sprinklr
ശിവശങ്കറിനെ വെള്ള പൂശി രണ്ടാം സമിതി; പ്രതികരിക്കാനില്ലെന്ന് ആദ്യ സമിതിയുടെ അധ്യക്ഷന്‍
മുന്‍ വ്യോമയാന സെക്രട്ടറി എം മാധവന്‍ നമ്പ്യാര്‍, സൈബര്‍ സുരക്ഷാ വിദഗ്ധന്‍ ഡോ ഗുല്‍ഷന്‍ റായ് എന്നിവരടങ്ങുന്ന കമ്മിറ്റി നല്കിയ റിപ്പോര്‍ട്ട് പരിശോധിക്കാനാണ് പുതിയ കമ്മിറ്റിയെ നിയോഗിച്ചത്
തിരുവന്തപുരം | കൊവിഡ് രോഗികളുടെ വിവര വിശകലനത്തിന് സ്പ്രിംഗ്ലറിനെ നിയമിച്ച വിഷയത്തില്‍ എം ശിവശങ്കരന് എതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഏര്‍പ്പെടുത്തിയ രണ്ടാമത്തെ സമിതിയുടെ ക്ലീന്‍ ചിറ്റ്. വീഴ്ചകള്‍ ഉണ്ടായെങ്കിലും കരാര്‍ സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധമല്ലെന്നും കരാറിന്റെ പൂര്‍ണ്ണ ഉത്തരവാദിയായ എം ശിവശങ്കറിന് ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അവശ്യമായ ചര്‍ച്ചകള്‍ നടത്തിയില്ലെന്നും സ്വകാര്യ വിവരങ്ങള്‍ അപ്ലോഡ് ചെയ്യും മുമ്പ് ഡേറ്റ സുരക്ഷ ഉറപ്പ് വരുത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുന്‍ നിയമ സെക്രട്ടറി കെ ശശിധരന്‍ നായരുടെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. നേരത്തേ, മുന്‍ വ്യോമയാന സെക്രട്ടറി എം മാധവന്‍ നമ്പ്യാര്‍, സൈബര്‍ സുരക്ഷാ വിദഗ്ധന്‍ ഡോ ഗുല്‍ഷന്‍ റായ് എന്നിവരടങ്ങുന്ന കമ്മിറ്റി നല്കിയ റിപ്പോര്‍ട്ട് പരിശോധിക്കാനാണ് പുതിയ കമ്മിറ്റിയെ നിയോഗിച്ചത്. എന്നാല്‍, ഈ കമ്മിറ്റി ശിവശങ്കറിനെ വെള്ള പൂശാന്‍ ഉള്ളതാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
അതേസമയം, ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ആദ്യ റിപ്പോര്‍ട്ട് തയ്യാറാക്കിയ എം മാധവന്‍ നമ്പ്യാര്‍ പ്രതികരിച്ചു.