Connect with us

Saudi Arabia

റമസാനിലെ രണ്ടാം വെള്ളിയാഴ്ച; ഇരുഹറമുകളും വിശ്വാസികളാല്‍ നിറഞ്ഞു

രാവിലെ മുതല്‍ തന്നെ വിശ്വാസികള്‍ ഹറമുകള്‍ ലക്ഷ്യമാക്കി നീങ്ങിയതോടെ ഇരുഹറമുകളും ജനസാഗരമായി.

Published

|

Last Updated

മക്ക/മദീന | പുണ്യ റമസാന്‍ മാസത്തില്‍ മഗ്ഫിറത്തിന്റെ (പൊറുത്ത് നല്‍കല്‍) പത്തിലേക്ക് പ്രവേശിച്ചതോടെ മക്കയിലെ മസ്ജിദുല്‍ ഹറാം പള്ളിയും പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയും റമസാനിലെ രണ്ടാം വെള്ളിയാഴ്ചയിലെ ജുമുഅ നിസ്‌കാരത്തിനെത്തിയ വിശ്വാസികളെ കൊണ്ട് നിറഞ്ഞു.

സുബ്ഹി നിസ്‌കാരത്തിനു മുമ്പുതന്നെ ഇരുഹറമുകളിലും ഇത്തവണ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. സ്വദേശികളും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ ഉംറ തീര്‍ഥാടകരും രാവിലെ മുതല്‍ തന്നെ ഹറം ലക്ഷ്യമാക്കി നീങ്ങിയതോടെ മസ്ജിദുല്‍ ഹറം വിശ്വാസ സാഗരമായി. ജുമുഅ നിസ്‌കാരം കഴിഞ്ഞ് വിശ്വാസികള്‍ കൂട്ടമായി പുറത്തിറങ്ങിയതോടെ വലിയ തിരക്കായിരുന്നു ഹറമില്‍ അനുഭവപ്പെട്ടത്. നിസ്‌കാരത്തിനെത്തിയവരുടെ നീണ്ട നിരകൊണ്ട് ഹറം പള്ളിയുടെ മുറ്റങ്ങളും മേല്‍ക്കൂരയും നിറഞ്ഞു. ആളുകളെ ഉള്‍ക്കൊള്ളാനാകാതെ ഹറമിന് സമീപത്തെ റോഡുകളും വിശ്വാസികളാല്‍ നിറഞ്ഞു.

ഹറം സുരക്ഷാ ഉദ്യോഗസ്ഥര്‍ ബാരിക്കേഡുകള്‍ വെച്ചാണ് തിരക്ക് നിയന്ത്രിച്ചത്. മക്കയില്‍ വലിയ ചൂടും തണുപ്പുമില്ലാത്ത മിതമായ കാലാവസ്ഥയായിരുന്നു രേഖപ്പെടുത്തിയത്. ഇത് കനത്ത തിരക്കില്‍ ഏറെ ആശ്വാസം നല്‍കുന്നതായിരുന്നു. ഇരുഹറമുകളിലും തീര്‍ഥാടകരുടെ നീക്കങ്ങള്‍ ഹെലികോപ്റ്ററുകള്‍ വഴിയാണ് നിരീക്ഷിച്ചു വരുന്നത്. റമസാന്റെ രണ്ടാം പത്തിലേക്ക് പ്രവേശിച്ചതോടെ ഇനിയുള്ള ദിനരാത്രങ്ങളില്‍ ഹറമിലെത്തുന്ന വിശ്വാസികളുടെ എണ്ണം ഇനിയും വര്‍ധിക്കും. വിശ്വാസികളുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ഇരുഹറം കാര്യാലയ മന്ത്രാലയം നടപ്പിലാക്കി വരുന്നത്.

ജുമുഅ ഖുത്വുബക്കും നിസ്‌കാരത്തിനും മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ഇരുഹറം കാര്യാലയ മേധാവിയും ഹറം ഇമാമുമായ ഡോ. അബ്ദുര്‍റഹ്മാന്‍ അല്‍-സുദൈസ് നേതൃത്വം നല്‍കി. ‘റമസാന്‍ ഔദാര്യത്തിന്റെയും വിജയത്തിന്റെയും മാസമാണ്. അതിനാല്‍ അലസത ഒഴിവാക്കി ഇബാദത്തുകള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കണം. രാത്രികാലങ്ങളില്‍ ഇബാദത്തുകള്‍ വര്‍ധിപ്പിച്ച് അല്ലാഹുവിലേക്ക് അടുക്കുവാനുള്ള അവസരമാണ്. സത്കര്‍മങ്ങളില്‍ മത്സരിക്കുന്നതില്‍ ഈ മാസം നല്‍കുന്ന മഹത്തായ പാഠങ്ങള്‍ കണക്കിലെടുത്ത് സ്വയം ചിന്തിക്കാനും സ്വന്തം പ്രവൃത്തികളില്‍ മാറ്റം വരുത്തി, അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതകളും ഒഴിവാക്കാനുമുള്ള സുവര്‍ണാവസരമാണ് പുണ്യ റമസാന്‍ ദിനങ്ങളെന്നും അദ്ദേഹം ഖുത്വുബയില്‍ ഉണര്‍ത്തി.

പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയില്‍ ശൈഖ് ഡോ. അലി അല്‍-ഹുതൈഫി ജുമുഅ ഖുത്വുബക്കും നിസ്‌കാരത്തിനും നേതൃത്വം നല്‍കി. അന്ത്യപ്രവാചകരുടെ പാത പിന്‍പറ്റി പുണ്യദിനങ്ങളില്‍ ഇബാദത്തില്‍ മുഴുകണം. സകാത്ത് പിശുക്കില്‍ നിന്നും ഹൃദയത്തെ ശുദ്ധീകരിക്കുന്നു. പിശുക്ക് ഹൃദയത്തെ ബാധിക്കുന്ന ഏറ്റവും അപകടകരമായ രോഗങ്ങളില്‍ പെട്ടതാണ്. അത് നാശത്തിന് കാരണമാകുന്നു. സകാത്തിനെ അവഗണിക്കുന്നവരുടെ സമ്പത്ത് ഇഹത്തിലും പരത്തിലുമല്ല ശിക്ഷക്ക് കാരണമായി തീരും.

ഓരോ മുസ്‌ലിമും തന്റെ മനസ്സാക്ഷിയെ ശുദ്ധീകരിക്കുന്നതിനും സമ്പത്ത് ഉപദ്രവങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനും സകാത്തിനെക്കുറിച്ചുള്ള കാര്യങ്ങള്‍ പണ്ഡിതന്മാരോട് ചോദിച്ച് വിശദീകരണം തേടണമെന്നും അല്‍-ഹുതൈഫി പ്രവാചക പള്ളിയില്‍ നടത്തിയ തന്റെ വെള്ളിയാഴ്ച പ്രഭാഷണത്തില്‍ ഉണര്‍ത്തി. അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച് സകാത്ത് നല്‍കിയാല്‍ അദ്ദേഹത്തിന്റെ സമ്പത്ത് നശിപ്പിക്കപ്പെടുന്നതില്‍ നിന്ന് സംരക്ഷണം ലഭിക്കുകയും ദരിദ്രരില്‍ നിന്നുള്ള സ്‌നേഹം ലഭിക്കുകയും പാവപ്പെട്ടവന്റെ പ്രാര്‍ഥനയില്‍ ഇടം നേടുകയും ചെയ്യും. സകാത്ത് സമൂഹത്തില്‍ നിന്ന് നീരസം, വിദ്വേഷം, പക എന്നിവ നീക്കം ചെയ്യുകയും സമൂഹത്തില്‍ കാരുണ്യം, സംയോജനം, സഹകരണം, ഐക്യദാര്‍ഢ്യം, സ്‌നേഹം എന്നിവ പ്രചരിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

ആദ്യ പത്തില്‍ പ്രവാചക നഗരിയിലെത്തിയത് 97,05,341 പേര്‍
പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയില്‍ വിശുദ്ധ റമസാനിലെ ആദ്യ പത്ത് ദിനങ്ങളില്‍ 97,05,341 പേര്‍ നിസ്‌കാരം നിര്‍വഹിച്ചതായി ഇരുഹറം കാര്യാലയ മന്ത്രാലയം അറിയിച്ചു. വിശ്വാസികളുടെ വന്‍തോതിലുള്ള ഒഴുക്കിനെ നേരിടാന്‍ വിപുലമായ ഒരുക്കങ്ങളും തടസ്സമില്ലാത്ത ക്രമീകരണങ്ങളും സന്ദര്‍ശകര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങളുമായിരുന്നു ഈ വര്‍ഷം ഒരുക്കിയിരുന്നത്.

നഗരിയിലെത്തുന്നവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുകയും കര്‍മങ്ങള്‍ സുഗമമായി നിര്‍വഹിക്കാനുള്ള അവസരമൊരുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, റമസാനിലെ അവസാനത്തെ പത്ത് ദിവസങ്ങളിലേക്കുള്ള ഇഹ്തികാഫ് ബുക്കിംഗ് ഇതിനകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇഅ്തികാഫിന് അനുവദിച്ചിട്ടുള്ള സ്ലോട്ടുകളുടെ എണ്ണം പൂര്‍ത്തിയാകുമ്പോള്‍ രജിസ്‌ട്രേഷന്‍ അവസാനിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

 

സിറാജ് പ്രതിനിധി, ദമാം