിറകിലായി ചെറുതല്ലാത്ത ഒരു കാടാണുള്ളത്. രാവിലെ ഞാൻ റിസോർട്ടിന്റെ ചുറ്റുഭാഗവും ആ കാടും കാണാൻ വേണ്ടി നടത്തം ആരംഭിച്ചപ്പോൾ ചെറിയൊരു ചൂളം വിളിയുടേതിന് സമാനമായുള്ള ശബ്ദം കേട്ടു.
കേപ് എനിക്കും ദാർവീഷിനും പുതുതായുള്ള ഒരു അനുഭവവും നൽകുന്നുണ്ടായിരുന്നില്ല. ഞങ്ങളുടെ ഏറെ സമയം വെറുതെ നഷ്ടപ്പെടുന്ന ഒരു വികാരമാണ് അനുഭവപ്പെടുന്നത്. പെട്ടെന്ന് തലസ്ഥാന നഗരിയിലേക്ക് മടങ്ങാനുള്ള തീരുമാനം എടുക്കണമെന്ന് ദർവേഷ് പറഞ്ഞു. എനിക്കും അത് ശരിയായി തോന്നി.
കംബോഡിയയിൽ മൂന്നാം ദിനമാണിന്ന്. റിസോർട്ടിന്റെ പിറകിലായി ചെറുതല്ലാത്ത ഒരു കാടാണുള്ളത്. രാവിലെ ഞാൻ റിസോർട്ടിന്റെ ചുറ്റുഭാഗവും ആ കാടും കാണാൻ വേണ്ടി നടത്തം ആരംഭിച്ചപ്പോൾ ചെറിയൊരു ചൂളം വിളിയുടേതിന് സമാനമായുള്ള ശബ്ദം കേട്ടു. ഇടക്ക് കുപ്പിക്കകത്തേക്ക് മനുഷ്യർ ശബ്ദം പുറപ്പെടുവിച്ചാലുള്ള സ്വരവും വരുന്നുണ്ട്. ഒരുതരം ഭയം ഉളവാക്കുന്ന ശബ്ദ തരംഗങ്ങൾ തന്നെയായിരുന്നു അത്. ഞാൻ ചുറ്റുപാടും കണ്ണോടിച്ചപ്പോൾ വലിയൊരു പല്ലി ഇഴഞ്ഞു വരുന്നു. നാഷണൽ ജ്യോഗ്രഫിക് ചാനലിലും ബിബിസിയിലും കണ്ടു ശീലിച്ചതായ കൊമോഡോ ഡ്രാഗണെ അനുസ്മരിപ്പിക്കുന്ന ഒന്നായിരുന്നു അത്. ഞാൻ ഭയത്തോടെയാണെങ്കിലും അൽപ്പ നേരം അതിനെ നിരീക്ഷിച്ചു. അതിന്റെ നാവ് ഇടക്കിടക്ക് പുറത്തേക്ക് വന്നുകൊണ്ടേയിരിക്കുന്നുണ്ട്. അഗ്രം ചെറുതായി മുറിഞ്ഞ രൂപത്തിലുമാണ്. പരുപരുത്ത തൊലിയും നീണ്ട വാലും ആ രൂപവുമെല്ലാം ഭയം ജനിപ്പിക്കുന്നു. നമ്മുടെ നാട്ടിൽ കാണുന്ന ഉടുമ്പിനേക്കാൾ വലുതാണ് കക്ഷി. ഓരോ കാലുകളും പതുക്കെ വെച്ചാണ് നീങ്ങുന്നത്. ഞാൻ പെട്ടെന്ന് തന്നെ റിസോർട്ട് റിസപ്ഷനിസ്റ്റിനെ സമീപിച്ചു കാര്യം അറിയിച്ചു. ഈ ജന്തു വളരെ അപൂർവമായി കാണപ്പെടുന്ന ഒരു വ്യാളി വർഗമാണത്രെ. കുറച്ചെണ്ണം ഈ നാട്ടിൽ ഉണ്ടായിരുന്നു. എല്ലാം വംശനാശം സംഭവിച്ചിട്ടുണ്ട്. ഇനി ഇതുപോലെയുള്ള ഒന്ന് രണ്ടെണ്ണം മാത്രമാണ് ഈ പ്രദേശത്ത് ബാക്കിയുള്ളത്. വിഷം കലർന്നതാകും അവയുടെ ഉമിനീരെന്നും അവർ എന്നോട് പറഞ്ഞു. നിലവിൽ ഇന്തോനേഷ്യയിലെ കൊമോഡോ സംരക്ഷിത ദ്വീപിൽ ഈ വർഗത്തിൽപ്പെട്ട ഭീമൻ വ്യാളികളുടെ വലിയൊരു കൂട്ടം തന്നെയുണ്ട്. ഭയത്തിന്റെ ആധിയിൽ വേണ്ടതായ രീതിയിൽ ആ ജീവിയെ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല എന്ന സങ്കടം പിന്നീടുണ്ടായി.
ഏകദേശം പത്ത് മണി ആയപ്പോൾ ഞങ്ങൾ മൂവരും കൂടി കേപിലുള്ള അതി പ്രശസ്തമായ ക്രാബ് മാർക്കറ്റിലേക്ക് നീങ്ങി. ഞണ്ട് പ്രധാന വരുമാന മാർഗമായതിനാൽ അവിടുത്തെ മത്സ്യ മാർക്കറ്റിനു”ക്രാബ് മാർക്കറ്റ്’ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. ക്രാബ് മാർക്കറ്റിന്റെ സ്വാഗത കവാടത്തിൽ വലിയ അലങ്കാരങ്ങളൊന്നുമില്ല. കടലിലേക്ക് ഇറക്കിയുണ്ടാക്കിയ രൂപത്തിലാണ് ഇത് ഡിസൈൻ ചെയ്തിട്ടുള്ളത്. നൂറുകണക്കിന് സ്റ്റാളുകളിലായിട്ട് ഒരുപാട് ആളുകൾ അവിടെ പലവിധ മത്സ്യങ്ങൾ കച്ചവടം ചെയ്യുന്നു. ജീവനോടെയുള്ള മീനുകൾ, ചിലത് വേവിച്ചു വിൽക്കുന്നു, ചിലത് മുറിച്ചു കഷ്ണം കഷ്ണമാക്കി കമ്പിൽ കോർത്ത് വിൽക്കുന്നു. അതിൽ ചെമ്മീൻ, കൂന്തൽ, സ്രാവ്, നീരാളി, തിരണ്ടി, ആവോലി, ഞണ്ട് എന്നിവയാണ് കൂടുതൽ. ഞങ്ങൾ ഈ വിൽപ്പനക്കാരുടെ ഇടയിലൂടെ നടന്നു. വിലയെല്ലാം ആപേക്ഷികമായി നമ്മുടെ നാടിനേക്കാൾ വളരെ കുറവാണ്. നിലത്ത് മരത്തകിടികളാൽ പ്ലാറ്റ് ഫോം പണിതാണ് മാർക്കറ്റ് ഉള്ളത്. അതിൽ കടലിനോട് ചേർന്ന ഭാഗത്ത് വളരെ രസകരമായ സംഗതികൾ കാണാം. ഒരുപാട് സ്ത്രീകൾ കടലിലിറങ്ങി നിന്നുകൊണ്ട് ആളുകളെ അങ്ങോട്ടേക്ക് ക്ഷണിക്കുന്നു. എന്നിട്ട് ജീവനുള്ള ഞണ്ടുകളെ കടലിൽ നിന്ന് അപ്പോൾ പിടിച്ചു തൂക്കി നൽകുന്നു. ഇനി അത് അപ്പോൾ തന്നെ ഭക്ഷിക്കണമെന്നുണ്ടെങ്കിൽ മസാല പുരട്ടി വേവിച്ചു ഭക്ഷണമാക്കിത്തരാനും അവരുടെ അടുക്കൽ സംവിധാനമുണ്ട്. ഇങ്ങനെ ജീവനുള്ള ഒരു മാർക്കറ്റ് അവിടെ കാണാം. സായിപ്പന്മാരാണ് ഇത്തരത്തിലുള്ള കച്ചവടത്തിന് കൂടുതൽ താത്പര്യം പ്രകടിപ്പിക്കുന്നത്. മാർക്കറ്റിന്റെ മറ്റൊരു ഭാഗത്ത് ചെറു ചെമ്മീനുകളുടെ വലിയൊരു കൂമ്പാരം കൂട്ടിയിട്ടത് കാണാം. അത് മീൻ വലയിൽ കുടുങ്ങിയ ചെറു ചെമ്മീനുകളെ ഒരുമിച്ചു കൂട്ടിയതാണ്. ഫാമുകളിലേക്ക് വളമായിട്ട് ഉപയോഗിക്കേണ്ടവർ അവിടെ ചെന്ന് അത് തൂക്കി വാങ്ങും.
ക്രാബ് മാർക്കറ്റിലെ കാഴ്ചകൾ കണ്ടതിനു ശേഷം ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഒരു ഹോട്ടലിലേക്ക് ചെന്നു. കടലിലേക്ക് ഇറക്കി ഉണ്ടാക്കിയ ഒരു ഭക്ഷണശാലയാണത്. സുനിയോടും ദാർവീഷിനോടും കഴിഞ്ഞ ദിവസങ്ങളിലെ വിശേഷങ്ങൾ പറഞ്ഞും ഇഷ്ടപ്പെട്ട ഭക്ഷണദൗർലഭ്യതകൊണ്ടുണ്ടായ വിരസത പങ്കുവെച്ചും ഞങ്ങൾ ഭക്ഷണം കഴിച്ചു. കേപ് ഞങ്ങൾക്ക് കാഴ്ചകളും നവ്യാനുഭവങ്ങളും സമ്മാനിക്കാത്തതിനാലും വലിയൊരു ശൂന്യത ഉണ്ടാക്കിയെന്ന നേര് സുനിക്കും മനസ്സിലായിട്ടുണ്ട്. അവൻ പറഞ്ഞു, യഥാർഥത്തിൽ കംബോഡിയയുടെ ചരിത്രം ഉറങ്ങിക്കിടക്കുന്നത് അത് തലസ്ഥാന നഗരിയായ നോം പെനിൽ തന്നെയാണ്. മറ്റുള്ള ഉൾനാടുകളിലെല്ലാം ജനസംഖ്യയും ജീവിതവും തുലോം കുറവാണ്.
ഉച്ചയോടെ ഞങ്ങൾ നോം പെനിലേക്ക് യാത്ര തിരിച്ചു. മടക്ക യാത്രയിൽ ഞങ്ങളെ കംബോഡിയയിലേക്ക് ക്ഷണിച്ച ഡോ. റോസെർട് ഒമറിന്റെ മെഡിക്കൽ ക്ലിനിക്കിലേക്ക് കയറി. കൊമ്പോട്ട് പ്രവിശ്യയിലെ ഒരു ഉൾഗ്രാമത്തിലാണതുള്ളത്. മുഴുസമയ സാമൂഹിക പ്രവർത്തകനാണദ്ദേഹം. നോം പെൻ മെഡിക്കൽ കോളജിൽ നിന്നും ബിരുദമെടുത്തതിന് ശേഷം നാട്ടിൽ ചെറിയൊരു ക്ലിനിക്ക് ആരംഭിച്ചു. അവികസിത നാടായതിനാൽ വല്ല മെഡിക്കൽ അത്യാഹിതം വരുമ്പോൾ തന്റെ നാട്ടുകാർ ബുദ്ധിമുട്ടാകുന്നുണ്ടെന്നു മനസ്സിലാക്കിയ ആ യുവാവ് സുമനസ്സുകളിൽ നിന്നും പണം സ്വരൂപിച്ചു കൊണ്ട് തന്റെ നാടുകളിൽ വിവിധ സ്ഥലങ്ങളിലായി ക്ലിനിക്കുകൾ ആരംഭിച്ചു. ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി സിംഗപ്പൂരിൽ നിന്നും ഒരുപറ്റം മനുഷ്യർ ഇദ്ദേഹത്തെ സഹായിച്ചു. കൂടെ ഫാർമസ്യൂട്ടിക്കൽസ് ബിരുദം കരസ്ഥമാക്കിയ സഹധർമിണിയുടെ സഹായം പ്രവർത്തനങ്ങൾക്ക് ശക്തി പകർന്നു.
ഇതിനിടയിലാണ് സിംഗപ്പൂരിൽ പഠനം നടത്തിയ ഇർഫാൻ നൂറാനി ഡോക്ടറെ പരിചയപ്പെടുന്നത്. ആ ബന്ധവും ഇർഫാൻ നൂറാനിയുടെ താത്പര്യവുമാണ് ഞങ്ങളെ അങ്ങോട്ടേക്ക് യാത്ര നയിച്ചത്. എനിക്കും ആർക്കിടെക്റ്റ് ദാർവീഷിനും എന്തെന്നില്ലാത്ത ഒരു ആദരവും ബഹുമാനവും ഈ മനുഷ്യനോട് തോന്നി. ഒരു പ്രൊഫഷണൽ അവന്റ വിഷയത്തിൽ അനുകമ്പയും ആത്മാർഥതയും മാനുഷികതയും കാണിക്കുമ്പോൾ ആ സമൂഹം ഒന്നടങ്കം അതിന്റെ ഗുണഭോക്താക്കളാകുന്ന മനോഹരമായ കാഴ്ച. തുടർന്നും ആ ബന്ധവും സ്‌നേഹവും തുടരട്ടെ എന്ന് ആശംസിച്ചു കൊണ്ട് ഞങ്ങൾ അവിടുന്ന് കംബോഡിയയുടെ തലസ്ഥാന നഗരിയായ നോം പെൻ ലക്ഷ്യമാക്കി യാത്ര തുടർന്നു.