Connect with us

Articles

സെബി'യുടെ അദാനി സേവ; മിണ്ടുമോ ഭരണകൂടം?

അദാനി ഗ്രൂപ്പ് കമ്പനികള്‍ ഓഹരി വിലയില്‍ കൃത്രിമം കാട്ടിയെന്ന റിപോര്‍ട്ട് ഹിന്‍ഡന്‍ബര്‍ഗ് നേരത്തേ പുറത്തുവിടുകയും വന്‍ വിവാദങ്ങള്‍ക്ക് ഈ റിപോര്‍ട്ട് കാരണമാകുകയും ചെയ്തിരുന്നു. സെബി മേധാവിക്കും അതില്‍ പങ്കുണ്ടെന്ന ഗുരുതരമായ ആരോപണമാണ് ഇപ്പോള്‍ ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയിരിക്കുന്നത്.

Published

|

Last Updated

ദാനിക്ക് പങ്കാളിത്തമുള്ള നിഴല്‍ കമ്പനികളില്‍ സെബി ചെയര്‍പേഴ്സൻ മാധബി പുരി ബുച്ചിന് നിക്ഷേപമുണ്ടെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ട് വലിയ കോളിളക്കമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഈ റിപോര്‍ട്ട് വ്യക്തിഹത്യയാണെന്നും അടിസ്ഥാനരഹിതമാണെന്നുമാണ് സെബി മേധാവിയും അദാനി ഗ്രൂപ്പും പ്രതിരോധിക്കാനായി പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ സെബി ചെയര്‍പേഴ്സൻ മാധബി പുരി ബുച്ചിനോട് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ചോദിക്കുന്നത് ഏതന്വേഷണവും നേരിടാന്‍ താങ്കള്‍ തയ്യാറാകുമോ എന്നാണ്, സിംഗപ്പൂര്‍ കമ്പനി ഇടപാട് നടത്തിയവരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ താങ്കള്‍ക്ക് ധൈര്യമുണ്ടോ എന്നുമാണ്.

അദാനിക്ക് പങ്കാളിത്തമുള്ള നിഴല്‍ കമ്പനികളില്‍ സെബി മേധാവിക്കും നിക്ഷേപമുണ്ടെന്ന കാര്യം ഹിന്‍ഡന്‍ബര്‍ഗ് ആവര്‍ത്തിക്കുകയാണ്. സെബി ചെയര്‍പേഴ്സനെ കുരുക്കുക മാത്രമല്ല, തങ്ങളുടെ കമ്പനികളുടെ ഓഹരിമൂല്യം വര്‍ധിപ്പിച്ച കള്ളക്കളികളുടെ ഒഴിഞ്ഞുമാറാനാകാത്ത ഉത്തരവാദിത്വത്തിലേക്ക് അദാനിയെ വീണ്ടും കൊണ്ടുവന്നിരിക്കുകയാണ് രണ്ടാം ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ട്. അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം നടക്കുന്ന സന്ദര്‍ഭത്തില്‍ ആ ഗ്രൂപ്പുമായി ബന്ധമുള്ള നിഴല്‍ കമ്പനികളില്‍ സെബി ചെയര്‍പേഴ്സനും ഭര്‍ത്താവിനും നിക്ഷേപമുണ്ടായിരുന്നുവെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നത്. നേരത്തേ സുപ്രീം കോടതി സെബിയെ വിമര്‍ശിച്ചത്, നിഴല്‍ സ്ഥാപനങ്ങള്‍ ഏതെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞാണ്.

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍, മേല്‍ കമ്പനികളെക്കുറിച്ച് സെബി ചെയര്‍പേഴ്സന് അറിവുണ്ടായിരുന്നുവെന്ന വ്യക്തമായ സൂചനയാണ് നല്‍കുന്നത്. ഓഹരി വിപണിയിലെ പരമോന്നത നിയന്ത്രണ ഏജന്‍സിയായ സെബിയുടെ മേധാവി തന്നെ അദാനിയുടെ നിഴല്‍ കമ്പനികളില്‍ നിക്ഷേപം നടത്തിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഗുരുതരമായ അവസ്ഥയെയാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെയാണ് “ഇന്ത്യ’ കൂട്ടായ്മ ജോയിന്റ് പാര്‍ലിമെന്ററി കമ്മിറ്റിയുടെ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാം ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ട് സെബിയുടെ വിശ്വാസ്യത തകര്‍ത്തെന്നും പിന്നാമ്പുറങ്ങളില്‍ വന്‍ അഴിമതി നടന്നെന്നും കൃത്യമായി വെളിച്ചത്ത് കൊണ്ടുവന്നിരിക്കുകയാണ്. ഇതിനുത്തരം പറയാന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വമുണ്ട്.

ജെ പി സി രൂപവത്കരിച്ച് അന്വേഷണം നടത്താന്‍ ഒരു കാരണവശാലും സര്‍ക്കാര്‍ വിസമ്മതിക്കരുതെന്ന ആവശ്യമാണ് പ്രതിപക്ഷം ഉയര്‍ത്തിയിരിക്കുന്നത്. സെബി മേധാവി സ്ഥാനത്ത് നിന്ന് മാധബി പുരി ബുച്ചിനെ മാറ്റണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. അതുകൂടാതെ, വിനോദ് അദാനി നിയന്ത്രിക്കുന്ന ഐ പി ഇ +1 ഫണ്ടില്‍ നിക്ഷേപം നടത്തിയോയെന്ന് സെബി മേധാവി വ്യക്തമാക്കാന്‍ തയ്യാറാകണമെന്ന ആവശ്യവും പ്രതിപക്ഷം മുന്നോട്ടുവെച്ചിട്ടുണ്ട്. അദാനിയുടെ നിഴല്‍ കമ്പനികളില്‍ സെബി മേധാവിക്ക് നിക്ഷേപമുണ്ടെന്നത് ഗുരുതരമായ ആരോപണമാണെന്നും അതിന് മറുപടി പറയാന്‍ ബി ജെ പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബാധ്യസ്ഥമാണെന്നുമാണ് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്.

അദാനി ഗ്രൂപ്പ് കമ്പനികള്‍ ഓഹരി വിലയില്‍ കൃത്രിമം കാട്ടിയെന്ന റിപോര്‍ട്ട് ഹിന്‍ഡന്‍ബര്‍ഗ് നേരത്തേ പുറത്തുവിടുകയും വന്‍ വിവാദങ്ങള്‍ക്ക് ഈ റിപോര്‍ട്ട് കാരണമാകുകയും ചെയ്തിരുന്നു. സെബി മേധാവിക്കും അതില്‍ പങ്കുണ്ടെന്ന ഗുരുതരമായ ആരോപണമാണ് ഇപ്പോള്‍ ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയിരിക്കുന്നത്. അദാനി കമ്പനികളില്‍ നിക്ഷേപം നടത്താന്‍ വിനോദ് അദാനി ഉപയോഗിച്ച അതേ വിദേശ ഫണ്ടുകളില്‍ മാധബിക്കും ഭര്‍ത്താവിനും ഓഹരികളുണ്ടായിരുന്നതിന്റെ തെളിവുകളാണ് ഹിന്‍ഡന്‍ബര്‍ഗ് വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നത്. റിപോര്‍ട്ടില്‍ രേഖകളടക്കം സെബി മേധാവിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളുമുണ്ട്.

ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ട് ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്‌ചേഞ്ചസ് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ വിശ്വാസ്യതയെ തന്നെയാണ് തകര്‍ത്തിരിക്കുന്നത്. സെബി ധനമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ്. അദാനി ഗ്രൂപ്പിന്റെ ഓഹരി തട്ടിപ്പ് സംബന്ധിച്ച് ഒന്നര വര്‍ഷം മുമ്പ് ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട വെളിപ്പെടുത്തലുകളില്‍ സെബി നിഷ്പക്ഷ അന്വേഷണം നടത്താന്‍ തയ്യാറായില്ലെന്ന ആക്ഷേപം നേരത്തേ ഉയര്‍ന്നുവന്നതാണ്.

യു എസ് ആസ്ഥാനമായ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ ഒന്നാം റിപോര്‍ട്ടിനെ തുടര്‍ന്ന് അന്വേഷണം നടത്തിയിരുന്നുവെങ്കിലും സെബി അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു. ഇത് വിവാദപരമായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്. സെബിയുടെ നടപടികളില്‍ വലിയ അതൃപ്തി അന്നേ ഉയര്‍ന്നുവന്നതാണ്. ഹിന്‍ഡന്‍ബര്‍ഗിന്റെ അദാനിക്കെതിരായ ആരോപണങ്ങളെ ചോദ്യം ചെയ്തുകൊണ്ട് ഹിന്‍ഡന്‍ബര്‍ഗിന് കാരണം കാണിക്കല്‍ നോട്ടീസും സെബി അന്ന് നല്‍കിയിരുന്നു. അദാനിക്ക് ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ വലിയ നഷ്ടമുണ്ടാക്കിയെന്നാരോപിച്ചായിരുന്നു നോട്ടീസ്. ഇതെല്ലാം അദാനിയുടെ കൈയില്‍ കളിക്കുന്ന ഒരു സംവിധാനം മാത്രമാണ് സെബിയെന്ന വാസ്തവത്തെയാണ് അടിവരയിട്ടത്.

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ടിലൂടെ, സെബി അദാനിയുമായി ഒത്തുകളിച്ചുവെന്ന ആരോപണമാണ് രേഖാപരമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്നിരിക്കുന്നത്. ശരിയായ അന്വേഷണം നടത്തിയാല്‍, സെബി മേധാവി കുടുങ്ങുമെന്നും അവരുടെ സഹായമുള്ളതുകൊണ്ടാണ് അദാനിക്ക് ഹിന്‍ഡന്‍ബര്‍ഗിനെ വെല്ലുവിളിക്കാന്‍ ആത്മവിശ്വാസം ഉണ്ടായതെന്നുമാണ് ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ട് കൃത്യമായി ചൂണ്ടിക്കാണിക്കുന്നത്. നേരത്തേയും സെബി മേധാവി അദാനിക്കെതിരായ അന്വേഷണം അട്ടിമറിച്ചിരുന്നു.

ഇന്ത്യയില്‍ നിന്ന് കടത്തിയ കള്ളപ്പണം അദാനി കമ്പനികളിലേക്ക് നിക്ഷേപമായി വരുന്നുവെന്ന് ഡി ആര്‍ ഐ നേരത്തേ റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. അന്നത്തെ സെബി ചെയര്‍മാന്‍ ഉപേന്ദ്രകുമാര്‍ സിന്‍ഹ അത് പൂഴ്ത്തിക്കളയുകയായിരുന്നു. പിന്നീട് 2020ല്‍ അന്വേഷണം ആരംഭിക്കുമ്പോള്‍ സെബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഉപേന്ദ്രകുമാര്‍ സിന്‍ഹ വിരമിക്കുകയും പ്രത്യുപകാരമായി അദാനി അദ്ദേഹത്തെ എന്‍ ഡി ടി വിയുടെ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനായി നിയോഗിക്കുകയും ചെയ്തു. കോര്‍പറേറ്റ് മൂലധന കുത്തകകളുടെ താത്പര്യങ്ങള്‍ക്കു മുമ്പില്‍ ഔദ്യോഗിക സംവിധാനങ്ങള്‍ നിര്‍ലജ്ജം വഴങ്ങിക്കൊടുക്കുകയും എല്ലാ വിധ അഴിമതിക്കും തട്ടിപ്പുകള്‍ക്കും സൗകര്യമൊരുക്കിക്കൊടുക്കുകയുമാണ്. ഇതാണ് മോദി ഭരിക്കുന്ന ഇന്ത്യയിലെ അവസ്ഥ.

Latest