Connect with us

National

അമേരിക്കയില്‍ അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം ഇന്ന് എത്തും

119 പേരാണ് വിമാനത്തിലുണ്ടാവുക എന്നാണ് വിവരം

Published

|

Last Updated

ന്യൂഡല്‍ഹി|അമേരിക്കയില്‍ അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരുമായുള്ള രണ്ടാമത്തെ വിമാനം ഇന്ന് അമൃത്സറില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. അമൃത്സറിലെ ശ്രീ ഗുരുരാംദാസ്ജി അന്തര്‍ദേശീയ വിമാനതാവളത്തിലാവും വിമാനം ഇറങ്ങുക. 119 പേരാണ് വിമാനത്തിലുണ്ടാവുക എന്നാണ് ലഭിക്കുന്ന വിവരം. ഫെബ്രുവരി അഞ്ചിനാണ് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം അമൃത്സറില്‍ ഇറങ്ങിയത്. യുഎസ് സൈനിക വിമാനം സി-17ല്‍ ആണ് ഇന്ത്യക്കാര്‍ എത്തിയത്.

ആദ്യവിമാനത്തില്‍ ഇന്ത്യക്കാരെ ചങ്ങലയിട്ട് കൊണ്ടുവന്നത് വലിയ വിവാദമായിരുന്നു. രണ്ടാമത്തെ വിമാനവും പഞ്ചാബില്‍ തന്നെ ഇറക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ പ്രതിഷേധം അറിയിച്ചിരുന്നു. ആദ്യ വിമാനത്തില്‍ 25 സ്ത്രീകളും 10 കുട്ടികളുമുള്‍പ്പെടെ 100 ഇന്ത്യന്‍ കുടിയേറ്റക്കാരാണ് ഉണ്ടായിരുന്നത്.

പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷവും ഇന്ത്യക്കാരെ തിരിച്ചയക്കുന്ന നിലപാടില്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാറ്റം വരുത്തിയില്ല. ഇന്ന് രണ്ട് വിമാനങ്ങളിലായി അമൃത്സര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനധികൃത കുടിയേറ്റക്കാരെ എത്തിക്കും. ഫെബ്രുവരി 16 ന് മറ്റൊരു വിമാനവും എത്തും. പഞ്ചാബ്-67, ഹരിയാന-33, ഗുജറാത്ത്-എട്ട്, യു പി-മൂന്ന്, രാജസ്ഥാന്‍-രണ്ട്, മഹാരാഷ്ട്ര-രണ്ട്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്-ഓരോരുത്തര്‍ വീതം എന്നിങ്ങനെയാണ് തിരിച്ചയക്കുന്നവരുടെ കണക്ക്.

ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിനു ശേഷം യുഎസില്‍ നിന്ന് നാടുകടത്തപ്പെടുന്ന രണ്ടാമത്തെ ഇന്ത്യന്‍ സംഘമാണ് ഇത്. അതേസമയം, യുഎസ് സന്ദര്‍ശനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ തിരിച്ചെത്തി.